പി.എസ്.സി. റദ്ദാക്കുന്നത് 493 ലിസ്റ്റുകൾ; നടത്തിയ നിയമനങ്ങൾ കുറവ്; പൊലിയുന്നത് മൂന്നുലക്ഷത്തിലേറെ ഉദ്യോഗാർഥികളുടെ മോഹങ്ങൾ; റാങ്കുലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ഇനി 12 ദിവസം മാത്രം; സെക്രട്ടറിയേറ്റിന്റെ മുൻപിൽ ഉദ്യോഗാർത്ഥികൾ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അടുത്ത മാസം അവസാനിക്കുന്ന പി.എസ്.സി. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന സർക്കാർ തീരുമാനം തിരിച്ചടിയാകുന്നത് പതിനായിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വപ്നങ്ങൾക്ക്.
റാങ്ക്‌പട്ടികകളിൽ നിന്ന് മുഴുവൻ ഒഴിവുകളിലും നിയമനം നടത്താൻ നടപടി സ്വീകരിച്ചിട്ടുള്ളതിനാൽ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യമില്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിലുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി നൽകുകയും ചെയ്യുന്നത് സർക്കാർ നയമല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ പറഞ്ഞു. പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കി.
റാങ്ക് പട്ടികകളുടെ കാലാവധി ഓഗസ്‌റ്റ് നാലിന് അവസാനിക്കുന്നതു കണക്കിലെടുത്തു അതുവരെയുള്ള മുഴുവൻ ഒഴിവുകളും നിയമനാധികാരികൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിനായി സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചുമതലപ്പെടുത്തണമെന്നും മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്‌ചവരുത്തുന്ന വകുപ്പുമേധാവികൾക്കും നിയമനാധികാരികൾക്കും എതിരേ കർശന നടപടി സ്വീകരിക്കും. തർക്കം നിലനിൽക്കുന്ന തസ്‌തികകളിൽ താൽക്കാലിക പ്രെമോഷൻ നടത്തി ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് അധ്യക്ഷന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ ഒഴിവുകളും കൃത്യതയോടെ യഥാസമയം റിപ്പോർട്ട് ചെയ്യാൻ ഓൺലൈൻ സംവിധാനം ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യു ന്നതിന്റെ കൃത്യത പരിശോധിക്കാൻ അഡ്‌മിനിസ്‌ട്രേറ്റീവ് വിജിലൻസ് വിവിധ ഓഫീസുകളിൽ പരിശോധന നടത്തുന്നുണ്ട്.
ഇതിനുപുറമേ, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിയുടെ മേൽനോട്ട ചുമതലയിൽ ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതിയും രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്‌തമാക്കി.
അതേസമയം, കാലാവധി നീട്ടിനൽകിയ പി.എസ്.സി. റാങ്കുപട്ടികകളുടെ കാലാവധി അവസാനിക്കാൻ ഇനി 12 ദിവസം കൂടി മാത്രമാണുള്ളത്.
493 പട്ടികകൾ റദ്ദാക്കുന്നതോടെ മൂന്നുലക്ഷത്തിലേറെ ഉദ്യോഗാർഥികളുടെ മോഹങ്ങളാണ് ഇല്ലാതാകുന്നത്. 46,285 പേരുള്ള ലാസ്‌റ്റ്‌ഗ്രേഡ് സെർവന്റ്‌സ് പട്ടികയിൽ 6788 പേർക്കു മാത്രമാണ് നിയമനം ലഭിച്ചത്. ലാസ്‌റ്റ് ഗ്രേഡ് ഉദ്യോഗാർഥികളുടെ സമരത്തിനുശേഷമുള്ള ആറുമാസത്തിനിടെ നിയമന ശിപാർശ ലഭിച്ചത് 979 പേർക്ക് മാത്രം.
36,783 പേരുള്ള എൽ.ഡി. ക്ലർക്ക് പട്ടികയിൽ നിയമനം ലഭിച്ചത് 9423 പേർക്ക്. 4752 പേരുടെ എൽ.ഡി.വി ഡ്രൈവർ പട്ടികയിലെ നിയമനം 18 ശതമാനവും. വനിത സിവിൽ പോലീസ് ഓഫീസർ പട്ടികയിൽ നിന്ന് മൂന്നുവർഷം കൊണ്ട് ജോലികൊടുത്തത് 533 പേർക്ക് മാത്രം.
സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന്റെ മുൻപിൽ ഉദ്യോഗാർത്ഥികൾ വീണ്ടും സമരം ആരംഭിച്ചു. ഓൾ കേരള ടീച്ചേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ, വനിതാ പൊലീസ് ബറ്റാലിയൻ റാങ്ക് ഹോൾഡേഴ്‌സ്, ക്ലാർക്ക് റാങ്ക് ഹോൾഡേഴ്‌സ് ഐഡിയൽ അസോസിയേഷൻ ഓഫ് കേരള (ക്രിയ) എന്നിവയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. വരും ദിനങ്ങളിൽ വിവിധ റാങ്ക് ലിസ്റ്റുകളിലെ കൂടുതൽ ഉദ്യോഗാർഥികൾ രംഗത്തെത്തിയേക്കും. ലിസ്റ്റുകളുടെ കാലാവധി നീട്ടി ഉദ്യോഗാർഥികളുടെ ആശങ്ക അകറ്റണമെന്നാണ് ആവശ്യം.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്രിയയുടെ സമരം. ഓരോ ജില്ലയിൽ നിന്നു 3 പേർ വീതം ദിവസവും പങ്കെടുക്കും. നിയന്ത്രണങ്ങളുള്ള ശനി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ 5 വരെയാണ് പ്രതിഷേധം. 2018 ഏപ്രിലിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നാലു മാസം ലിസ്റ്റ് നീട്ടി നൽകി. മൂന്നൂ മാസമെങ്കിലും ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ടാണു സമരം.