ലോട്ടറിയുടെ സെറ്റ് വില്പന വർധിക്കുന്നു; ഞായർ ഒഴികെയുള്ള ദിവസങ്ങളിലെ ലോട്ടറി കച്ചവടത്തിൽ 70ശതമാനവും വിൽക്കുന്നത് സെറ്റ് ലോട്ടറികൾ; നിയമവിരുദ്ധ വില്പന തടയാനൊരുങ്ങി ലോട്ടറി ഇന്റേണൽ വിജിലൻസ് വിഭാഗം
സ്വന്തം ലേഖകൻ
കൊച്ചി: ലോട്ടറി ടിക്കറ്റുകൾ നമ്പറിന്റെ അവസാനത്തെ നാലക്കം ഒരേ രീതിയിൽ വരുന്ന വിധം സെറ്റാക്കി വിൽക്കുന്നത് നിയന്ത്രിക്കാൻ കേരള ലോട്ടറി വകുപ്പിന്റെ നീക്കം. 12 ടിക്കറ്റിലധികം ഒരാൾ സെറ്റായി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ എല്ലാ ജില്ലയിലും ഇത്തരം വില്പന വ്യാപകമാണെന്ന് ലോട്ടറി ഇന്റേണൽ വിജിലൻസ് വിഭാഗം കണ്ടെത്തി.
എറണാകുളം, കോട്ടയം, തൃശൂർ, പാലക്കാട് ജില്ലകളാണ് ഇക്കാര്യത്തിൽ മുന്നിൽ. അന്യ സംസ്ഥാന ലോട്ടറി മാഫിയയാണ് ഇതിനു പിന്നിലെന്ന് അധികൃതർ പറയുന്നു. പരിചയക്കാർക്ക് സെറ്റ് ടിക്കറ്റുകൾ ലഭിക്കൂ. മറ്റു ജില്ലകളിൽ നിന്നു ലോട്ടറി എത്തിച്ച് സെറ്റാക്കിയും വില കുറച്ചും വിൽക്കുന്ന ഏജന്റുമാരുണ്ട്. ഇത്തരം ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചാൽ നികുതിയും നൽകേണ്ട. തുക വലുതായാലും ,10,000 രൂപയിൽ താഴെയുള്ള പല ടിക്കറ്റുകളായിരിക്കുമെന്നതാണ് കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായർ ഒഴികെ എല്ലാ ദിവസവും കേരള ലോട്ടറിയുടെ 94,20,000 ടിക്കറ്റുകളാണ് വിവിധ പേരുകളിൽ വില്പനയ്ക്കെത്തുന്നത്. ഇതിൽ 70 ശതമാനവും സെറ്റാക്കിയാണ് കച്ചവടം. ഒന്നിച്ച് ടിക്കറ്റെടുത്ത് പണം നഷ്ടമായി ആത്മഹത്യ ചെയ്തവരുമുണ്ട്.