കെവിൻ; കുറ്റകൃത്യം നടന്നതും വിധി വന്നതും ഒരേ 27ന്

കെവിൻ; കുറ്റകൃത്യം നടന്നതും വിധി വന്നതും ഒരേ 27ന്

സ്വന്തം ലേഖകൻ

കോട്ടയം: കെവിൻകേസിൽ കുറ്റകൃത്യം നടന്നതും വിധി വരുന്നതും ഒരു 27 ന്. പുനലൂരിൽ നിന്നും നീനുവിന്റെ ബന്ധുക്കളും സഹോദരനും അടങ്ങിയ അക്രമി സംഘം കോട്ടയത്ത് മാന്നാനത്ത് എത്തി കെവിനെ തട്ടിക്കൊണ്ടു പോയത് 2018 മേയ് 27 ന് പുലർച്ചെയായിരുന്നു. കേസിൽ പല തവണ മാറ്റി വച്ച വിധി വരുന്നത് 2019 ആഗസ്റ്റ് 27 ന്. യാദൃശ്ചികമായെങ്കിലും കെവിൻ കേസിൽ 27 എന്ന തീയതി നിർണ്ണായകമായി മാറുകയാണ്.
പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രൻ മുൻപാകെയാണ് കേസിന്റെ വിചാരണ നടക്കുന്നത്. 2019 ജൂലായിലാണ് കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കിയത്. 27 ന് വിചാരണ പൂർത്തിയാക്കിയ കോടതി 28 ന് എന്ന് വിധി പറയുമെന്ന് പ്രഖ്യാപിച്ചു. ആഗസ്്റ്റ് 14 ന് വിധി പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു ആദ്യത്തെ തീരുമാനം. ആഗസ്റ്റ് 14 ന് കേസ് പരിഗണിച്ച കോടതി സംഭവം ദുരഭിമാന കൊലപാതകമാണെന്നു ഉറപ്പിക്കുന്നതിനുള്ള വാദം കേട്ടു. പ്രോസിക്യൂഷനും പ്രതിഭാഗവും തങ്ങളുടെ വാദങ്ങൾ കോടതിയിൽ നിരത്തി. തുടർന്ന് കേസ് വിധി പറയുന്നതിനായി 22 ലേയ്ക്ക് മാറ്റി വച്ചു. 22 ന് കേസ് പരിഗണിച്ച കോടതി കെവിന്റെ കാമുകി നീനുവിന്റെ പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ അടക്കം അഞ്ചു പ്രതികളെ വിട്ടയച്ചു. കേസിലെ പത്തു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി കേസ് വീണ്ടും 24 ലേയ്ക്ക് മാറ്റി. 24 ന് കേസിലെ പത്തു പ്രതികൾക്കും പറയാനുള്ളത് കേൾക്കാനാണ് കോടതി സമയം നൽകിയത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ പ്രതികളുടെ പ്രായവും സമൂഹത്തിലെ സ്ഥാനവും മുൻപ് കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടില്ലെന്നതും പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.