സമ്മാനം വരും പോകും ; കല ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണ് അവിടെ അഹംഭാവത്തിന് ഇടമില്ല ; കലാലയ ജീവിതത്തിലെ കലോത്സവ ഓര്‍മകള്‍ പങ്കുവച്ച് നടൻ മുകേഷ്
സ്വന്തം ലേഖകൻ
കോട്ടയം: തന്‍റെ കലാലയ ജീവിതത്തിലെ കലോത്സവ ഓര്‍മകള്‍ പറഞ്ഞ് ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ. 1980 കാലഘട്ടത്തില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ കലോത്സവം കോട്ടയം തിരുനക്കരയിലെ വേദിയില്‍ നടന്നപ്പോള്‍ മിമിക്രി, മോണോ ആക്‌ട് വേദിയിലെത്തിയ കാര്യമാണ് മുകേഷ് മത്സരാര്‍ഥികളെ ഓര്‍മിപ്പിച്ചത്.
മിമിക്രി മത്സരത്തിന് സിദ്ദിഖ്, ലാല്‍, സൈനുദ്ദീന്‍ എന്നിവരും മുകേഷിനൊപ്പമുണ്ടായിരുന്നു. വിവിധ കോളജുകളില്‍നിന്നെത്തിയ ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവുമില്ലായിരുന്നു. മത്സരത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സമ്മാനവും കിട്ടിയില്ല. സമ്മാനം വരും പോകും.
കല ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും അവിടെ അഹംഭാവത്തിന് ഇടമില്ലെന്നും മുകേഷ് പറഞ്ഞു. കോട്ടയത്തു നടന്ന യൂണിവേഴ്‌സിറ്റി കലോത്സവത്തിനു നേതൃത്വം നല്‍കിയ അന്നത്തെ യൂണിയന്‍ ചെയര്‍മാന്‍ സുമുഖനും സുന്ദരനുമായിരുന്ന കെ. സുരേഷ്‌കുറുപ്പിനെ വളരെ സ്‌നേഹത്തോടെയും ആദരവോടെയുമാണ് അന്നു കണ്ടിരുന്നതെന്നും മുകേഷ് അനുസ്മരിച്ചു. ലോകോത്തര നിലവാരത്തിലുള്ള കലാകാരന്മാരും കലാപ്രവര്‍ത്തകരും ആസ്വാദകരുമുള്ള നാടാണ് കേരളം.