കോട്ടയം കടുത്തുരുത്തിയില്‍ പാലുവാങ്ങാന്‍ പോയ കുട്ടികളെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ പൊലീസ്
സ്വന്തം ലേഖിക
കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷന് – എസ്വിഡി റോഡില്‍ പാലുവാങ്ങാന്‍ പോയ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം.
കടുത്തുരുത്തി കലങ്ങോട്ടില്‍ മണിക്കുട്ടന്റെ ഒന്‍പതും, പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊട്ടുപോകാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാ ണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളുടെ ബഹളം കേട്ടു പാലു നല്കുന്ന നെയ്യത്തുംപറമ്പില്‍ സെബാസ്റ്റ്യന്‍ വീടിനു പുറത്തിറങ്ങി വന്നപ്പോഴേക്കും കാറിലെത്തിയവര്‍ രക്ഷപ്പെട്ടു. സില്‍വര്‍ കളറിലുള്ള ഫോര്‍ഡ് കാറില്‍ എത്തിയവരാണ് കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
യുവാവ് ഓടിച്ചിരുന്ന കാറിലുണ്ടായിരുന്ന പ്രായമുള്ള ആളാണ് തങ്ങളെ കാറില്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചതെന്ന് രക്ഷപ്പെട്ട കുട്ടികള്‍ പറഞ്ഞു. കടുത്തുരുത്തി എസ്എന്‍ഡിപി യൂണിയന് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ സിസിടിവി കാമറ നാട്ടുകാര്‍ പരിശോധിച്ചു.
സംഭവശേഷം മീനാക്ഷി കവലയിലെ കടയില്‍ എത്തി എസ്വിഡി ജംഗ്ഷന് സമീപമുള്ള ഒരാളുടെ അഡ്രസ് കാറില്‍ എത്തിയവര്‍ തിരക്കിയതായിട്ടുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ വിവരമറിയിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ സ്റ്റേഷനില്‍ എത്തി പരാതി നല്‍കാനാണ് പോലീസ് പറഞ്ഞതെന്ന് കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.