play-sharp-fill
പി.വി അൻവർ കുലംകുത്തിയും വർഗവഞ്ചകനുമായും മാറും, കൊള്ളരുതാത്തവനും മോശക്കാരനും ആക്കും, പിണറായി വിജയന് അപ്പുറം ആരും സി.പി.എമ്മിൽ ഉണ്ടാകരുതെന്ന ധാരണയാണ് അൻവർ പറഞ്ഞുവെക്കുന്നത്, 13 വർഷം മുമ്പ് ചന്ദ്രശേഖരൻ പറഞ്ഞത് അൻവർ ആവർത്തിച്ചുവെന്ന് കെ.കെ രമ

പി.വി അൻവർ കുലംകുത്തിയും വർഗവഞ്ചകനുമായും മാറും, കൊള്ളരുതാത്തവനും മോശക്കാരനും ആക്കും, പിണറായി വിജയന് അപ്പുറം ആരും സി.പി.എമ്മിൽ ഉണ്ടാകരുതെന്ന ധാരണയാണ് അൻവർ പറഞ്ഞുവെക്കുന്നത്, 13 വർഷം മുമ്പ് ചന്ദ്രശേഖരൻ പറഞ്ഞത് അൻവർ ആവർത്തിച്ചുവെന്ന് കെ.കെ രമ

വടകര: പി.വി അൻവർ കുലംകുത്തിയും വർഗവഞ്ചകനുമായും ഇനി മാറുമെന്ന് ആർ.എം.പി നേതാവ് കെ.കെ രമ എം.എൽ.എ. പാർട്ടി ഒന്നടങ്കം അൻവറിനെതിരെ തിരിയും. അൻവർ ഏറ്റവും കൊള്ളരുതാത്തവനും മോശക്കാരനും ആക്കും. പിണറായി വിജയന് അപ്പുറം ആരും സി.പി.എമ്മിൽ ഉണ്ടാകരുതെന്ന ധാരണയാണ് അൻവർ പറഞ്ഞുവെക്കുന്നത്. അത് പാർട്ടിയുടെയും ഭരണത്തിന്‍റെയും ദുഷിച്ചുനാറലാണെന്നും കെ.കെ രമ വ്യക്തമാക്കി.

സി.പി.എമ്മിന്‍റെ വഴിപിഴച്ച നയങ്ങൾക്കെതിരെ, നേതൃത്വത്തിന്‍റെ തെറ്റായ നിലുപാടുകൾക്കെതിരെ സംസാരിച്ചതിനാണ് ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊലപ്പെടുത്തിയത്. പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടന്ന ആസൂത്രണമാണത്.

അതേ പിണറായിക്കെതിരെ സ്വന്തം എം.എൽ.എ തന്നെ ഗുരുതര ആരോപണം ഉന്നയിക്കുകയാണ്. കള്ളനെന്നും മുഖ്യമന്ത്രി പദത്തിന് യോജിച്ച ആളല്ലെന്നും അൻവർ പറയുന്നു. ഇതിലപ്പുറം പിണറായിയുടെ മുഖത്ത് നോക്കി പറയാൻ വേറൊരാൾക്കും ധൈര്യമില്ല. സി.പി.എമ്മിലെ വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ അൻവറിനുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എമ്മിലും ഭരണത്തിലും നടക്കുന്ന വലിയ തോതിലുള്ള ചീഞ്ഞുനാറലാണ് പുറത്തേക്ക് അൻവറിലൂടെ പൊട്ടിയൊഴുകിയത്. ഈ സമൂഹത്തിൽ ചർച്ച ചെയ്ത വിഷയങ്ങളാണ് അൻവർ പറഞ്ഞത്. ടി.പി ചന്ദ്രശേഖരനെ പോലുള്ളവർ ഈ വിഷയങ്ങളാണ് പറഞ്ഞിരുന്നത്. സി.പി.എം നേതൃത്വം കച്ചവട കേന്ദ്രമായും മാഫിയയായും മാറുന്നു.

കമ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്ന് വ്യതിചലിച്ച് പോയിരിക്കുന്നു. അത് കമ്യൂണിസ്റ്റ് പാർട്ടിയല്ലെന്ന് 13 വർഷം മുമ്പ് ചന്ദ്രശേഖരൻ പറഞ്ഞതാണ്. ചന്ദ്രശേഖരൻ പറഞ്ഞത് അൻവറിലൂടെ ആവർത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഗൗരവമുള്ള വിഷയമാണിത്. ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കാൻ പിണറായി വിജയൻ യോഗ്യനല്ല.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്ന് പറഞ്ഞാൽ പാർട്ടിയാണ്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പാർട്ടിയാണ് ഭരണത്തെ നിയന്ത്രിക്കുന്നത്. പാർട്ടിക്കെതിരെയാണ് വളരെ കൃത്യമായി അൻവർ വിരൽ ചൂണ്ടുന്നതെന്നും കെ.കെ. രമ മാധ്യമങ്ങളോട് പറഞ്ഞു.