കൊവിഡിൽ പുലിവാൽ പിടിച്ച് പൊലീസ്..! പണിയെടുത്ത് ലോക്കൽ പൊലീസുകാരുടെ നട്ടെല്ലൊടിഞ്ഞു; ഇൻഷ്വറൻസും, അലവൻസുമില്ല  ; എന്നു തീരുമീ ദുരിതമെന്നറിയാതെ ലോക്കൽ പൊലീസുകാർ

കൊവിഡിൽ പുലിവാൽ പിടിച്ച് പൊലീസ്..! പണിയെടുത്ത് ലോക്കൽ പൊലീസുകാരുടെ നട്ടെല്ലൊടിഞ്ഞു; ഇൻഷ്വറൻസും, അലവൻസുമില്ല ; എന്നു തീരുമീ ദുരിതമെന്നറിയാതെ ലോക്കൽ പൊലീസുകാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് കാലത്ത് പൊലീസ് പിടിച്ചിരിക്കുന്ന പുലിവാൽ ചില്ലറയല്ല. കൊവിഡിന്റെ പ്രതിരോധത്തിന്റെ പിടിപ്പത് പണിയ്ക്കിടെ എത്തിയ സമരങ്ങളും കൂടി ചേർന്നതോടെ പൊലീസിന് ചില്ലറയൊന്നുമല്ല പൊല്ലാപ്പ്. ലോക്കൽ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് പൊലീസുകാർ ഇല്ലാത്തതും, കൊവിഡ് അടക്കമുള്ള മറ്റ് ഡ്യൂട്ടികൾക്കു കൂടി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും കൂടി ചെയ്തതോടെയാണ് പൊലീസ് വട്ടം കറങ്ങിത്തുടങ്ങിത്.

കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രി രാജ്യമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പൊലീസിനു കാര്യമായ ജോലിയുണ്ടായിരുന്നില്ല. റോഡുകൾ ബ്ലോക്ക് ചെയ്തു പിക്കറ്റിംങ് പോയിന്റുകളിൽ ഇരുന്നാൽ മതിയായിരുന്നു. ക്രിമിനൽക്കേസുകളും പെറ്റിക്കേസുകളും പോലും അന്ന് കുറവായിരുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ടുണ്ടാകുന്ന കേസുകൾ മാത്രമായിരുന്നു ലോക്ക് ഡൗൺ സമയത്ത് പൊലീസിനുണ്ടായിരുന്നത്. ഇത് ജൂൺ ആദ്യ വാരം വരെ ഈ സ്ഥിതി തുടരുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ലോക്ക് ഡൗണിനു ശേഷം ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് പൊലീസിനു പണിയായത്. മറ്റെല്ലാ വിഭാഗങ്ങളിലും പകുതി ജീവനക്കാരെ വച്ചു മാത്രം ജോലി ചെയ്യാൻ നിർദേശം നൽകിയപ്പോൾ, ഈ നിർദേശം പൊലീസിൽ കടലാസിൽ മാത്രമായിരുന്നു. ഇത് കൂടാതെയാണ് സാധാരണ പോലെ തന്നെ പൊലീസിലെ കാര്യങ്ങളും മുന്നോട്ട് പോയത്. കഞ്ചാവു പിടിക്കാനും, കള്ളന്മാരെ പിടിക്കാനും പൊലീസ് പെടാപാട് പെട്ട് നെട്ടോട്ടം ഓടുകയും ചെയ്തു.

കോട്ടയം ജില്ലയിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം നൂറിനടുത്താണ്. ഓരോ ദിവസവും പത്തു മുതൽ 25 വരെ പൊലീസ് ഉദ്യോഗസ്ഥരാണ് ക്വാറന്റയിനിൽ പോകുന്നത്. പല പൊലീസ് സ്റ്റേഷനുകളിലും പാതി ഉദ്യോഗസ്ഥരെ മാത്രമാണ് സർവീസിനായി ലഭിക്കുന്നതും. ഈ സാഹചര്യത്തിലാണ് സ്വർണ്ണക്കടത്ത് ലൈഫ് മിഷൻ വിഷയങ്ങളിൽ പ്രതിപക്ഷം സമരവുമായി രംഗത്ത് ഇറങ്ങിയതോടെ പൊലീസും പെട്ടു.

കൊവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ ലോക്കൽ പൊലീസിനെ സഹായിക്കാൻ വിജിലൻസിനെയും, ക്രൈം ബ്രാഞ്ചിലെയും ഉദ്യോഗസ്ഥരെയും വിളിച്ചിരുന്നു. എന്നാൽ, കൊവിഡ് അതിരൂക്ഷമായ ഈ സാഹചര്യത്തിൽ ഒറ്റയ്ക്ക് വള്ളം തുഴയേണ്ട ഗതികേടിലാണ് കേരള പൊലീസ്. കൊവിഡ് പ്രതിരോധവും, സ്ഥിരം മറ്റു ജോലികളും കൂടി ആയപ്പോൾ പൊലീസിന്റെ നടുവൊടിഞ്ഞു കഴിഞ്ഞു..!