
കോട്ടയം: തെരഞ്ഞെടുപ്പുപരാജയം ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെയും സിപിഐയുടെയും ജില്ലാ നേതൃയോഗങ്ങള്‍ അടുത്തയാഴ്ച ചേരും.
സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങള്‍ക്കു ശേഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും അടുത്തയാഴ്ച ആദ്യം ചേരും.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് സുചന. ഇന്നും നാളെയും പോളിറ്റ് ബ്യൂറോ യോഗവും 14,15 തീയതികളില്‍ സംസ്ഥാന കമ്മിറ്റിയും ചേരാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഈ യോഗങ്ങള്‍ക്കു ശേഷമായിരിക്കും ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും.
സിപിഎം മത്സരിച്ച ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലെ തോല്‍വി ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഇടതു കോട്ടയായ വൈക്കം, കേരള കോണ്‍ഗ്രസ്-എം മത്സരിച്ച പാലാ എന്നിവിടങ്ങളിലെ പരാജയവും പ്രത്യേകം ചര്‍ച്ച ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായിരുന്ന വി.എന്‍. വാസവന് ഏറ്റുമാനൂരില്‍ ഉണ്ടായ കനത്ത തിരിച്ചടി ജില്ലാ കമ്മിറ്റിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വഴി തെളിക്കും. ഏറ്റുമാനൂരിലെ പരാജയം പഠിക്കുന്നതിനായി പ്രത്യേക കമ്മീഷനെ നിയോഗിക്കാനും സാധ്യതയുണ്ട്.
പാലായിലും വൈക്കത്തും സിപിഎം വോട്ടുകള്‍ ചോര്‍ന്നില്ലെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും ഇവിടത്തെ പരാജയത്തിന്റെ കാരണം പ്രാദേശിക നേതാക്കള്‍ വിശദീകരിക്കേണ്ടി വരും.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലുണ്ടായ തിരിച്ചടി മനസിലാക്കാന്‍ പ്രദേശിക നേതൃത്വത്തിനു കഴിഞ്ഞില്ല.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വേണ്ടരീതിയില്‍ ഏകോപിപ്പിക്കുന്നതിലും മണ്ഡലം കമ്മിറ്റിക്കു വീഴ്ചയുണ്ടായതായാണ് വിവരം.പ്രദേശിക നേതാക്കള്‍ പല തട്ടായി തിരിഞ്ഞു പ്രവര്‍ത്തിച്ചതും ഏകോപനമില്ലായ്മയ്ക്കു കാരണമായി, പാര്‍ട്ടി കേന്ദ്രങ്ങളായ തിരുവാര്‍പ്പിലും കുമരകത്തുമുണ്ടായ തിരിച്ചടി മനസിലാക്കാന്‍ നേതൃത്വത്തിനു കഴിഞ്ഞില്ല.
ഇവിടെ സിപിഎം വോട്ടുകള്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഇക്കാര്യങ്ങളും ചര്‍ച്ച ചെയ്യും.
മുന്‍ എംഎല്‍എ കൂടിയായ സുരേഷ് കുറുപ്പിനെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിച്ചില്ലെന്നും ആക്ഷേപമുണ്ട്. കമ്മീഷനെ നിയോഗിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്.
കോട്ടയം മണ്ഡലത്തില്‍ പ്രചാരണത്തില്‍ മുന്നേറ്റമുണ്ടാക്കാനായെങ്കിലും വോട്ടായി മാറ്റാന്‍ പറ്റിയില്ല.
പുതുപ്പള്ളിയില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് അഭിമാനകരമായ പോരാട്ടം നടത്താനായെന്നാണ് വിലയിരുത്തലെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വീഴ്ച പറ്റിയതായി ആക്ഷേപമുണ്ട്.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം. സ്വരാജ്. വി.എന്‍. വാസവന്, പി.കെ. ബിജു, കെ.കെ. ജയചന്ദ്രന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തേക്കും







