എന്‍.എസ്‌.എസിന്‌ എതിരായ അതിക്രമം : സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്ന്‌  കെ.എം മാണി

എന്‍.എസ്‌.എസിന്‌ എതിരായ അതിക്രമം : സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്ന്‌ കെ.എം മാണി

സ്വന്തം ലേഖകൻ

കോട്ടയം : എന്‍.എസ്‌.എസ്‌ കരയോഗമന്ദിരങ്ങള്‍ക്കെതിരായി ആവര്‍ത്തിക്കുന്ന അതിക്രമങ്ങളെക്കുറിച്ച്‌ അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ പോലീസ്‌ ടീമിനെ നിയോഗിക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്സ്‌ (എം) ചെയര്‍മാന്‍ കെ.എം മാണി ആവശ്യപ്പെട്ടു. എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറിക്ക്‌ റീത്ത്‌ സമര്‍പ്പിക്കുന്നത്‌പോലെയുള്ള അതിനികൃഷ്‌ഠമായ പ്രവര്‍ത്തികള്‍ക്ക്‌ പിന്നിലെ അരാജകവാദികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌. കേരളീയ സമൂഹത്തിന്‌ മഹത്തായ സംഭാവനകള്‍ നല്‍കിയ എന്‍.എസ്‌.എസിന്‌ എതിരായി നടത്തുന്ന ഇത്തരം അതിക്രമങ്ങളെ കേരളാ കോണ്‍ഗ്രസ്സ്‌ (എം) അതിശക്തമായി അപലപിക്കുന്നതായും കെ.എം മാണി പറഞ്ഞു.
എന്‍.എസ്‌.എസ്‌ കരയോഗമന്ദിരങ്ങള്‍ക്കെതിരെ വ്യാപകമായ അതിക്രമങ്ങള്‍ക്ക്‌ പിന്നിലെ ശക്തികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്‌ കേരളാ കോണ്‍ഗ്രസ്സ്‌ (എം) വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കെ.മാണി എം.പിയും ആവശ്യപ്പെട്ടു.എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി പോലുള്ള സമുന്നത വ്യക്തിത്വത്തെ അപമാനിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ അതിശക്തമായി കേരളീയ സമൂഹം ചെറുക്കുമെന്നും ജോസ്‌ കെ.മാണി പറഞ്ഞു.