പൂരനഗരിയിൽ പോരാട്ടത്തിന്റെ ചെങ്കൊടിയേറി..! കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിന്‌ തൃശൂരിൽ തുടക്കം; പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത് ജനറൽ സെക്രട്ടറി ഹന്നന്‍ മൊള്ള; കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ദീപശിഖ തെളിച്ചു

പൂരനഗരിയിൽ പോരാട്ടത്തിന്റെ ചെങ്കൊടിയേറി..! കിസാൻസഭ അഖിലേന്ത്യ സമ്മേളനത്തിന്‌ തൃശൂരിൽ തുടക്കം; പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത് ജനറൽ സെക്രട്ടറി ഹന്നന്‍ മൊള്ള; കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ ദീപശിഖ തെളിച്ചു

സ്വന്തം ലേഖകൻ

തൃശ്ശൂർ: കർഷകപോരാട്ടത്തിന്റെ വീര്യവുമായി കിസാൻസഭ 35–-ാം അഖിലേന്ത്യാ സമ്മേളനത്തിന്‌ തൃശൂരിൽ ചെങ്കൊടി ഉയർന്നു. പൊതുസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഇ പി ജയരാജൻ ദീപശിഖ തെളിച്ചു. സംഘാടകസമിതി ചെയർമാൻ കെ രാധാകൃഷ്‌ണൻ പതാക ഉയർത്തി.

പോരാട്ടഭൂമികളായ തെലങ്കാന, കീഴ്‌വെൺമണി എന്നിവിടങ്ങളിൽനിന്ന്‌ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറി ഡോ. വിജുകൃഷ്‌ണൻ, ട്രഷറർ പി കൃഷ്‌ണപ്രസാദ്‌ എന്നിവർ നയിച്ച ദീപശിഖാ ജാഥയ്‌ക്കും പുന്നപ്ര –-വയലാറിൽനിന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ നയിച്ച പതാകജാഥയ്‌ക്കും കയ്യൂരിൽനിന്ന്‌ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി നയിച്ച കൊടിമര ജാഥയ്‌ക്കും ജില്ലാ അതിർത്തികളിൽ വൻവരവേൽപ്പ്‌ നൽകി. ബൈക്കിൽ ചെങ്കൊടിയുമായി വളന്റിയർമാർ അണിനിരന്നു. അത്‌ലറ്റുകളും ബാൻഡ്‌ വാദ്യവും അകമ്പടിയായി. മൂന്നു ജാഥയും ശക്തൻനഗറിൽ സംഗമിച്ച്‌ മഹാജനപ്രവാഹമായി പൊതുസമ്മേളന നഗരിയിലേക്കെത്തി. പതാക ബേബിജോണും ദീപശിഖ എം എം വർഗീസും കൊടിമരം എം കെ കണ്ണനും ഏറ്റുവാങ്ങി. അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള, സംഘാടകസമിതി ജനറൽ കൺവീനർ എ സി മൊയ്‌തീൻ തുടങ്ങിയ നേതാക്കളുമടക്കം ആയിരങ്ങൾ സാക്ഷിയായി. പൂരനഗരിയുടെ പെരുമയുമായി പെരിങ്ങോട്‌ ചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പഞ്ചവാദ്യം വാദ്യവിരുന്നായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുദിവസത്തെ പ്രതിനിധി സമ്മേളനം ചൊവ്വാഴ്‌ച കെ വരദരാജൻ നഗറിൽ (പുഴയ്‌ക്കൽ ലുലു കൺവൻഷൻ സെന്റർ) ജനറൽ സെക്രട്ടറി ഹന്നൻമൊള്ള ഉദ്‌ഘാടനം ചെയ്യും. വിദേശത്തുനിന്നുള്ളവരുൾപ്പെടെ 803 പ്രതിനിധികൾ പങ്കെടുക്കും. 16ന്‌ വൈകിട്ട്‌ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.