കെവിൻ കൊലക്കേസ് വിചാരണ നടപടികൾ തുടങ്ങുന്നു: ഫെബ്രുവരി ഏഴിന് കോടതിയിൽ വിചാരണ ആരംഭിക്കും; കുറ്റപത്രം വായിച്ച് കേൾപ്പിക്കും: കേസ് ആറു മാസത്തിനുള്ളിൽ തീർപ്പാക്കും

കെവിൻ കൊലക്കേസ് വിചാരണ നടപടികൾ തുടങ്ങുന്നു: ഫെബ്രുവരി ഏഴിന് കോടതിയിൽ വിചാരണ ആരംഭിക്കും; കുറ്റപത്രം വായിച്ച് കേൾപ്പിക്കും: കേസ് ആറു മാസത്തിനുള്ളിൽ തീർപ്പാക്കും

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻകൊലക്കേസിൽ ആറു മാസത്തിനുള്ളിൽ വിചാരണ നടപടികൾ തീർപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികൾ കോടതിയിൽ ആരംഭിച്ചു. ഫെബ്രുവരി ഏഴിന് കേസിന്റെ പ്രാഥമിക വാദം ആരംഭിക്കുന്നതിനും, കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിനുമുള്ള നടപടികളാവും ആരംഭിക്കുക. കേസിൽ ജാമ്യത്തിൽ കഴിയുന്നവർ അടക്കം പതിനാല് പ്രതികളും കോടതിയിൽ ഹാജരായി വിചാരണയെ ആദ്യ ദിവസം മുതൽ തന്നെ നേരിടേണമെന്നും കോടതി നിർദേശിക്കുന്നു. 
വിചാരണയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച കേസ് കേട്ട കോടതി വിചാരണ നടപടികൾ ഏഴിന് ആരംഭിക്കാൻ നിർദേശിക്കുകയായിരുന്നു. കുറ്റപത്രം പ്രതികളുടെ മേൽ ചുമത്തുന്നതിനുള്ള നടപടികളാണ് ഫെബ്രുവരി ഏഴിന് ആരംഭിക്കുന്നത്. 
ജില്ല അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി കെ.ജി. സനിൽകുമാറാണ് കേസ് കേൾക്കുന്നത്. കേസിലെ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനുമായ ഷാനു ചാക്കോയ്ക്ക് വേണ്ടി കേസിൽ പുതിയ അഭിഭാഷകനാണ് കോടതിയിൽ ഹാജരായത്. കേവിനെ തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി പൊലീസ് പിടിച്ചെടുത്തത് തിരികെ വിട്ടു നൽകണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇത് സംബന്ധിച്ചുള്ള വാദം ഇതുവരെയും പൂർത്തിയാക്കാൻ കോടതിയിൽ സാധിച്ചിട്ടില്ല. വാദം പൂർത്തിയാക്കിയ ശേഷം മാത്രമേ ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടാകൂ. 
2018 മേയ് 27നാണ് നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ (24) ഭാര്യ നീനുവിന്റെ സഹോദരനും ക്വട്ടേഷൻ സംഘവും ചേർന്ന് തട്ടിക്കൊണ്ടു കൊലപ്പെടുത്തി പുനലൂർ തെന്മല ചാലിയേക്കര തോട്ടിൽ തള്ളിയത്. കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസിൽ 186 സാക്ഷികളും 180 തെളിവ് പ്രമാണരേഖകളും അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.