കിഴക്കമ്പലം ആക്രമണം;  പൊലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്ന് എഫ് ഐ. ആർ; 162 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; സർക്കാരിന് പന്ത്രണ്ട് ലക്ഷത്തിന്റെ നഷ്ടം

കിഴക്കമ്പലം ആക്രമണം; പൊലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമിച്ചതെന്ന് എഫ് ഐ. ആർ; 162 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി; സർക്കാരിന് പന്ത്രണ്ട് ലക്ഷത്തിന്റെ നഷ്ടം

സ്വന്തം ലേഖകൻ
കൊച്ചി: ക്രിസ്മസ് ദിനം രാത്രി കിഴക്കമ്പലത്ത് സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ പോലീസുകാരെ കൊല്ലാന്‍ അതിഥി തൊഴിലാളികള്‍ ഉറപ്പിച്ചിരുന്നുവെന്ന് എഫ്.ഐ.ആര്‍. പോലീസുകാരെ വധിക്കാന്‍ 50-ല്‍ അധികം വരുന്ന അതിഥി തൊഴിലാളികള്‍ ഒത്തുകൂടി.

എസ്.എച്ച്.ഒ ഉള്‍പ്പെടെയുള്ള പോലീസുകാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കല്ലുകളും മരവടികളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്.

ജീപ്പിനുള്ളിലിരുന്ന പോലീസുകാരെ പുറത്തിറങ്ങാന്‍ കഴിയാത്ത വിധം വാതില്‍ ചവിട്ടിപ്പിടിച്ച ശേഷം വാഹനത്തിന് തീയിടുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചും വടികൊണ്ട് സംഘം ചേര്‍ന്ന് ഗുരുതരമായി പരിക്കേല്‍പ്പിച്ചുമാണ് ആക്രമിച്ചത്. ചികിത്സയില്‍ കഴിയുന്ന പോലീസുകാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്.ഐ.ആര്‍ ഇട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെ നടത്തേണ്ടി വന്നു.

162 പേരുടെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 156 പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ 24 പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പിന്നീട് നടത്തിയ തിരിച്ചറിയല്‍ പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷം 26 പേരുടെ അറസ്റ്റ് കൂടി തിങ്കളാഴ്ച രാവിലെയും രേഖപ്പെടുത്തി. അൽപ്പസമയത്തിനുള്ളിൽ പ്രതികളെ കോടതിയിൽ ഹാജരാക്കും.

സംഘർഷം തടയാനെത്തിയ സിഐ അടക്കമുള്ള പൊലീസുകാരെ കൊലപ്പെടുത്തുകയായിരുന്നു അക്രമികളുടെ ഉദ്ദേശമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. കല്ല്, മരവടി, മാരകയുധങ്ങൾ എന്നിവ ഉപയോഗിച്ച് എസ്എച്ച് ഒയെ അടക്കം ആക്രമിച്ചു.

പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും സംഘത്തിലുള്ളവർ തയ്യാറായില്ല. പൊലീസ് ഉദ്യോഗസ്ഥൻ സാജനെ വധിക്കാൻ ശ്രമിച്ചത് അൻപതിലേറെ പേരുടെ സംഘമാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസും അറസ്റ്റും. പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പൊലീസ് പറയുന്നു. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ദൃശ്യങ്ങള്‍, സംഭവം നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് കൂടുതലാളുകളെ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടോയെന്നും ആരെങ്കിലും ഒളിവില്‍ പോയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പെരുമ്പാവൂര്‍ എ.എസ്.പിയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. അതോടൊപ്പം തന്നെ പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നോ, ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരി പദാര്‍ത്ഥങ്ങള്‍ കിട്ടുന്നത് തുടങ്ങിയ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്.