സംക്രാന്തി സ്വദേശിയായ സുമി കുവൈറ്റിൽ മരിച്ച സംഭവം: മരണത്തിൽ അസ്വാഭാവികതയെന്നു ബന്ധുക്കൾ; ജില്ലാ പൊലീസ് മേധാവിയ്ക്കു നൽകിയ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു; ഉടൻ നടപടിയെടുക്കണമെന്നു തോമസ് ചാഴികാടൻ എം.പി

സംക്രാന്തി സ്വദേശിയായ സുമി കുവൈറ്റിൽ മരിച്ച സംഭവം: മരണത്തിൽ അസ്വാഭാവികതയെന്നു ബന്ധുക്കൾ; ജില്ലാ പൊലീസ് മേധാവിയ്ക്കു നൽകിയ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു; ഉടൻ നടപടിയെടുക്കണമെന്നു തോമസ് ചാഴികാടൻ എം.പി

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംക്രാന്തി സ്വദേശിയായ സുമി കുവൈറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിയ്ക്കു നൽകിയ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. കുവൈറ്റിൽ സുമിയെ എത്തിച്ച റിക്രൂട്ടിങ് ഏജൻസി അടക്കം അന്വേഷണ പരിധിയിൽ വരുമെന്ന സൂചനയാണ് ലഭിക്കുന്നത്. സംഭവത്തിൽ ദുരൂഹത അന്വേഷിക്കണമെന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നും തോമസ് ചാഴികാടൻ എം.പിയും ആവശ്യപ്പെട്ടു.

സംക്രാന്തി പാറമ്പുഴ തെക്കനായിൽ വീട്ടിൽ സുമി (37)യുടെ മരണത്തിലാണ് ഇപ്പോൾ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. തൊഴിൽ തട്ടിപ്പിന് ഇരയായതിനേത്തുടർന്ന് ഒരു മാസം മുമ്പ് എംബസിയിൽ അഭയം തേടിയ സുമി ഇവിടെ താമസിച്ചുവരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം തിയതിയാണ് സുമിയുടെ മരണം. മരണവാർത്ത ഞായറാഴ്ചയാണ് കോട്ടയത്തെ ബന്ധുക്കളെ അറിയിക്കുന്നത്. മനോജ് എന്നയാളാണ് ഹൃദയാഘാതം മൂലം സുമി മരിച്ചതായും ഇവർക്ക് കിഡ്‌നി സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കളെ അറിയിച്ചത് .എന്നാൽ തലേ ദിവസം വരെ സഹോദരി സീമയോട് സംസാരിച്ച സുമി അസുഖത്തെക്കുറിച്ച് യാതൊന്നും പറയാത്തതും പെട്ടെന്ന് മരണവാർത്ത എത്തിയതുമാണ് ബന്ധുക്കളെ സംശയത്തിലാക്കുന്നത് .

മരണ വിവരം അറിയിച്ചയാൾ സുമിയുടെ കൊറോണ ടെസ്റ്റ് നടത്തിയപ്പോൾ ഫലം നെഗറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് തടസങ്ങൾ ഇല്ലെന്നും ആറാം തിയതി വരുന്ന കാർഗോയിൽ മൃതദേഹം എത്തിക്കാമെന്നും കോട്ടയത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു.

എന്നാൽ ഇന്ന് ഉച്ചയ്ക്ക് അതേ വ്യക്തി തന്നെ ഫോണിൽ വിളിച്ചു മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയില്ലെന്നും കൊറോണ ടെസ്റ്റ് പോസറ്റീവ് ആണെന്നും അറിയിച്ചതായി ഇവർ പറഞ്ഞു. ഞായറാഴ്ച സീൽ ചെയ്ത മൃതദേഹത്തിൽ കൊറോണ ടെസ്റ്റിൽ ആദ്യ ഫലം നെഗറ്റീവ് ആണെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പിന്നെങ്ങനെ ടെസ്റ്റ് നടത്തിയെന്ന സംശയമാണ് ഇവർ ഉന്നയിക്കുന്നത്.

മാത്രമല്ല മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിന് തടസമില്ലെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മിനിസ്ട്രി ഓഫ് ഹെൽത്തിന്റെ സർട്ടിഫിക്കറ്റും ബന്ധുക്കളുടെ പക്കലുണ്ട്. പിന്നെങ്ങനെ കൊറോണ പോസറ്റീവ് പുതിയ സംഭവം ഉണ്ടായി എന്നതാണ് സംശയം.പ്രത്യേകിച്ച് അസുഖം ഒന്നും ഇല്ലാതിരുന്ന സുമിയെ ആശുപത്രിയിൽ എത്തിക്കുമ്‌ബോൾ മരണം സംഭവിച്ചിരുന്നതായി ആശുപത്രി രേഖകളിൽ വ്യക്തമാണ്. അതിനാൽ തന്നെ മൃതദേഹം നാട്ടിലെത്തിച്ചു വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

കൊച്ചിയിൽ റിക്രൂട്ടിംഗ് തട്ടിപ്പ് നടത്തിയ ജോർജ് ഇന്റർനാഷണൽ വഴിയാണ് സുമി കുവൈറ്റിന് പോയത്.കൃത്യമായ ജോലിയോ ശമ്പളമോ ലഭിച്ചിരുന്നുമില്ല.കിഡ്‌നി സംബന്ധമായ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കമ്പനി അധികൃതർ മുങ്ങി. തുടർന്നാണ് അഭയം തേടി സുമി എംബസിയെ സമീപിച്ചത്.

ഇതിനിടെ ബന്ധുക്കൾ നൽകിയ പരാതിയിൽ ഗാന്ധി നഗർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മലപ്പുറം കുളത്തൂർ കണിയാംപറമ്പിൽ വീട്ടിൽ മനോജ് കുര്യനെതിരേയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇയാൾ നിലവിൽ കുവൈത്തിലാണുള്ളത്. യുവതിയുടെ സഹോദരൻ സന്തോഷ് കുമാർ തേനിയിലാണു പരാതിക്കാരൻ.

രക്തചംക്രമണത്തിലും ശ്വാസകോശത്തിലേക്കുള്ള ശ്വസനവായു പ്രവാഹത്തിലുമുണ്ടായ കുറവിനെത്തുടർന്നുള്ള ഹൃദയാഘാതമെന്നാണു മരണകാരണമായി റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രവുമല്ല, യുവതിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള അന്തിമനടപടിക്രമങ്ങളും പൂർത്തിയാക്കിയിരുന്നു. മരിച്ചവർ കൊവിഡ് ബാധിതരാണെങ്കിൽ ഇത് സാധ്യമാവില്ല. ഈ സാഹചര്യത്തിലാണു യുവതി കൊവിഡ് ബാധിതയാണെന്നതിനുള്ള സർട്ടിഫിക്കറ്റ് അയച്ചാൽ മാത്രമേ മൃതദേഹം മറവുചെയ്യുന്നതിനുള്ള സമ്മതപത്രം അയക്കുകയുള്ളൂ എന്ന് ബന്ധുക്കൾ നിലപാട് സ്വീകരിച്ചത്.

എന്നാൽ, ഇതുവരെ ഈ സർട്ടിഫിക്കറ്റ് ബന്ധുക്കൾക്ക് അയച്ചുനൽകിയിട്ടില്ലെന്നും ഇന്നു മുതൽ മനോജ് കുര്യൻ തങ്ങളുടെ ഫോൺ കോൾ സ്വീകരിക്കുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. മാത്രവുമല്ല, ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റ് ആരോഗ്യമന്ത്രാലയത്തിൽനിന്നും ലഭിക്കില്ലെന്നാണു മനോജ് കുര്യൻ അവസാനമായി ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. എന്നാൽ, എംബസിയുടെ ഇടപെടലുണ്ടായാൽ ഇത് അനായാസേന ലഭ്യമാക്കാവുന്നതാണ്.

ഇനി അത്തരം തടസ്സങ്ങൾ ആരോഗ്യമന്ത്രാലയത്തിൽനിന്നുണ്ടായൽ അക്കാര്യം രേഖാമൂലം നൽകണമെന്ന് എംബസിക്കും ആവശ്യപ്പെടാവുന്നതുമാണ്. സുമിയുടെ മരണവുമായി ബന്ധപ്പെട്ട് മറ്റു ചില സംശയങ്ങൾകൂടി ബന്ധുക്കൾ ഉയർത്തുന്നുണ്ട്. യുവതി മരിച്ച മെയ് 2നു എംബസിയുടെ അഭയകേന്ദ്രത്തിൽ യുവതി താമസിച്ചിരുന്നുവോ എന്നതിനു വ്യക്തതവരേണ്ടതുണ്ട് എന്നതാണു ഇതിൽ പ്രധാനം. പൊതുമാപ്പ് ആരംഭിച്ച ശേഷം ഏപ്രിൽ 16 മുതൽ സൽവയിൽ സ്ഥിതിചെയ്യുന്ന എംബസിയുടെ അഭയകേന്ദ്രത്തിൽ അന്തേവാസികൾ ആരുംതന്നെ ഉണ്ടായിരുന്നില്ലെന്നാണു വിവരം ലഭിച്ചിരിക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നു.

എങ്കിൽ മരണദിവസം യുവതി എവിടെയാണു താമസിച്ചിരുന്നത് എന്നതിലും സംശയങ്ങൾ ഉയരുന്നുണ്ട്. മരണകാരണം സംബന്ധിച്ച പോസ്റ്റ്‌മോർട്ടം റിപോർട്ടിലും ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ശ്വാസതടസ്സത്തെ തുടർന്നുണ്ടായ ഹൃദയാഘാതമെന്നാണു പോസ്റ്റുമോർട്ടം റിപോർട്ടിൽ മരണകാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. ബാഹ്യമായ പരിക്കുകളില്ലാത്ത ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ കേസുകളിലും ഇത്തരത്തിലാണു പ്രാഥമികറിപോർട്ട് രേഖപ്പെടുത്താറുള്ളതെന്നാണു ഫോറൻസിക് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

അതു കൊണ്ട് ഇക്കാര്യത്തിലും അന്വേഷണം വേണമെന്നാണു ബന്ധുക്കൾ ആവശ്യപ്പെടുന്നത്. അതേസമയം, യുവതിയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടും മൃതദേഹം നാട്ടിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ടും ഇന്നും നിരവധി കേന്ദ്രങ്ങളിലേക്ക് പ്രമുഖർ പരാതി നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യമന്ത്രി വി മുരളീധരൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ അഡീഷനൽ സെക്രട്ടറി ടി വി നാഗേന്ദ്രപ്രസാദ്, കേരള ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർക്ക് തോമസ് ചാഴിക്കാടൻ എംപിയും ചീഫ് സെക്രട്ടറി ടോം ജോസിനു തിരുവഞ്ചൂർ രാധാകൃഷണൻ എംഎൽഎയും ഇതുസംബന്ധിച്ച് പരാതി അയച്ചിട്ടുണ്ട്.