1395 കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നു; രാജ്യത്ത് ഏറ്റവും കൂടുതല്‍ കടലാസ് കമ്പനികള്‍ കേരളത്തില്‍
സ്വന്തം ലേഖിക
തൃശൂര്‍: സംസ്ഥാനത്ത്
പ്രവര്‍ത്തനരഹിതമായി കിടക്കുന്ന കടലാസ് കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കാനുള്ള നടപടിയാവശ്യപ്പെട്ട് കത്ത് അയച്ച് കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയം.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കടലാസ് കമ്പനികള്‍ കേരളത്തിലെന്ന് കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയം വ്യക്തമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പേരിനു മാത്രം രജിസ്റ്റര്‍ ചെയ്യുകയും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന ഇത്തരം കമ്പനികളുടെ പട്ടിക പുറത്തുവിട്ടു. കേരളത്തില്‍ രണ്ടുവര്‍ഷമായിട്ട് പ്രവര്‍ത്തനരഹിതമായി കിടക്കുന്നത് 1395 കമ്പനികളാണ്.
ഇവയുടെ രജിസ്ട്രേഷന് റദ്ദാക്കാനുള്ള നടപടിയാവശ്യപ്പെട്ടാണ് കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയം കേരള-ലക്ഷദ്വീപ് രജിസ്ട്രാറിന് നോട്ടീസ് അയച്ചിരിക്കുന്നത്.
2016-ലും ആയിരത്തഞ്ഞൂറോളം കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കിയിരുന്നു. അതിനുശേഷം ആദ്യമായാണ് സംസ്ഥാനത്തേക്ക് നടപടിയാവശ്യപ്പെട്ട് മന്ത്രാലയം കത്ത് അയക്കുന്നത്.
ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ ശരാശരി 6,500 രൂപ ഫീസും 20,000 രൂപവരെ പ്രൊഫഷണല്‍ ചാര്‍ജും നല്‍കണം. കമ്പനി റദ്ദാക്കാന്‍ 10,000 രൂപ വരെയാണ് ഫീസ്. ഇരുപത്തയ്യായിരത്തിലേറെ പ്രൊഫഷണല്‍ ചാര്‍ജും മറ്റ് എല്ലാ രേഖകളും ആവശ്യമാണ്.
രജിസ്ട്രേഷന് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കാന്‍ ഒരുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
കൂടുതല്‍ കടലാസ് കമ്പനികളുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് നോട്ടീസ്. അതുകൊണ്ടുതന്നെ ആദ്യം കത്തയച്ചിരിക്കുന്നത് കേരളത്തിനാണ്.