വിശ്വാസ്യത നഷ്ടപ്പെട്ടു: കെ. സുരേന്ദ്രൻ രാജി വെക്കണമെന്ന് ബി.ജെ.പി ഭാരവാഹി യോഗത്തിൽ ആവശ്യം

വിശ്വാസ്യത നഷ്ടപ്പെട്ടു: കെ. സുരേന്ദ്രൻ രാജി വെക്കണമെന്ന് ബി.ജെ.പി ഭാരവാഹി യോഗത്തിൽ ആവശ്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് ഭാരവാഹികൾ. നിലവിലുള്ള നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാൽ അധ്യക്ഷൻ രാജി വെക്കണമെന്നുമാണ് ആവശ്യം.

പ്രാദേശിക തലത്തില്‍ പ്രവര്‍ത്തകരെയും പാര്‍ട്ടിയെയും ശക്തിപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി സ്വീകരിക്കണം. ബൂത്ത് തലത്തിലടക്കം പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന്‍റെ ഭാഗമായി സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെ ഭാരവാഹികളുടെ മാറ്റം അനിവാര്യമാണെന്നും യോഗത്തില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാജയത്തിന്‍റെ ധാര്‍മ്മിക ഉത്തരവാദിത്വം സുരേന്ദ്രന്‍ ഏറ്റെടുക്കണം. കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ മുരടിച്ചെന്നും വിമര്‍ശനമുയര്‍ന്നു. പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷമാണ് പരോക്ഷമായി രാജി ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് പരാജയം മാത്രമല്ല, കൊടകര കുഴല്‍പ്പണക്കേസ്, സി.കെ ജാനുവിന് പണം നല്‍കിയ സംഭവം, ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരക്ക് പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയത് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായേക്കും.

എന്നാൽ, അച്ചടക്കം വേണം പാർട്ടിയിലെന്ന മുന്നറിയിപ്പുമായാണ് കെ. സുരേന്ദ്രൻ ആമുഖപ്രസംഗം നടത്തിയത്. പാർട്ടി അച്ചടക്കം മർമപ്രധാനമെന്നും കോൺഗ്രസല്ല ബി.ജെ.പിയെന്നും അംഗങ്ങളോട് പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. കോര്‍ക്കമ്മിറ്റി യോഗം ചേര്‍ന്നതിനു ശേഷമാണ് സംസ്ഥാന നേതൃയോഗം ആരംഭിച്ചത്. ബി.ജെ.പിയുടെ ജില്ലാ പ്രസിഡന്‍റുമാരും സംസ്ഥാന നേതാക്കളും പോഷക സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍മാരുമാണ് കാസര്‍കോട്ട് യോഗത്തില്‍ പങ്കെടുക്കുന്നത്.