play-sharp-fill
കേരളാ പോലീസിലെ 744 പേർ ക്രിമിനൽ കേസുകളിൽ പ്രതി; സർവീസിൽ നിന്ന് പുറത്താക്കിയത് 18 പേരെ മാത്രം; കാവൽ ആകേണ്ടവർ കരട് ആകുമ്പോൾ

കേരളാ പോലീസിലെ 744 പേർ ക്രിമിനൽ കേസുകളിൽ പ്രതി; സർവീസിൽ നിന്ന് പുറത്താക്കിയത് 18 പേരെ മാത്രം; കാവൽ ആകേണ്ടവർ കരട് ആകുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ പ്രതിയായ 744 പോലീസ് ഉദ്യോഗസ്ഥർ കേരളാ പോലീസ് സേനയിലുണ്ടെന്ന് കണക്ക്. സിവിൽ പോലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെ വരെ ഈ ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ടെന്നാണ് സംസ്ഥാന പോലീസിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ പത്ത് വർഷത്തെ മാത്രം കണക്കാണ് പുറത്തുവന്നിരിക്കുന്നത്. കേസുകളിൽ ശിക്ഷിക്കപ്പെട്ട 18 പേരെ മാത്രമാണ് സർവീസിൽ നിന്ന് പുറത്താക്കിയത്. കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ ശേഷമാണ് ഇവരെ പോലീസ് സേനയിൽ നിന്നും പുറത്താക്കിയത്. ഉദയകുമാർ ഉരുട്ടിക്കൊല കേസിലെ പ്രതിയായ ഡിവൈഎസ്പിയും രണ്ട് പോലീസ് ഉദ്യോഗസ്ഥരും പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്. പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെട്ട പോലീസുകാരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവിധ കേസുകളിൽ ഉൾപ്പെട്ട 691 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിലവിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്. കോടതിയിൽ കേസ് നടപടികൾ തുടരുന്നതിനാൽ വകുപ്പുതല അന്വേഷണം ഇഴഞ്ഞു നീങ്ങുന്ന സാഹചര്യവും സംസ്ഥാനത്തുണ്ട്.
നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. 2016 ജൂൺ ഒന്ന് മുതൽ ഈ വർഷം ജനുവരി ഒന്ന് വരെ 667 കേസുകൾ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് മറ്റൊരു കണക്ക്. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഈ വർഷം മാത്രം 77 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തട്ടിപ്പുകാരനായ മോൺസൺ മാവുങ്കലിനെ സഹായിച്ചതിനും കൂട്ടുനിന്നതിനും വകുപ്പുതല അന്വേഷണം നേരിടുന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ജി ലക്ഷ്മണാണ് പട്ടികയിലെ ഏറ്റവും പുതിയത്.

കേസുകളിൽ നേരിട്ട് സസ്പെൻഷനിലാകുകയും പിന്നീട് സർവീസിൽ തിരികെ കയറി ഉയർന്ന പദവികൾ കൈകാര്യം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂടുതലാണ്.

ഗുരുതരമായ രീതിയിൽ വീഴ്ച വരുത്തുന്ന എസ്ഐ വരെയുള്ള ഉദ്യോഗസ്ഥരെ റെയ്ഞ്ച് ഐജിമാർക്ക് സർവീസിൽ നിന്ന് പിരിച്ചുവിടാൻ അധികാരമുണ്ട്. അത്തരത്തിൽ നടപടിയുണ്ടായിരുന്നുവെങ്കിൽ നിലവിലെ കണക്കുകൾ ഉയർന്ന തോതിൽ എത്തുമെന്ന് വ്യക്തമാണ്.

തുടർച്ചയായി വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടരുന്നതിനിടെയാണ് ക്രിമിനൽ കേസുകളിൽ പ്രതിയായ 744 പോലീസ് ഉദ്യോഗസ്ഥർ കേരളാ പോലീസിൽ ഉണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നത്.