Spread the love

ഇന്ന് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നമാണ് മൂത്രക്കല്ല് അഥവാ കിഡ്‌നി സ്റ്റോണ്‍ .

video
play-sharp-fill

അസഹനീയമായ വേദന സമ്മാനിക്കുന്ന ഈ രോഗം ഒരിക്കല്‍ വന്നാല്‍ പത്തു വര്‍ഷത്തിനുള്ളില്‍ വീണ്ടും വരാനുള്ള സാധ്യത 50 ശതമാനത്തോളമാണെന്നാണ് കണക്കുകളും സൂചിപ്പിക്കുന്നത്.

കിഡ്‌നി സ്റ്റോണിനെ പ്രതിരോധിക്കാന്‍ സാധാരണയായി എല്ലാവരും നല്‍കുന്ന പ്രധാന ഉപദേശമാണ് ‘ധാരാളം വെള്ളം കുടിക്കുക’ എന്നത്. എന്നാല്‍ വെള്ളം കുടിക്കുന്നത് കൊണ്ട് മാത്രം ഈ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നാണ് അന്താരാഷ്ട്ര വൈദ്യശാസ്ത്ര മാസികയായ ‘ദ ലാന്‍സെറ്റില്‍’ (The Lancet) 2026ല്‍ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനം വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളം കുടിയല്ല, മൂത്രത്തിന്റെ അളവാണ് പ്രധാനം

1600 ലധികം ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍ പുറത്തു വന്നിരിക്കുന്നത്. ശരീരത്തിലെ ജലാംശം വര്‍ധിപ്പിച്ചത് കൊണ്ട് മാത്രം കിഡ്‌നി സ്റ്റോണ്‍ വീണ്ടും വരാനുള്ള സാധ്യത കുറയുന്നില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ പ്രസക്തമായത് കുടിക്കുന്ന വെള്ളത്തിന്റെ അളവല്ല, മറിച്ച് ശരീരം പുറന്തള്ളുന്ന മൂത്രത്തിന്റെ അളവാണ്. ഒരു ദിവസം കുറഞ്ഞത് 2.5 ലിറ്റര്‍ മൂത്രം ശരീരത്തില്‍ നിന്ന് പുറത്തുപോയാല്‍ മാത്രമേ കല്ലുകള്‍ ഉണ്ടാകുന്നത് ഫലപ്രദമായി തടയാന്‍ കഴിയൂ എന്നു വിദഗ്ധര്‍ പറയുന്നു.

ഭക്ഷണക്രമത്തിലെ മാറ്റം അനിവാര്യം

ശരീരത്തിലെ ജലാംശത്തിന്റെ കുറവ് മാത്രമല്ല കിഡ്‌നി സ്റ്റോണിന് കാരണമാകുന്നത്. ഭക്ഷണരീതിയിലും ജീവിതശൈലിയിലുമുള്ള അപാകതകള്‍ ഇതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

കാല്‍സ്യം, ഓക്‌സലേറ്റ്, യൂറിക് ആസിഡ് എന്നിവ മൂത്രത്തില്‍ അധികമായി സാന്ദ്രീകരിക്കപ്പെടുമ്പോഴാണ് അവ കല്ലുകളായി മാറുന്നത്. അതിനാല്‍ വെള്ളം കുടിക്കുന്നതിനൊപ്പം താഴെ പറയുന്ന മുന്‍കരുതലുകള്‍ കൂടി എടുക്കണമെന്ന് ‘അന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍’ നിര്‍ദേശിക്കുന്നു.

ഉപ്പിന്റെ ഉപയോഗം കുറയ്ക്കാം- ഭക്ഷണത്തില്‍ ഉപ്പ് അമിതമാകുന്നത് മൂത്രത്തിലൂടെ കാല്‍സ്യം കൂടുതല്‍ പുറന്തള്ളാന്‍ കാരണമാകും. ഇത് കല്ലുകള്‍ രൂപപ്പെടാനുള്ള സാഹചര്യം ഒരുക്കുന്നു.

കാല്‍സ്യം ഭക്ഷണത്തിലൂടെ- കാല്‍സ്യം ഗുളികകളായി കഴിക്കുന്നതിന് പകരം പാല്‍, തൈര് തുടങ്ങിയ പ്രകൃതിദത്ത ഭക്ഷണങ്ങളിലൂടെ ശരീരത്തിലെത്തിക്കുന്നത് കല്ലുകളെ പ്രതിരോധിക്കാന്‍ ഗുണകരമാണ്.

മാംസാഹാര നിയന്ത്രണം- മൃഗക്കൊഴുപ്പും പ്രോട്ടീനും അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍ മൂത്രത്തിലെ യൂറിക് ആസിഡ് വര്‍ധിപ്പിക്കും. ഇത് കിഡ്‌നി ആരോഗ്യത്തിന് നല്ലതല്ല.

ഓക്‌സലേറ്റ് നിയന്ത്രിക്കുക- ചീര, ബീറ്റ്‌റൂട്ട് തുടങ്ങിയ ഓക്‌സലേറ്റ് ധാരാളമായുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കണം.

എത്ര വെള്ളം കുടിക്കണം?

ദിവസവും കുടിക്കുന്ന ഗ്ലാസുകളുടെ എണ്ണം എണ്ണുന്നതിന് പകരം മൂത്രത്തിന്റെ നിറം ശ്രദ്ധിക്കുകയാണ് വേണ്ടത്. മൂത്രം തെളിഞ്ഞതോ നേരിയ മഞ്ഞനിറത്തോടു കൂടിയതോ ആണെങ്കില്‍ ശരീരത്തില്‍ ആവശ്യത്തിന് ജലാംശമുണ്ടെന്ന് മനസ്സിലാക്കാം.

ഇന്ത്യയെപ്പോലെ ചൂട് കൂടുതലുള്ള രാജ്യങ്ങളില്‍ വിയര്‍പ്പിലൂടെ ധാരാളം ജലം നഷ്ടപ്പെടുന്നതിനാല്‍, ഓരോരുത്തരുടെയും ശാരീരിക അധ്വാനത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് വെള്ളത്തിന്റെ അളവില്‍ മാറ്റം വരുത്തേണ്ടി വരും.