play-sharp-fill
കോട്ടയത്ത് മഴ കനക്കുന്നു; റോഡുകളിൽ വെള്ളക്കെട്ട്;  ചൊവ്വാഴ്ച വരെ പരക്കെ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്

കോട്ടയത്ത് മഴ കനക്കുന്നു; റോഡുകളിൽ വെള്ളക്കെട്ട്; ചൊവ്വാഴ്ച വരെ പരക്കെ മഴയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലേർട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം∙ സംസ്ഥാനത്തു വ്യാപക മഴ തുടരുന്നു. തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇന്ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെലോ അലർട്ടുമാണ്. ചൊവ്വാഴ്ച വരെ പരക്കെ മഴയായിരിക്കുമെന്നാണ് പ്രവചനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പര്‍കുട്ടനാട്ടിലെ തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളില്‍ കനത്തമഴയാണ്. മാന്നാര്‍, ബുധനൂര്‍, ചെന്നിത്തല, വെണ്‍മണി, ചെറിയനാട് പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. അച്ചന്‍കോവില്‍, കുട്ടമ്പേരൂരാര്‍, പുത്തനാര്‍ എന്നിവ കരകവിഞ്ഞു. കുട്ടനാട്ടില്‍ ജലനിരപ്പുയരുകയാണ്.

പത്തനംതിട്ടയിൽ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടൂർ എംസി റോഡിൽ വെള്ളം കയറി ഏനാത്ത് ഉൾപ്പെടെ പലയിടത്തും ഗതാഗതം തിരിച്ചുവിട്ടു. നദിതീരങ്ങളിലും ഉരുൾപൊട്ടൽ മേഖലയിലുമുള്ളവർ ജാഗ്രത പാലിക്കണം. മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. 

കൊച്ചിയിലും ആലപ്പുഴയിലും തൃശൂരും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. എറണാകുളം കളമശേരിയില്‍ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്.

കോട്ടയം ജില്ലയിൽ കൂട്ടിക്കൽ മേഖലയിൽ മേഖലയിൽ പുല്ലകയാറ്റിലെ ജലനിരപ്പ് ഉയർന്നു തന്നെ നിൽക്കുന്നു. കൂട്ടിക്കലിലെ താളുങ്കൽ തോടും ഇടുക്കി ജില്ലയിലെ കൊക്കയാറ്റിൽനിന്ന് വരുന്ന ചന്തക്കടവ് തോടും കരകവിഞ്ഞു. 

പെരുന്ന ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് പെരുന്ന ഗവ എൽപി സ്കൂളിൽ ക്യാംപ് തുടങ്ങി. മണിമലയാറ്റിൽ പഴയിടം കോസ്‌വേയിൽ വെള്ളം മുട്ടിയൊഴുകുന്നു. അനിഷ്ട സംഭവങ്ങൾ ഇതു വരെ ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മണിമലയാർ, മീനച്ചിലാർ എന്നിവിടങ്ങളിൽ വെള്ളമുയർന്നെങ്കിലും അപകട നിലയിലേക്ക് എത്തിയിട്ടില്ല. 

ശനിയാഴ്ച കനത്ത മഴ വന്‍നാശമുണ്ടാക്കിയ തിരുവനന്തപുരം ജില്ലയില്‍ ഇപ്പോള്‍ മഴ മാറി നില്‍ക്കുകയാണ്. തിരുവനന്തപുരത്ത് 33 ദുരിതാശ്വാസ ക്യാംപുകളിലായി 571 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വിനോദ സഞ്ചാരവും ക്വാറി, മൈനിങ് പ്രവര്‍ത്തനങ്ങളും നിരോധിച്ചു. മലയോര മേഖലകളിലേയ്ക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ല. നെയ്യാര്‍, അരുവിക്കര, പേപ്പാറ ഡാമുകളുടെ എല്ലാ ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നതിനാല്‍ സമീപവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.