
കോട്ടയം: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുന്നണി മാറ്റം സംബന്ധിച്ച് ഉയരുന്ന അഭ്യൂഹങ്ങള്‍ തള്ളി കേരള കോണ്‍ഗ്രസ് എം.
പാര്‍ട്ടി എല്‍ഡിഎഫില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് വ്യക്തമാക്കി.
എന്‍ഡിഎയിലേക്ക് പോകുന്നത് സംബന്ധിച്ച് സ്റ്റിയറിങ് കമ്മിറ്റിയില്‍ ചര്‍ച്ച നടന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അത്തരമൊരു ആലോചന പാര്‍ട്ടിയുടെ അജണ്ടയിലില്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. മുന്നണി മാറ്റം എന്നൊരു അധ്യായം പാര്‍ട്ടി തുറന്നിട്ടില്ലെന്ന് ചെയര്‍മാന്‍ ജോസ് കെ. മാണിയും നേരത്തെ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ കുപ്രചാരണങ്ങള്‍ എല്‍ഡിഎഫിന്റെ വോട്ടുകളെ ബാധിച്ചുവെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. എല്‍ഡിഎഫും ആര്‍എസ്‌എസും തമ്മില്‍ ധാരണയുണ്ടെന്ന വ്യാജപ്രചാരണം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നും, ഇത് എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന ചില ന്യൂനപക്ഷ വിഭാഗങ്ങള്‍ അകന്നുപോകാന്‍ കാരണമായെന്നും ജോസ് കെ. മാണി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാരിന്റെ വികസന നിലപാടുകളില്‍ ആര്‍ക്കും പരാതിയില്ലെങ്കിലും അത് ജനങ്ങളിലേക്ക് പൂര്‍ണ്ണമായി എത്തിക്കുന്നതില്‍ വന്ന വീഴ്ചകള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരും ദിവസങ്ങളില്‍ ജില്ലാ-മണ്ഡലം തലങ്ങളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പരാജയകാരണങ്ങള്‍ വിശദമായി വിലയിരുത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. വീഴ്ചകള്‍ തിരുത്തി ശക്തമായി മുന്നോട്ടുപോകുമെന്നും ബിജെപി പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും നേതൃത്വം വ്യക്തമാക്കി.







