മാണിസാറിന് നാട് വിട നൽകി: വിലാപയാത്ര കൊച്ചിയിൽ നിന്നും ആരംഭിച്ചു; ജില്ലയിൽ നാലിടത്ത് പൊതുദർശനം

സ്വന്തം ലേഖകൻ

കോട്ടയം: കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത് പതിനായിരങ്ങൾ. എറണാകുളത്തെ ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും മുൻ നിശ്ചയിച്ചതിൽ നിന്നും മൂന്നു മണിക്കൂർ വൈകിയാണ് വിലാപയാത്ര ആരംഭിച്ചിരിക്കുന്നത്. റോഡിന്റെ ഇരുവശവും ആയിരക്കണക്കിന് പ്രവർത്തകരാണ് കാത്തു നിൽക്കുന്നത്. മൂൻ നിശ്ചയിച്ചതിൽ നിന്നു വിരുദ്ധമായി എറണാകുളത്തു നിന്നുമുള്ള വഴിയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് കാത്തു നിൽക്കുന്നത്. അതുകൊണ്ടു തന്നെ വിലാപയാത്ര ഏറെ വൈകുമെന്നു ഉറപ്പാണ്.
പന്ത്രണ്ട് മണിയോടെ മാത്രമാണ് എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ നിന്നും വിലാപ യാത്ര പുറപ്പെട്ടത്. നേരത്തെ 12 ന് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ വിലാപ യാത്ര എത്തച്ചേരുമെന്നും അരമണിക്കൂർ പൊതുദർശനത്തിന് വയ്ക്കുമെന്നുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, വിലാപ യാത്ര വൈകിയതോടെ വൈകിട്ട് മൂന്നു മണിയോടെ മാത്രമേ വിലാപ യാത്ര എത്തിച്ചേരൂ എന്നാണ് ലഭിക്കുന്ന സൂചന.
എറണാകുളത്തു നിന്നും വിലാപ യാത്ര കടന്നു വരുമ്പോൾ, വൈക്കത്തും, തലയോലപ്പറമ്പിലും, കടുത്തുരുത്തിയിലും, ഏറ്റുമാനൂരിലും നൂറുകണക്കിന് ആളുകളാണ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ കാത്തു നിൽക്കുന്നത്. കോട്ടയത്ത് പാർട്ടി ഓഫിസിൽ മുൻ സ്പീക്കർ എൻ.ശക്തന്റെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ രാവിലെ മുതൽ തന്നെ കാത്തു നിൽക്കുന്നുണ്ട്. തിരുനക്കര മൈതാനത്തും നൂറുകണക്കിന് പ്രവർത്തകരാണ് മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാനായി നിൽക്കുന്നത്.
കോട്ടയത്ത് തിരുനക്കര മൈതാനത്തെയും, പാർട്ടി ഓഫിസിലെയും പൊതുദർശനത്തിന് ശേഷം കെ.എം മാണിയുടെ വസതിയായ മരങ്ങാട്ടുപള്ളിയിൽ പൊതുദർശനത്തിന് വയ്ക്കും, തുടർന്ന് പാലാ നഗരസഭ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിനായി വയ്ക്കും. ഇവിടെ നിന്നും പാലായിലെ വസതിയിൽ എത്തിക്കും. തുടർന്ന് വ്യാഴാഴ്ച മൃതദേഹം പാലാ കത്തീഡ്രൽ പള്ളിയിൽ സംസ്‌കരിക്കും.