
പത്തനംതിട്ട: നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് പതിമൂന്നുകാരിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി വൈക്കം വിളയില്‍ ലക്ഷംവീട്ടില്‍ രാജേഷ്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് സമൂഹമാദ്ധ്യമത്തിലൂടെ പെണ്‍കുട്ടി രാജേഷ്കുമാറിനെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ നിർബന്ധിച്ച് കൈക്കലാക്കിയത് മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. ഫോട്ടോകള്‍ സമൂഹമാദ്ധ്യമത്തില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കി. റാന്നി പൊലീസ് പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടയില്‍ പ്രതി പെണ്‍കുട്ടിയുടെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമാക്കി സമൂഹമാദ്ധ്യമത്തില്‍ മറ്റൊരു അക്കൗണ്ട് തുടങ്ങുകയും അതിലൂടെ ഭീഷണി തുടരുകയും ചെയ്തു.
തുടർന്ന് സൈബർസെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി ജില്ലയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന രാജേഷ്കുമാറിനെ കണ്ടെത്തി അറസ്റ്റ് ചെയതത്. വീടുമായി വർഷങ്ങളായി അകന്നു കഴിയുകയായിരുന്നു ഇയാള്‍. സമൂഹമാദ്ധ്യമത്തിലുള്ള മറ്റൊരു യുവാവിന്റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കിയും റീലുകള്‍ പോസ്റ്റ് ചെയ്തുമാണ് പ്രതി പെണ്‍കുട്ടിയെ ആകർഷിച്ചത്. ഇയാളുടെ ഫോണില്‍ അനവധി പെണ്‍കുട്ടികളുടെ ഫോട്ടോകളും നാല് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമുള്ളതായി പൊലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ സമീപിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരുന്നു. ഇൻസ്‌പെക്ടർ പ്രജീഷ് ശശി, എസ്.ഐ സിബി, പൊലീസുകാരായ അഭിനന്ദ്, ശൈലേന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.







