Spread the love

ഹരിപ്പാട്: പണയത്തിലുള്ള സ്വ‌ർണം എടുത്തുതരണമെന്ന് ആവശ്യപ്പെട്ട് സ്വർണ്ണ വ്യാപാരിയെ വിളിച്ചുവരുത്തി മുളകുപൊടി വിതറി 28 ലക്ഷം രൂപയടങ്ങിയ ബാഗും 22 ഗ്രാം സ്വർണവും കവർന്ന സംഘം മണിക്കൂറുകള്‍ക്കകം പിടിയിലായി.

video
play-sharp-fill

നാട്ടുകാർ നല്‍കിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കുന്നപ്പുഴ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പത്തു മിനിറ്റിനുള്ളില്‍ പ്രതികളെ വളഞ്ഞുപിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം മീനച്ചില്‍ കിടങ്ങൂർ തട്ടേമാട്ടേല്‍ വീട്ടില്‍ ശ്രീജിത്ത് ബെന്നി (27), കഞ്ഞിക്കുഴി എസ്‌എല്‍ പുരം തിരുവാതിര വീട്ടില്‍ അരവിന്ദ് (27), കോട്ടയം കടപ്പൂർ വട്ടുകുളം എർത്തയില്‍ വീട്ടില്‍ അനീഷ് ജയിംസ് (22) എന്നിവരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളില്‍നിന്ന് കവർച്ച ചെയ്ത 28,23,800 രൂപയും 22 ഗ്രാം സ്വർണവും പോലീസ് കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വണ്ടാനത്ത് താമസിക്കുന്ന വടുതല നദ്വത്ത് നഗർ സ്വദേശി നസറുല്‍ ഇസ്ലാമിനെയാണ് (നാസർ – 52) സംഘം ചതിയില്‍പ്പെടുത്തിയത്.

ഒരു സ്കൂട്ടറില്‍ മൂന്നുപേർ പണവുമായി പാഞ്ഞുപോകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ തൃക്കുന്നപ്പുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

മതുക്കല്‍ ഭാഗത്തുനിന്നും ജങ്കാർ ജെട്ടി ലക്ഷ്യമാക്കി വന്ന പ്രതികളെ പോലീസ് തന്ത്രപരമായി വളഞ്ഞു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഏറെ പണിപ്പെട്ടാണ് പോലീസ് സംഘം കീഴടക്കിയത്.പിടിയിലായവർ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണ്. ഒന്നാം പ്രതിയായ ശ്രീജിത്ത് ബെന്നി കാപ്പാ നിയമപ്രകാരം നടപടി നേരിട്ടയാളും രണ്ട് വധശ്രമക്കേസുകള്‍ ഉള്‍പ്പെടെ ആറോളം കേസുകളില്‍ പ്രതിയുമാണ്.

രണ്ടാം പ്രതിയായ അരവിന്ദ് വൈക്കം തുരുത്തിപ്പള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായിരിക്കെ വിഗ്രഹത്തിലെ മാല മോഷ്ടിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.

മൂന്നാം പ്രതിയായ അനീഷ് ജെയിംസ് പ്രായപൂർത്തിയാക്കാത്ത പട്ടികജാതി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.