
ഡല്‍ഹി: പുലർച്ചെ മുതല്‍ രാത്രി വരെ നീണ്ട നാടകീയതയ്ക്കൊടുവിലും കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ് ഹൈക്കമാൻഡ്.
രാവിലെ കേരള ഹൗസിലും വൈകുന്നേരം നാലുമുതല്‍ രാജാജി മാർഗിലെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെയും വസതിയിലും നടന്ന പലതലത്തിലുള്ള ചർച്ചകളിലും തീരുമാനമായില്ല.
അനുനയ നീക്കങ്ങള്‍ക്കു കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും വഴങ്ങാതെ ഉറച്ചു നിന്നു. ഖാർഗെയുടെ വസതിയില്‍ ഖാർഗെയും രാഹുല്‍ ഗാന്ധിയും മൂന്നു മണിക്കൂറിലേറെ ചർച്ച നടത്തിയിട്ടും തീരുമാനമില്ലെന്നതായിരുന്നു അന്തിമ തീരുമാനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കമാൻഡ് ഇനി തീരുമാനിക്കും. ഡല്‍ഹി ചർച്ചകള്‍ പൂർത്തിയായെങ്കിലും പുതിയ മുഖ്യമന്ത്രിയെ ഇനി എന്നു പ്രഖ്യാപിക്കുമെന്നുപോലും പറയാൻ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുൻഷിക്കു കഴിഞ്ഞില്ല.
തീരുമാനത്തിനു കാത്തിരിക്കുമെന്ന് വേണുഗോപാലും ചെന്നിത്തലയും സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പിന്നീട് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് ഇന്നലെ കേരളം കാത്തിരുന്ന പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും പോസ്റ്റർ-ഫ്ലക്സ് പ്രചാരണവും അവസാനിപ്പിക്കണമെന്ന സന്ദേശം മാത്രമാണു യോഗത്തിനുശേഷം നേതാക്കളില്‍ നിന്നുണ്ടായത്.
വിശദവും സൗഹാർദപരവുമായ ചർച്ചകള്‍ക്കുശേഷവും സസ്പെൻസിന് അവസാനമുണ്ടായില്ല. പ്രതീക്ഷ വിട്ടിട്ടില്ലെന്ന സൂചനയാണു ചെന്നിത്തലയും സതീശനും വേണുഗോപാലും നല്‍കിയത്.
നിശ്ചയിച്ചതുപോലെ കൃത്യം നാലിനു മുൻപായി തന്നെ കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണിയും എഐസിസിയുടെ ദീപാ ദാസ് മുൻഷിയും നിരീക്ഷകരായിരുന്ന മുകുള്‍ വാസ്നിക്കും അജയ് മാക്കനും ഖാർഗെയുടെ വസതിയിലെത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയും സമയത്തുതന്നെ എത്തിയതോടെ നിശ്ചിത സമയത്ത് യോഗം തുടങ്ങി. മൂന്നു മണിക്കൂറിലേറെ വസതിക്കുള്ളില്‍ ചർച്ച നടത്തിയശേഷം രാത്രി 7.10ന് ദീപാദാസ് മുൻഷി നാല് കേരള നേതാക്കളെയും കൂട്ടി മാധ്യമങ്ങളെ കണ്ടു.
നിയുക്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് വൈകാതെ പ്രഖ്യാപിക്കുമെന്ന് വേണുഗോപാല്‍, ചെന്നിത്തല, സതീശൻ, സണ്ണി എന്നിവരെ കൂടെ നിർത്തി ദീപ അറിയിച്ചു. എന്നാല്‍ പ്രഖ്യാപനം എന്നുണ്ടാകുമെന്ന് പറയാൻ അവർ തയാറായില്ല.







