‘കരളേ നിൻ കൈപിടിച്ചാൽ കടലോളം വെണ്ണിലാവ്…’ കരളാണെങ്കിലും കൈപിടിക്കരുതേ വൃത്തിയായി കൈകഴുകണേ; കൊറോണയ്ക്കെതിരെയുള്ള ആരോഗ്യ വകുപ്പിന്റെ പ്രചരണം ഹിറ്റ് ചാർട്ടിലേക്ക്
സ്വന്തം ലേഖകൻ
ആലപ്പുഴ: കൊറോണയ്ക്കെതിരെയുള്ള ആരോഗ്യ വകുപ്പിന്റെ പ്രചരണവും ഹിറ്റ് ചാർട്ടിലേയ്ക്ക് . വിവിധ ഗാനങ്ങൾ കോർത്തിണക്കിയാണ് കൊറോണയ്ക്കെതിരെ പ്രചരണവുമായി ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്. ‘കരളേ നിൻ കൈപിടിച്ചാൽ കടലോളം വെണ്ണിലാവ്…’ പാട്ട് ആസ്വദിച്ചു തുടങ്ങുമ്പോൾ ആരോഗ്യവകുപ്പെത്തും. കരളാണെങ്കിലും കൈപിടിക്കരുതേ.
വൃത്തിയായി കൈകഴുകണേ എന്ന് മുന്നറിയിപ്പ് തരും! ‘മെല്ലെമെല്ലെ മുഖപടം തെല്ലൊതുക്കി…’ എന്ന പാട്ടിന്റെ പിറകേയുള്ള മുന്നറിയിപ്പ് ഇങ്ങനെയാണ്. മുഖപടം ഇട്ടില്ലെങ്കിലും കഴിയുമെങ്കിൽ മാസ്‌ക് ധരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർച്ചീഫുകൊണ്ട് മുഖംപൊത്തുക.’തൊട്ടുരുമ്മി ഇരിക്കാൻ കൊതിയായി…’ എന്ന പാട്ടിലാണ് അടുത്ത ഉപദേശം. തൊട്ടു തൊട്ടിരിക്കേണ്ട! പബ്ലിക് ചടങ്ങുകൾ ഒഴിവാക്കുവാനാണിത്. ‘തൊട്ടു തൊട്ടു തൊട്ടുനോക്കാമോ…’ എന്ന പാട്ടിലാണ് അടുത്ത നിർദ്ദേശം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടയ്ക്കിടയ്ക്കുള്ള തൊട്ടുനോക്കലുണ്ടല്ലോ, ഈ മുക്കിലും വായിലും കണ്ണിലുമെല്ലാമുള്ളത്. അത് തത്കാലം ഒന്നുനിർത്തണേ എന്നാണത്. ആരോഗ്യവകുപ്പും പബ്ലിക് റിലേഷൻസ് ഡിപ്പാർട്ടുമെന്റും ചേർന്നാണ് പരസ്യം തയ്യാറാക്കുന്നത്. ഡോ. രമേശ് അയ്യർ, ഡോ. ദിവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനുപിന്നിൽ. അച്ചടി, റേഡിയോ, ടി.വി. എന്നിവയിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും നൽകുന്നതിനായി പ്രത്യേകം പരസ്യമാണ് വകുപ്പ് തയ്യാറാക്കിയിരുന്നു.