‘ഓപ്പറേഷൻ കാവൽ’; അക്രമങ്ങൾക്കും ലഹരി കടത്ത്, കളളക്കടത്തുകൾക്കും തടയിടാൻ പുതിയ പദ്ധതിയുമായി കേരളാ പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന അക്രമങ്ങൾക്കും ലഹരി കടത്ത്, കളളക്കടത്തുകൾക്കും തടയിടാനായി ‘ഓപ്പറേഷൻ കാവൽ’ എന്ന പേരിൽ പുതിയ പദ്ധതി തുടങ്ങുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു.
മയക്കുമരുന്ന് കടത്ത്, കളളക്കടത്ത്, സംഘം ചേർന്നുളള ആക്രമണങ്ങൾ എന്നിവ തടയുക. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനായി ഗുണ്ടാ സങ്കേതങ്ങളിൽ പരിശോധന നടത്തും. നിർദേശങ്ങളിന്മേൽ സ്വീകരിച്ച നടപടികൾ ജില്ലാ പൊലീസ് മേധാവിമാർ മുഖേന സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിമാർ എല്ലാ ദിവസവും രാവിലെ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭ്യമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
ജാമ്യത്തിലിറങ്ങിയവർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യും.
ക്രിമിനൽ കേസിലെ പ്രതികളുടേയും, കുറ്റവാളികൾ എന്ന് സംശയിക്കുന്നവരേയും കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കാനും ഡിജിപി പുറപ്പെടുവിച്ച മാർഗ നിർദേശത്തിൽ പറയുന്നു .
വിവിധ കുറ്റകൃത്യങ്ങളിൽപ്പെട്ട് ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവിമാർ അടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നൽകാനും തീരുമാനമായി.