കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; അന്തിമവാദം ഇന്ന് ആരംഭിക്കും; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം; നടൻ ദിലീപ് ഉൾപ്പെടെ 9 പേരാണ് കേസിൽ പ്രതികൾ
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പേരാണ് കേസില്‍ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടിയെ അതിക്രൂരമായി ആക്രമിച്ചത്. 2018 മാര്‍ച്ചില്‍ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ്, വര്‍ഷങ്ങള്‍ക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്.
കേസില്‍ സാക്ഷിവിസ്താരം ഒന്നരമാസം മുമ്പ് പൂര്‍ത്തിയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ തെളിവുകളുമായി ബന്ധപ്പെട്ട് അന്തിമവാദത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ഒരു മാസത്തിനകം അന്തിമവാദത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനാണ് സാധ്യത.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിന്റെ വിധി പ്രസ്താവത്തിനായി രണ്ടര മാസത്തോളം കാത്തിരിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്ന് ആരംഭിക്കുന്ന പ്രോസിക്യൂഷന്‍ വാദം തന്നെ രണ്ടാഴ്ച നീണ്ടുനില്‍ക്കാനാണ് സാധ്യത. ഇതിനിടെ വെക്കേഷന്‍ ഉള്‍പ്പെടെയുള്ളതിനാല്‍ തുടര്‍ച്ചയായ വാദങ്ങള്‍ക്ക് സാധ്യതയില്ല. ഇങ്ങനെകുമ്പോള്‍ വിധി ഫെബ്രുവരിയോടുകൂടിയാകും ഉണ്ടാകുക.