അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്

അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്

മാവേലിക്കര: നൂറനാട് പുലിമേല്‍ കാഞ്ഞിരവിള വീട്ടില്‍ ഭാസ്കരനെ (73) കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്.

അയല്‍വാസി കൂടിയായിരുന്ന പുലിമേല്‍ തുണ്ടില്‍ ശ്യാംസുന്ദറിന് (30) ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളില്‍ പിഴക്കും ശിക്ഷിച്ച്‌ മാവേലിക്കര അഡീ. ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി വി ജി ശ്രീദേവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതിക്രമിച്ചു കടക്കല്‍ (447), അന്യായമായി തടഞ്ഞുവെക്കല്‍ (341), അസഭ്യം പറയല്‍ (294-ബി), ദേഹോപദ്രവം ഏല്‍പ്പിക്കല്‍ (324), വധശ്രമം (307), കൊലപാതകം (302) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.

447 പ്രകാരം മൂന്നുമാസം തടവും അഞ്ഞൂറു രൂപ പിഴയും. പിഴത്തുക അടച്ചില്ലെങ്കില്‍ 10 ദിവസം അധിക തടവ്. 341 പ്രകാരം ഒരുമാസം തടവും അഞ്ഞൂറു രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ 10 ദിവസം അധിക തടവ്. 307 പ്രകാരം ഏഴു വർഷം തടവും 50000 രൂപ പിഴയും. പിഴത്തുക അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ്. 302 പ്രകാരം ജീവപര്യന്തം തടവും ഒരുലക്ഷം പിഴയും. പിഴത്തുക അടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവ്. പിഴത്തുകയില്‍ ഒന്നരലക്ഷം രൂപ ഭാസ്കരന്റെ ഭാര്യ ശാന്തമ്മക്ക് നല്‍കണം. വിധി കേള്‍ക്കാൻ ഭാസ്കരന്റെ ഭാര്യ ശാന്തമ്മയും മകള്‍ ഗീതാകുമാരിയും കോടതിയില്‍ എത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 മാർച്ച്‌ 14 ന് രാവിലെ 9.45 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടുവളപ്പിലെ അലക്കുകല്ലില്‍ പല്ലുതേച്ച്‌ കൊണ്ടിരിക്കുകയായിരുന്ന ഭാസ്കരനെ, പിന്നിലൂടെ വന്ന പ്രതി അലക്കുകല്ലില്‍ ചാടിക്കയറി അസഭ്യം പറഞ്ഞു. ഭാസ്കരന്റെ തോളില്‍ കിടന്ന തോർത്തെടുത്ത് കഴുത്തില്‍ ചുറ്റി രണ്ടറ്റവും ബലമായി കൂട്ടിപ്പിടിച്ച്‌ പിന്നിലേക്ക് വലിക്കുകയായിരുന്നു. തുടർന്ന് കയ്യില്‍ കരുതിയ കത്തികൊണ്ട് കഴുത്തില്‍ തൊണ്ടക്കുഴി ഭാഗത്തു നിന്നും വലത് ചെവിയുടെ പിന്നില്‍ വരെ എത്തുന്ന നീളത്തില്‍ ആഴത്തില്‍ കഴുത്തറുത്തു. തടയാൻ ശ്രമിച്ച ഭാസ്കരന്റെ ഭാര്യ ശാന്തമ്മയെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചു. ഇവരുടെ ഇടതുകൈക്കും തലക്കും വെട്ടേറ്റു. ശാന്ത ഓടിരക്ഷപ്പെടുകയായിരുന്നു.

നൂറനാട് പഞ്ചായത്തില്‍ അന്നത്തെ അംഗമായിരുന്ന ഗിരിജ മോഹനൻ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ സ്ഥലത്തെത്തിയ നൂറനാട് എസ്‌ഐ വി ബിജുവും സിപിഒ ഷൈബുവും ചേർന്ന് പ്രതിയെ കീഴ്പ്പെടുത്തി. തൊട്ടുപിന്നാലെയെത്തിയ പൊലീസ് വാഹനത്തില്‍ ഭാസ്കരനെയും ശാന്തമ്മയെയും ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭാസ്കരൻ മരിച്ചു. അറുപത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമർപ്പിച്ചു. വി ബിജു ഇപ്പോള്‍ റാന്നി പെരിനാട് സിഐ ആണ്. ഭാസ്കരന്റെ ഭാര്യ ശാന്തയും മരുമകള്‍ ജയപ്രഭയും അടക്കം 23 സാക്ഷികളെ പ്രോസിക്യൂഷൻ ഹജരാക്കി. ഏഴു തൊണ്ടിമുതലുകളും 39 രേഖകളും കോടതിയിലെത്തിച്ചു.

പ്രതിക്ക് മാനസികരോഗമുണ്ടെന്ന വാദം പ്രതിഭാഗം ഉയർത്തിയപ്പോള്‍ സംഭവത്തിന് കുറച്ചുനാള്‍ മുമ്ബു വരെ ഒരു ഇരുചക്ര വാഹന ഷോറൂമില്‍ പ്രതി ജോലിചെയ്തിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് എതിർത്തതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റ് അടക്കം അഞ്ചു പേർ പ്രതിഭാഗം സാക്ഷികളായി. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ്കുമാറും മുൻ ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ പി സന്തോഷും ഹാജരായി.