അറുപത്തഞ്ച് കഴിഞ്ഞ സ്ഥാനാർത്ഥികൾ വീടിനു പുറത്തിറങ്ങരുത്; വോട്ട് തേടി കറങ്ങരുത്; സ്ഥാനാർത്ഥിക്കൊപ്പമുള്ള നേതാക്കളും അണികളും അറുപത്തഞ്ച് കഴിഞ്ഞെങ്കിൽ പ്രചാരണത്തിന് ഇറങ്ങരുത്; പരാതിയുമായി പൊതുപ്രവർത്തകൻ രംഗത്ത്; 65 കഴിഞ്ഞ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവലിക്കണമെന്നും ആവശ്യം

അറുപത്തഞ്ച് കഴിഞ്ഞ സ്ഥാനാർത്ഥികൾ വീടിനു പുറത്തിറങ്ങരുത്; വോട്ട് തേടി കറങ്ങരുത്; സ്ഥാനാർത്ഥിക്കൊപ്പമുള്ള നേതാക്കളും അണികളും അറുപത്തഞ്ച് കഴിഞ്ഞെങ്കിൽ പ്രചാരണത്തിന് ഇറങ്ങരുത്; പരാതിയുമായി പൊതുപ്രവർത്തകൻ രംഗത്ത്; 65 കഴിഞ്ഞ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക പിൻവലിക്കണമെന്നും ആവശ്യം

തേർഡ് ഐ ബ്യൂറോ

കോട്ടയം: അറുപത്തഞ്ച് കഴിഞ്ഞ സ്ഥാനാർത്ഥികൾ വീടിനു പുറത്തിറങ്ങരുതെന്നും വോട്ട് തേടി കറങ്ങരുതെന്നുമുള്ള പരാതിയുമായി പൊതുപ്രവർത്തകൻ രംഗത്ത്. കോട്ടയത്തെ പൊതുപ്രവർത്തകനായ കെ.എസ് പത്മകുമാറാണ് ഇതു സംബന്ധിച്ചുള്ള പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന റിവേഴ്‌സ് ക്വാറന്റയിൻ പ്രകാരം അറുപത്തഞ്ച് വയസുകഴിഞ്ഞവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും വീടുകളിൽ നിന്നും പുറത്തിറങ്ങരുത് എന്നാണ് ചട്ടം. എന്നാൽ, തിരഞ്ഞെടുപ്പ് എത്തിയതോടെ ഈ ചട്ടം പൂർണമായും ലംഘിക്കപ്പെടുന്നതായാണ് പരാതി.

കോട്ടയം മുള്ളൻകുഴി കാരിമറ്റത്തിൽ വീട്ടിൽ കെ എസ് പത്മകുമാറാണ് ഇതു സംബന്ധിച്ചുള്ള പരാതി ഇലക്ഷൻ കമ്മീഷന് സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തു 65 വയസ്സ് കഴിഞ്ഞവരും 10 വയസ്സിൽ താഴെ പ്രായം ഉള്ളവരും വീടിനു പുറത്തിറങ്ങരുത് എന്നും അവരുമായി അടുത്തിടപഴകരുതെന്നുമാണ് സർക്കാരിന്റെ നിർദേശം നിലവിലുള്ളത്. ഇതു സംബന്ധിച്ചു മാധ്യമങ്ങളിലൂടെ കേരള സർക്കാരും ആരോഗ്യ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും ജനങ്ങളെ ഓർമ്മിപ്പിക്കുന്നുമുണ്ട് എന്നും പത്മകുമാറിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് പ്രോട്ടോക്കോൾ നിബന്ധനകളിൽ ഏറ്റവും പ്രാമുഖ്യം കൊടുക്കുന്ന നിബന്ധനയാണ് ഇത്. എന്നാൽ 65 വയസിനു മുകളിൽ പ്രായമുള്ള ധാരാളം വ്യക്തികൾ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നാമനിർദേശ പത്രികയും സമർപ്പിച്ചിട്ടുണ്ട്. ഇത് കോവിഡ് പ്രോട്ടോക്കോളിന്റെ ലംഘനമാണ് എന്നാണ് പത്മകുമാർ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്.

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ 18 വയസ്സ് പൂർത്തിയായ വോട്ടർ പട്ടികയിൽ പേരുള്ള ഏതൊരു വ്യക്തിക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് ഭരണഘടനാപരമായ അനുമതിയുണ്ട്. എന്നാൽ, ഇപ്പോഴും ലോക ജനതയെ മുഴുവൻ ഭീതിയിൽ ആഴ്ത്തിക്കൊണ്ടു വ്യാപനം തുടർന്നുകൊണ്ടിരിക്കുന്ന കോവിഡിനെ പ്രതിരോധിക്കുന്നതിനാണ് സർക്കാർ ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.

സർക്കാർ 65 വയസുകഴിഞ്ഞ മുഴുവൻ സ്ഥാനാർത്ഥിമാരോടും അവർ സമർപ്പിച്ചിട്ടുള്ള നാമ നിർദ്ദേശ പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെടണമെന്നു പത്മകുമാർ നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. ഇതു സംബന്ധിച്ചു തെരെഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നല്കണമെന്നും പത്മകുമാറിന്റെ പരാതിയിലുണ്ട്. സ്ഥാനാർത്ഥിമാർ അല്ലാത്ത 65 വയസിനു മുകളിൽ പ്രായമുള്ളവർ തെരെഞ്ഞെടുപ്പ് പ്രവർത്തനത്തിൻറെ ഭാഗമായി തങ്ങളുടെ സ്ഥാനാർത്ഥിയ്ക്കു വേണ്ടി വോട്ട് ചോദിക്കുന്നതും വിലക്കണം.

അല്ലാത്തപക്ഷം തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കോവിഡ് വ്യാപനം കൂടുതലായാൽ ആയതിൻറെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനും കേരള സർക്കാരിനും മാത്രമായിരിക്കുമെന്നും ഇദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു.