കേരളത്തിലെ ബിജെപിയേക്കാൾ കഷ്ടം ബംഗാളിൽ സിപിഎം: 39 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് നഷ്ടമായി; കാശ് പോയതിൽ രണ്ട് സിറ്റിംങ് സീറ്റുകളും; ബംഗാൾ നാളെ കേരളത്തിൽ ആവർത്തിക്കാം

കേരളത്തിലെ ബിജെപിയേക്കാൾ കഷ്ടം ബംഗാളിൽ സിപിഎം: 39 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് നഷ്ടമായി; കാശ് പോയതിൽ രണ്ട് സിറ്റിംങ് സീറ്റുകളും; ബംഗാൾ നാളെ കേരളത്തിൽ ആവർത്തിക്കാം

പൊളിറ്റിക്കൽ ഡെസ്‌ക്

കൊൽക്കത്ത: അര നൂറ്റാണ്ടിന് അടുത്ത് കാലം ബംഗാൾ അടക്കി ഭരിച്ചിരുന്ന ചുവപ്പിന്റെ പടയാളികളുടെ അടി തെറ്റൽ സമ്പൂർണം. രണ്ട് സിറ്റിംങ് സീറ്റിൽ തോറ്റ സിപിഎമ്മിന് സംസ്ഥാനത്തെ 39 സീറ്റുകളിൽ പച്ച തൊടാൻ പോലും ആയില്ല. കേരളത്തിൽ ഒരു സീറ്റ് പോലും കിട്ടാത്ത ബിജെപിയെ കളിയാക്കുന്ന കമ്മ്യൂണിസ്റ്റുകാർ അറിയുക 39 സീറ്റിൽ ഇത്തവ സിപിഎമ്മും ഇടത് കക്ഷികളും നാലാം സ്ഥാനത്ത് മാത്രമാണ്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ഗതികേടാണ് ഏറെ വേദനാജനകം. പൊളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീം സിറ്റിംഗ് സീറ്റായ റായ്ഗഞ്ചിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇദ്ദേഹത്തിനും കെട്ടിവച്ച കാശ് നഷ്ടമായി. എതിരാളികളില്ലാതെ പിടിച്ചടക്കിയിരുന്ന ബംഗാളിലെ അധീശത്വമാണ് ഇക്കുറി സിപിഎമ്മിന് കൈവിട്ട് പോയിരിക്കുന്നത്. സിപിഎമ്മിന്റെ കാൽച്ചുവട്ടിലെ മണ്ണ് വാരിയെടുത്ത ബിജെപി ആ മണ്ണിൽ വിത്തും വളവും വെള്ളവും ഒഴിച്ച് താമരവിരിയിച്ച് തുടങ്ങി.
2014ലെ കണക്ക് പ്രകാരം 34 സീറ്റുകളിൽ രണ്ടാം സ്ഥാനവുമായാണ് ഇടതുമുന്നണി ഇത്തവണ കളത്തിലിറങ്ങിയത്. ഇടതുപക്ഷത്തിന്റെ സാന്നിധ്യം പോലും ഇല്ലാതാക്കുന്ന രീതിയിലായിരുന്നു തകർച്ച. കൂടാതെ രണ്ടാമത്തെ സിറ്റിംഗ് സീറ്റായിരുന്ന മൂർഷിദാബാദിലൽ ബദറുദ്ദോസ ഖാന് ലഭിച്ചത് നാലാം സ്ഥാനമാണ്. ജാദവ്പൂരിൽ നിന്ന് മത്സരിച്ച് 21 ശതമാനത്തിലധികം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയ ബികാഷ് രഞ്ജൻ ഭട്ടാചാര്യ മാത്രമാണ് തമ്മിൽ ഭേദം.
ബംഗാളിൽ മമതയും ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടം മാത്രമായി മാറിയതോടെയാണ് സിപിഎമ്മിന്റെ അടിവേരിളകി തുടങ്ങിയത്. കേരളത്തിലും സ്ഥിതി മറിച്ചല്ല. ചരിത്രത്തിൽ ആദ്യമായി പതിനഞ്ച് ശതമാനം വോട്ട് ഷെയറിന്റെ വ്യത്യാസമാണ് സിപിഎമ്മും കോൺഗ്രസും തമ്മിൽ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇത് സിപിഎമ്മിന് വരാനിരിക്കുന്ന തിരിച്ചടിയുടെ ലക്ഷണമാണ് കാട്ടുന്നത്. സിപിഎമ്മിന്റെ മറ്റൊരു നന്ദിഗ്രാം ആയി ശബരിമല മാറുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.