ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിൽ ഉറപ്പിച്ച ചേട്ടന്റെ വിവാഹം മുടങ്ങി; ‘ചോര വന്നിട്ടും എസ്.ഐ അടി നിര്‍ത്തിയില്ല; മജിസ്ട്രേറ്റിനോട് പറഞ്ഞാല്‍ ജീവിതം തുലക്കുമെന്ന് ഭീഷണി’; കാക്കിയിട്ട ക്രൂരന്മാർ; കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ നടന്നത് കൊടുംക്രൂരത….!
സ്വന്തം ലേഖിക
കൊല്ലം; സൈനികനും സഹോദരനും കൊല്ലം കിളികൊല്ലൂര്‍ സ്റ്റേഷനിലെ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന സംഭവം പൊലീസിന്റെ നാടകമാണെന്ന് തെളിഞ്ഞു.
യാഥാര്‍ഥ്യം പുറത്തായതോടെ കിളികൊല്ലൂര്‍ എസ്.ഐ എ.പി. അനീഷ്, സീനിയര്‍ സി.പി.ഒമാരായ ആര്‍. പ്രകാശ് ചന്ദ്രന്‍, വി.ആര്‍.ദിലീപ് എന്നിവരെ കമ്മിഷണര്‍ ഇടപെട്ട് സ്ഥലം മാറ്റുകയും ചെയ്തു. സി.ഐക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മര്‍ദനമേറ്റവരുടെ വെളിപ്പെടുത്തല്‍.
പ്രതിരോധത്തിനിടയില്‍ സൈനികന്‍ നല്‍കിയ ഒരു അടിയേറ്റാണ് എ.എസ്.ഐ പ്രകാശ് ചന്ദ്രന്റെ കണ്ണിന് മുകളില്‍ പരിക്കേറ്റത്. മര്‍ദിച്ച് അവശനാക്കിയ ശേഷം കുടിക്കാന്‍ പോലും വെള്ളം തന്നില്ലെന്നാണ് സൈനികന്‍ വെളിപ്പെടുത്തിയത്.
കിളികൊല്ലൂര്‍ എസ്.ഐ എ.പി. അനീഷും മറ്റ് പൊലീസുകാരും ചേര്‍ന്ന് എം.ഡി.എം.എ കേസിലെ പ്രതിയായി തന്നെ ചിത്രീകരിച്ചു. തനിക്കെതിരെ ഇട്ടിരിക്കുന്ന എട്ട് സെക്ഷനില്‍ 5 എണ്ണം നോണ്‍ ബെയ്ലബിളാണ്. 12 ദിവസമാണ് തന്നെയും ചേട്ടനെയും കൊല്ലം ജില്ലാ ജയിലില്‍ ഇട്ടത്. മജിസ്ട്രേറ്റിനോട് വിവരം തുറന്നുപറഞ്ഞാല്‍ ജീവിതം തുലച്ചുകളയുമെന്നായിരുന്നു പൊലീസുകാരുടെ ഭീഷണി.
ഈ സംഭവം കൊണ്ട് ചേട്ടന്റെ കല്യാണം മുടങ്ങി. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ചേട്ടന്റെ വിവാഹം ഉറപ്പിച്ചത്. അതാണ് മുടങ്ങിപ്പോയത്.
തന്റെ കാല്‍ അടിച്ചുപൊട്ടിച്ചു, കൈയ്ക്ക് ശക്തമായ അടിയേറ്റതിനാല്‍ ഒരു സ്പൂണ്‍ പോലും പിടിക്കാനാവാത്ത അവസ്ഥയാണിപ്പോള്‍. ജയിലില്‍ നിന്ന് ഇറങ്ങിയത് എസ്.ഐ എ.പി. അനീഷിനെ കൊല്ലണമെന്ന മാനസികാവസ്ഥയിലാണ്. അത്രത്തോളമാണ് ശാരീരികമായി തന്നെ ഉപദ്രവിച്ചത്.
ലാത്തിയെടുത്ത് സ്റ്റേഷനുള്ളില്‍ ഓടിച്ചിട്ടാണ് തന്നെ മൃഗീയമായി മര്‍ദിച്ചത്. ചോര വന്നിട്ടും അടി നിര്‍ത്താന്‍ എസ്.ഐ തയ്യാറായില്ലെന്നും സൈനികന്‍ പറയുന്നു.
വസ്തുത മറച്ചുവച്ച് പൊലീസുകാര്‍ ഏറെ നാടകീയമായ തിരക്കഥ ചമച്ചാണ് സംഭവം മാദ്ധ്യമപ്രവര്‍ത്തകരോടടക്കം വിശദീകരിച്ചത്.
ജാമ്യത്തിലിറങ്ങിയ യുവാക്കള്‍ കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്പെഷ്യല്‍ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും സ്റ്റേഷനിലെ നിരീക്ഷണാ ക്യാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.