play-sharp-fill
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചെന്ന അപഖ്യാതി നേരിട്ട അച്ഛന് രക്ഷ; ബാലവിവാഹിതയ്ക്ക് നീതി ; പാകിസ്ഥാനില്‍ ജനിച്ച മലയാളി പെണ്‍കുട്ടികള്‍ക്ക് പൗരത്വം ; ഭർത്താവിന്റെ പീഡനംകൊണ്ട് ദുതിതമനുഭവിച്ച യുവതിക്ക് ജീവിതത്തിലെ ദുർവിധിയില്‍ നിന്ന് മോചനം ; ജൂലൈ മാസത്തിൽ കേരള ഹൈക്കോടതി വിധികളിലെ മനുഷ്യസ്പർശമേറ്റ കേസുകള്‍

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചെന്ന അപഖ്യാതി നേരിട്ട അച്ഛന് രക്ഷ; ബാലവിവാഹിതയ്ക്ക് നീതി ; പാകിസ്ഥാനില്‍ ജനിച്ച മലയാളി പെണ്‍കുട്ടികള്‍ക്ക് പൗരത്വം ; ഭർത്താവിന്റെ പീഡനംകൊണ്ട് ദുതിതമനുഭവിച്ച യുവതിക്ക് ജീവിതത്തിലെ ദുർവിധിയില്‍ നിന്ന് മോചനം ; ജൂലൈ മാസത്തിൽ കേരള ഹൈക്കോടതി വിധികളിലെ മനുഷ്യസ്പർശമേറ്റ കേസുകള്‍

സ്വന്തം ലേഖകൻ

കേരളത്തിലെ പരമോന്നത നീതിപീഠമായ ഹൈക്കോടതിയുടെ ദിനങ്ങള്‍ ജൂലായ് മാസം സംഭവബഹുലമായിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച മാസപ്പടിയിലും മസാല ബോണ്ടിലുമടക്കം കോടതിമുറികളില്‍ ശക്തമായ വാദം നടന്നു. എന്നാല്‍ ഇതിനിടയില്‍ പുറത്തുവന്ന ഏതാനും വിധിപ്രസ്താവങ്ങള്‍ അതിലുമേറെ വാർത്താപ്രാധാന്യം നേടി. വിധികളിലെ മനുഷ്യസ്പർശമാണ് ഇതിന് കാരണമായത്.

തിരുവനന്തപുരത്ത് മൂന്നു വയസുകാരിയെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തതായി അമ്മ പരാതി നല്‍കിയ സംഭവം 2015 കാലഘട്ടില്‍ സമൂഹമനസാക്ഷിക്ക് നൊമ്ബരമായിരുന്നു. എന്നാല്‍ അമ്മയുടെ പരാതി വ്യാജമാണെന്ന നടുക്കുന്ന കണ്ടെത്തലാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവിലുള്ളത്. പിതാവിനെതിരെ മംഗലപുരം പൊലീസ് ര‌ജിസ്റ്റർ ചെയ്ത കേസില്‍ ആറ്റിങ്ങല്‍ ഫാസ്റ്റ്ട്രാക്ക് കോടതിയുടെ തുടർനടപടികള്‍ റദ്ദാക്കിയ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അമ്മയ്‌ക്കെതിരെ കേസെടുക്കാനും നിർദ്ദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അച്ഛനെയും അമ്മയെയും ഇഷ്ടമാണെന്നും, അച്ഛനെയാണ് കൂടുതല്‍ ഇഷ്ട”മെന്നും മജിസ്ട്രേറ്റ് കോടതിയില്‍ കുട്ടി നല്‍കിയ മൊഴി തന്നെ ശക്തമായ തെളിവാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. വ്യാജ പരാതിയില്‍ പിതാവിനുണ്ടായ മനോവിഷമം വ്യക്തമാക്കാൻ കൈതപ്രത്തിന്റെ ‘സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം…” എന്ന പാട്ട് വിധിയില്‍ ഉദ്ധരിച്ചതും ശ്രദ്ധേയമായി.

കുട്ടിയെ വിട്ടുകൊടുക്കേണ്ടി വരുമെന്ന് ഭയന്നാകണം വ്യാജ പരാതി സൃഷ്ടിച്ചത്. ഹീനമായ ആരോപണങ്ങളുന്നയിച്ച യുവതിയുടെ പേര് പൊതുസമൂഹം അറിയേണ്ടതാണെങ്കിലും കുട്ടിയുടെ സ്വകാര്യത മാനിച്ച്‌ അതിന് മുതിരുന്നില്ലെന്നും ഉത്തരവില്‍ പറഞ്ഞു.

ബാലവിവാഹ നിരോധന നിയമം (2006) എല്ലാ മതനിയമങ്ങള്‍ക്കും മുകളിലാണെന്ന ഉത്തരവും ജൂലായില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായി. പൗരത്വമാണ് പ്രഥമം. മതം അതിനു പിന്നിലാണ്. ബാലവിവാഹത്തിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പുതുക്കോട് സ്വദേശികളായ അഞ്ചു പ്രതികള്‍ നല്‍കിയ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കുകയും ചെയ്തു.

നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്ന കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ തുടരുന്നത് ദുഃഖിപ്പിക്കുന്നതായി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിരീക്ഷിച്ചു. മുഹമ്മദീയ നിയമം പറഞ്ഞ് പ്രതികള്‍ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചത് അതിലേറെ ദുഃഖകരമാണെന്നും കൂട്ടിച്ചേർത്തു.

ബാലവിവാഹം കുട്ടികള്‍ക്ക് പഠിക്കാനും ആരോഗ്യത്തോടെ ജീവിക്കാനുമുള്ള അവകാശങ്ങളുടെ ലംഘനമാണ്. ചൂഷണത്തിന് വഴിവയ്ക്കുന്നതാണ്. ചെറുപ്പത്തിലെ വിവാഹവും ഗർഭധാരണവും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ശിശുമരണം, പ്രസവപ്രശ്നങ്ങള്‍, ലൈംഗിക രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം. മിക്ക പെണ്‍കുട്ടികളും പഠനം ഉപേക്ഷിക്കേണ്ടിവരും. ഭാവി ഇരുളിലാകും. വൈകാരിക, മാനസികപ്രശ്നങ്ങളുണ്ടാക്കും. വിഷാദവും ആശങ്കയും അലട്ടും. വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടാനിടയാക്കും. അതിനാല്‍ പെണ്‍കുട്ടികള്‍ പഠിച്ചുവളരട്ടെ. യാത്രകള്‍ ചെയ്തും മറ്റും ജീവിതം ആസ്വദിക്കട്ടെ. ആധുനിക സമൂഹത്തില്‍ വിവാഹത്തിന് നിർബന്ധിക്കുന്നത് ശരിയല്ല. പ്രായപൂർത്തിയാകുമ്ബോള്‍ ആവശ്യമെങ്കില്‍ അവർ രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ വിവാഹജീവിതം തിരഞ്ഞടുത്തുകൊള്ളുമെന്നും കോടതി വ്യക്തമാക്കി.

പാകിസ്ഥാനില്‍ ജനിച്ച രണ്ടു യുവതികള്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കാനുള്ള ഉത്തരവായിരുന്നു മറ്റൊന്ന്. തലശേരി സ്വദേശിയായ റഷീദാ ബാനു, രണ്ടു പെണ്‍മക്കള്‍ക്കുവേണ്ടി നല്‍കിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിർദ്ദേശം. ഇവർ പാക് പൗരത്വം ഉപേക്ഷിച്ചവരാണ്. ഇവർക്ക് ഇന്ത്യൻ പൗരത്വം നല്‍കുന്നതില്‍ എതിർപ്പില്ലെന്ന് പാക് ഹൈക്കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഇത് പരിഗണിച്ചാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ബെഞ്ച് കേന്ദ്രസർക്കാരിന് നിർദ്ദേശം നല്‍കിയത്. പൗരത്വം നല്‍കിയ ഉത്തരവ് മൂന്നു മാസത്തിനുള്ളില്‍ ഇറങ്ങിയിരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഇപ്പോള്‍ യു.എ.ഇയില്‍ ജോലി ചെയ്യുന്ന ബാനുവിന്റെ ഭർത്താവ് മുഹമ്മദ് മറൂഫ് തന്റെ മുത്തശ്ശിക്കൊപ്പം 1977ല്‍ കേരളത്തില്‍നിന്ന് പാക്കിസ്ഥാനിലേക്ക് കുടിയേറിയിരുന്നു. 2008ല്‍ കുടുംബം ഇന്ത്യയിലേക്ക് തിരികെപ്പോരുകയും ചെയ്തു. പൗരത്വം ഉപേക്ഷിക്കുന്നത് അനുവദിച്ചുകൊണ്ടുള്ള പാക്കിസ്ഥാൻ സർക്കാരിന്റെ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് പൗരത്വം നല്‍കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. എന്നാല്‍ പെണ്‍മക്കള്‍ക്ക് പ്രായപൂർത്തിയാകാത്തതിനാല്‍ പൗരത്വം ഉപേക്ഷിച്ചുകൊണ്ടുള്ള രേഖ കിട്ടിയിരുന്നില്ല. 21 വയസ് പൂർത്തിയായാല്‍ മാത്രമേ പാക്കിസ്ഥാൻ ഈ രേഖ അനുവദിക്കൂ. ഈ സാഹചര്യത്തില്‍ മക്കള്‍ക്ക് കേന്ദ്രസർക്കാർ പൗരത്വം നല്‍കിയിരുന്നില്ല. തുടർന്നാണ് കുടുംബം കോടതിയെ സമീപിച്ചത്.

പൗരത്വം ഉപേക്ഷിച്ചതായി പറയുന്ന രേഖ പ്രധാന തെളിവായി കണക്കാക്കേണ്ടതില്ലെന്നും പാക് പാസ്‌പോർട്ട് ഉപേക്ഷിച്ചതിനാല്‍ പാക് പൗരന്മാരായി ഹർജിക്കാർക്ക് ഇനി തിരിച്ചുപോകാൻ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

പങ്കാളിയെ തുടർച്ചയായി അവഗണിക്കുന്നതും അസഹനീയമാം വിധം പെരുമാറുന്നതും വിവാഹമോചനത്തിന് ഉതകുന്ന ക്രൂരതയായി കണക്കാക്കാമെന്നതാണ് ഹൈക്കോടതിയില്‍ നിന്നുവന്ന മറ്റൊരു സുപ്രധാന ഉത്തരവ്.

14 വർഷമായി ഭർത്താവില്‍ നിന്ന് വേർപിരിഞ്ഞു കഴിയുന്ന മാവേലിക്കര സ്വദേശിനിയുടെ വിവാഹമോചന ഹർജി തള്ളിയ ആലപ്പുഴ കുടുംബക്കോടതി ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് സി. പ്രതീപ്കുമാർ എന്നിവരുള്‍പ്പെട്ട ഡിവിഷൻബെ‌ഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്. ദാമ്ബത്യത്തിലെ ക്രൂരത എന്നത് കണക്കിലെ കൃത്യത പോലെ നിർവചിക്കാനാകില്ലെങ്കിലും ഈ കേസില്‍ തെളിവുകള്‍ ശക്തമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരിക്ക് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.

സംഭവിച്ചതെല്ലാം ദാമ്ബത്യത്തിലെ സാധാരണ പ്രശ്നങ്ങളാണെന്നും യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാൻ എതിർകക്ഷിയായ ഭർത്താവ് തയാറായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കുടുംബക്കോടതി വിവാഹമോചനം നിരാകരിച്ചത്. ഇത് തെറ്റായ തീരുമാനമാണെന്ന് ഹൈക്കോടതി വിലയിരുത്തി. സ്വതന്ത്രമായി ശബ്ദിക്കാൻ പോലും കഴിയാത്ത വിധമാണ് ഹർജിക്കാരി ഭർത്താവിനൊപ്പം 10 വർഷം കഴിഞ്ഞത്. 2010ല്‍ ഒരു ദിവസം മർദ്ദിക്കുകയും മുറിയില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. അതേസമയം, ആത്മഹത്യാ ഭീഷണി മുഴക്കി തന്നെ ഹർജിക്കാരി കുടുക്കിയതാണെന്നുള്ള ഭർത്താവിന്റെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു.

മേല്‍പറഞ്ഞ കോടതി ഉത്തരവുകള്‍ ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഉദാഹരണങ്ങളായി. പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചെന്ന അപഖ്യാതി നേരിട്ട അച്ഛന് രക്ഷയായി, ബാലവിവഹിതയ്ക്ക് നീതി കിട്ടാൻ വഴിയൊരുങ്ങി, പാകിസ്ഥാനില്‍ ജനിച്ച മലയാളി പെണ്‍കുട്ടികള്‍ക്ക് പൗരത്വത്തിന് വഴിയൊരുങ്ങി, ഭർത്താവിന്റെ പീഡനംകൊണ്ട് ദുതിതമനുഭവിച്ച യുവതിക്ക് ജീവിതത്തിലെ ദുർവിധിയില്‍ നിന്ന് മോചനമാവുകയും ചെയ്തു.