play-sharp-fill
കേരള ബിജെപിയില്‍ വിഭാഗീയത വീണ്ടും ശക്തമാകുന്നു ; സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നതോടെ കെ സുരേന്ദ്രനെതിരായ നേതാക്കളുടെ കരുനീക്കങ്ങള്‍ ശക്തമാകുന്നു ; സന്ദീപ് വാര്യരുടെ പാർട്ടി മാറ്റത്തില്‍ വിമർശനങ്ങള്‍ ഉയരുന്നത് കെ. സുരേന്ദ്രനെ ലക്ഷ്യമിട്ട് ; പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം കെ സുരേന്ദ്രന് നിര്‍ണായകമാവും

കേരള ബിജെപിയില്‍ വിഭാഗീയത വീണ്ടും ശക്തമാകുന്നു ; സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നതോടെ കെ സുരേന്ദ്രനെതിരായ നേതാക്കളുടെ കരുനീക്കങ്ങള്‍ ശക്തമാകുന്നു ; സന്ദീപ് വാര്യരുടെ പാർട്ടി മാറ്റത്തില്‍ വിമർശനങ്ങള്‍ ഉയരുന്നത് കെ. സുരേന്ദ്രനെ ലക്ഷ്യമിട്ട് ; പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം കെ സുരേന്ദ്രന് നിര്‍ണായകമാവും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര നേതൃത്വത്തെ ഭയന്ന് കേരള ബിജെപിയില്‍ ശാന്തമായിരുന്ന വിഭാഗീയത വീണ്ടും ശക്തമാകുന്നു. സന്ദീപ് വാര്യർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നതോടെയാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നേതാക്കള്‍ കരുനീക്കങ്ങള്‍ ശക്തമാക്കിയത്.

സന്ദീപ് വാര്യർക്കെതിരെ സുരേന്ദ്രൻ അനുകൂലികള്‍ സൈബർ ലോകത്ത് രൂക്ഷ വിമർശനം ഉയർത്തുമ്ബോള്‍, സന്ദീപ് വാര്യർ പാർട്ടി വിട്ടതിന്റെ ഉത്തരവാദിത്തം ബിജെപി സംസ്ഥാന നേതൃത്വത്തിനാണെന്ന വിമർശനമാണ് മറു വിഭാഗം ഉയർത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടിലേറെ ഗ്രൂപ്പുകളാണ് കേരളത്തിലെ ബിജെപിയിലുള്ളത്. കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗവും മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ. കൃഷ്ണദാസിനെ അനുകൂലിക്കുന്ന വിഭാഗവും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗവുമാണ് പ്രബലമായ മൂന്ന് ഗ്രൂപ്പുകള്‍. സന്ദീപ് വാര്യരുടെ പാർട്ടി മാറ്റത്തില്‍ കെ. സുരേന്ദ്രനെ ലക്ഷ്യമിട്ടാണ് വിമർശനങ്ങള്‍ ഉയരുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമല്ലെങ്കില്‍ കെ സുരേന്ദ്രനെതിരെ ശക്തമായ പടപ്പുറപ്പാടുണ്ടാകുമെന്ന സൂചനയും ചില കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്.

സുരേന്ദ്രനുമായി തുടക്കംതൊട്ടേ സ്വരച്ചേർച്ചയിലായിരുന്നില്ല സന്ദീപ്. എന്നാല്‍, ആർ.എസ്.എസുമായി നല്ലബന്ധത്തിലും. ഈ ബന്ധം പ്രയോജനപ്പെടുത്താനാണ് സന്ദീപിനെ അനുനയിപ്പിക്കാൻ ആർ.എസ്.എസ്. നേതാക്കള്‍ ഇറങ്ങിയതും. എന്നിട്ടും നേതൃത്വത്തിനും പാലക്കാട് സ്ഥാനാർഥിക്കുമെതിരേ വിമർശനംതുടർന്ന സന്ദീപിനെ ആർ.എസ്.എസും കൈവിട്ടതോടെ അച്ചടക്കനപടിയിലേക്കു നീങ്ങുകയായിരുന്നു പാർട്ടി. അച്ചടക്കനടപടി പുറത്താക്കല്‍തന്നെയായിരുന്നു. ഇത് മുൻകൂട്ടിയറിഞ്ഞാണ് കോണ്‍ഗ്രസുമായി കൈകോർക്കാൻ സന്ദീപ് തയ്യാറായതും.

സന്ദീപിന്റെ വെല്ലുവിളികളെ അത്രഗൗരവത്തിലെടുക്കേണ്ട, ഉപതിരഞ്ഞെടുപ്പുവരെ കാത്തിരിക്കാം എന്നതായിരുന്നു തുടക്കത്തില്‍ത്തന്നെ നേതൃത്വത്തിന്റെ നിലപാട്. പാളിപ്പോയ ആ നിലപാട് ബി.ജെ.പി.ക്കു ക്ഷീണമായെന്ന വിലയിരുത്തലാണ് പൊതുവേയുള്ളതും. സന്ദീപ് പാർട്ടിവിടുന്നത് ഒഴിവാക്കാൻ നേതൃത്വം കാര്യമായി ഇടപെട്ടില്ലെന്നാണ് ബി.ജെ.പി.യിലെ പ്രബലവിഭാഗം പറയുന്നത്. നേതാക്കള്‍ പരസ്യപ്രസ്താവനയ്ക്ക് തയ്യാറാകുന്നില്ലെന്നുമാത്രം. ദിവസവും മാധ്യമങ്ങള്‍ക്കുമുൻപിലെത്തി വിശദീകരിക്കാനും സന്ദീപിനെയും കോണ്‍ഗ്രസിനെയും പ്രതിരോധിക്കാനും സുരേന്ദ്രൻ ശ്രമിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

പാലക്കാട്ടെ ശ്രീനിവാസൻ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കണമെന്ന് സന്ദീപ് പറഞ്ഞത് നേതൃത്വത്തെ സംശയമുനയിലാക്കുന്നതാണ്. അതിനാല്‍ തിരഞ്ഞെടുപ്പിനുശേഷം സന്ദീപിന്റെ നീക്കം എന്തൊക്കെയാകുമെന്നതില്‍ ബി.ജെ.പി.ക്ക് ആശങ്കയുമുണ്ട്.

അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായാല്‍ പാർട്ടിയില്‍ കെ സുരേന്ദ്രൻ കൂടുതല്‍ കരുത്തനായി മാറും. അതുകൊണ്ടു തന്നെയാണ് സന്ദീപ് വാര്യർ ഉയർത്തിയ വെല്ലുവിളികളെ അതിജീവിച്ചും പാലക്കാട് ജയിക്കാനുള്ള ശ്രമം കെ സുരേന്ദ്രൻ പക്ഷം നടത്തുന്നതും.