Spread the love

വെനസ്വേല : വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്‌റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. യന്ത്രസാമഗ്രികളുടെ അഭാവവും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂകമ്പത്തില്‍ 383 കെട്ടിടങ്ങളും 13 ആശുപത്രികളും 25 ഷോപ്പിംഗ് സെന്ററുകളും 1,002 മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകര്‍ന്നതായി വെനസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചു.

video
play-sharp-fill

വെനസ്വലയിലെ തുറമുഖ നഗരമായ ലാഗ്വയ്റയിലും തലസ്ഥാനമായ കരാക്കസിലുമാണ് ഏറ്റവും വലിയ നാശനഷ്ടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ലാ ഗൈ്വറ പ്രവിശ്യയില്‍ വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് സൈന്യത്തെ വിന്യസിച്ചു. രാജ്യത്തെ പ്രധാന തുറമുഖമായ പോര്‍ട്ടോ കാബെല്ലോ, എല്‍ പാലിറ്റോ എണ്ണ ശുദ്ധീകരണ ശാല എന്നിവടങ്ങളിലെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകരാറിലായത് പ്രതിസന്ധി ഇരട്ടിയാക്കിയിട്ടുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ മാറ്റാനുള്ള യന്ത്രസാമഗ്രികളുടെ അഭാവമാണ് ഏറ്റവും വലിയ വെല്ലുവിളി. ലാ ഗ്വയ്റയില്‍ 250ലേറെ കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ നിലംപൊത്തിയത്. പത്തുനിലയുള്ള ഹോട്ടലടക്കം തകര്‍ന്നടിഞ്ഞു. ആയിരക്കണക്കിനു പേരെ കാണാതായിട്ടുണ്ടെങ്കിലും കാണാതായവരുടെ എണ്ണത്തെപ്പറ്റി സര്‍ക്കാരിന് ഇനിയും ഏകദേശ കണക്കുപോലുമില്ലെന്നാണ് വിവരം.