കേരളത്തിന്റെ മൂന്നാം വന്ദേഭാരതിന് ഉടൻ ശാപമോക്ഷം; കൊച്ചി – ബംഗളൂരു റൂട്ടില്‍ സര്‍വീസ് ഉടൻ ആരംഭിക്കും; നേട്ടം വിദ്യാർത്ഥികളും ഐടി ജീവനക്കാരും ബിസിനസുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് യാത്രക്കാർക്ക്
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുകയും പുതിയ കേന്ദ്രമന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തതോടെ ഒരു മാസത്തിലേറെയായി കൊല്ലം റയില്‍വെ സ്റ്റേഷനില്‍ വെറുതെ കിടക്കുന്ന വന്ദേഭാരത് ട്രെയിനിന് ഉടൻ ശാപമോക്ഷം ലഭിക്കും.
കൊച്ചി – ബംഗളൂരു റൂട്ടില്‍ തന്നെയാകും കേരളത്തിന്റെ മൂന്നാം വന്ദേഭാരത് സർവീസ് നടത്തുക എന്നാണ് റിപ്പോർട്ട്. അതേസമയം, റെയില്‍വേ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചിട്ടുണ്ടെങ്കിലും ഏത് റൂട്ടിലേക്കാണെന്നത് സംബന്ധിച്ച് ഇനിയും നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് റയില്‍വെ ഉദ്യോഗസ്ഥരുടെ പ്രതികരണം.
ഏറ്റവും തിരക്കുള്ള കൊച്ചി – ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് ട്രെയിൻ എന്ന കേരളത്തിന്റെ ,ആവശ്യത്തിന് ഇന്ത്യയിലെ വന്ദേഭാരത് ട്രെയിൻ സർവീസിനോളം പഴക്കമുണ്ടെന്ന് പറയാം. വിദ്യാർത്ഥികളും ഐടി ജീവനക്കാരും ബിസിനസുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ദിവസവും ബെംഗളുരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊച്ചി – ബംഗളൂരു വന്ദേഭാരത് സർവീസിനായി റെയില്‍ അധികൃതർ കൊച്ചിയില്‍ ഒരുക്കങ്ങള്‍ പൂർത്തിയാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉടൻ സർവീസ് ആരംഭിക്കാനുള്ള നടപടികളിലേക്ക് തിരുവനന്തപുരം ഡിവിഷൻ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ഏപ്രിലിലാണ് മൂന്നാം വന്ദേഭാരത് റേക്ക് കേരളത്തിലെത്തിയത്. പുത്തൻ റേക്ക് കൊച്ചുവേളിയില്‍ കമ്മിഷൻ ചെയ്ത ശേഷം ഒരു മാസത്തിലേറെയായി കൊല്ലം റയില്‍വെ സ്റ്റേഷനില്‍ ഇട്ടിരിക്കുകയായിരുന്നു.
വെറുതേ കിടന്ന് ബാറ്ററി ചാർജ് തീർന്ന പുത്തൻ വന്ദേഭാരത് ഇന്നലെ കൊച്ചുവേളിയില്‍ നിന്ന് പ്രത്യേകസംഘമെത്തി റീചാർജ് ചെയ്തു. ഇനി വീണ്ടും കൊച്ചുവേളിയില്‍ കൊണ്ടുപോയി ഒന്നുകൂടി കമ്മിഷൻ ചെയ്യുമെന്നാണ് സൂചന.