പി.വി അൻവറിന്റെ സംഘടനയായ ഡിഎംകെയില്‍ പിളർപ്പ് ; സ്ഥാനാർത്ഥിയായി നിശ്ചയിച്ച മിൻഹാജിനെ പിൻവലിച്ച നടപടിയില്‍ പ്രതിഷേധം ; ജില്ലാ സെക്രട്ടറി രാജിവച്ചു
സ്വന്തം ലേഖകൻ
പാലക്കാട്: ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി നിശ്ചയിച്ച മിൻഹാജിനെ പിൻവലിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേരള ഡിഎംകെയുടെ ജില്ലാ സെക്രട്ടറി ബി.ഷമീർ പാർട്ടിയില്‍ നിന്നും രാജിവച്ചു. പാർട്ടി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം തന്നെ പി.വി അൻവറിന്റെ സംഘടനയായ ഡിഎംകെയില്‍ ഇതോടെ പിളർപ്പുണ്ടായിരിക്കുകയാണ്. ഇടത് പക്ഷത്തിനും യുഡിഎഫിനുമൊപ്പം നില്‍ക്കാതെ സ്വതന്ത്രമായി നില്‍ക്കണം എന്ന നിലപാടുകൊണ്ടാണ് അൻവറിനൊപ്പം നിന്നതെന്നും എന്നാല്‍ സംഘടന, സ്ഥാനാർത്ഥിയെ പിൻവലിച്ചതില്‍ പ്രതിഷേധിച്ച് രാജിവയ്‌ക്കുകയാണെന്നും ബി.ഷമീർ അറിയിച്ചു.
പാലക്കാട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും ബി.ഷമീർ മാദ്ധ്യമങ്ങളോട് അറിയിച്ചു. അതേസമയം കേരള ഡിഎംകെയുമായി ഷമീറിന് യാതൊരു ബന്ധവുമില്ലെന്നും ഷമീർ പാർട്ടിയുടെ ആരുമല്ലെന്നും പി.വി അൻവർ എംഎല്‍എ പ്രതികരിച്ചു. കഴിഞ്ഞദിവസം അൻവർ ഡിഎംകെയുടെ ശക്തിപ്രകടനത്തിന് ആളെ കൊണ്ടുവന്നത് കൂലിക്ക് എത്തിച്ചതാണെന്ന പരിഹാസത്തിനും എംഎല്‍എ മറുപടി നല്‍കിയിരുന്നു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ (ഡിഎംകെ ) റാലിയില്‍ സിപിഎം ചിലരെ തിരുകി കയറ്റിയെന്നാണ് അൻവർ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂലിക്ക് ആളെ ഇറക്കിയ സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നും ഒരാളേയും പണം കൊടുത്ത് എത്തിച്ചിട്ടില്ലെന്നും അൻവർ വ്യക്തമാക്കി. അപമാനം സഹിച്ചാണ് പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിച്ചതെന്നും നാണക്കേട് സഹിച്ചത് ബിജെപിയെ തടയാനാണെന്നും അൻവർ കൂട്ടിച്ചേർത്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിന്റെ സ്ഥാനാർത്ഥിത്വമാണ് ഡിഎംകെ പിൻവലിച്ചത്.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുമെന്നും അൻവർ അറിയിച്ചിരുന്നു. ഒരുപാധിയുമില്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നതായി അൻവർ കണ്‍വെൻഷനില്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണയ്ക്കുന്നത്. രണ്ട് ദിവസം മുമ്ബ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അൻവർ വ്യക്തമാക്കി.