പിണറായി വീണ്ടും മുഖ്യമന്ത്രിയായാൽ യു.ഡി.എഫ് തവിടുപൊടിയാകും..! മുസ്ലിം ലീഗും മുന്നണി മാറും; എന്തുവിലകൊടുത്തും ഭരണം പിടിക്കാനുറച്ച് കോൺഗ്രസും യു.ഡി.എഫും; ലക്ഷ്യം കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തകർച്ച ഒഴിവാക്കുക

പിണറായി വീണ്ടും മുഖ്യമന്ത്രിയായാൽ യു.ഡി.എഫ് തവിടുപൊടിയാകും..! മുസ്ലിം ലീഗും മുന്നണി മാറും; എന്തുവിലകൊടുത്തും ഭരണം പിടിക്കാനുറച്ച് കോൺഗ്രസും യു.ഡി.എഫും; ലക്ഷ്യം കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തകർച്ച ഒഴിവാക്കുക

തേർഡ് ഐ പൊളിറ്റിക്‌സ്

തിരുവനന്തപുരം: സംസ്ഥാനം അതിഗംഭീരമായ പ്രതിസന്ധിയിലുടെയാണ് കഴിഞ്ഞ അഞ്ചു വർഷം കടന്നു പോയത്. ഇതിലേറെയുള്ള പ്രതിസന്ധിയെയാണ് ഇപ്പോൾ കോൺഗ്രസും യു.ഡി.എഫും സംസ്ഥാനത്ത് നേരിടുന്നത്. കേന്ദ്രത്തിൽ ഭരണമില്ല. കയ്യിൽ ഭരണമിരുന്ന മിക്ക സംസ്ഥാനങ്ങളിലും പേരിനു പോലും കോൺഗ്രസില്ല. ഏറ്റവും ഒടുവിലെ പിടിവള്ളിയാണ് ഇപ്പോൾ കേരളം. ഈ കേരളത്തിലാണ് യു.ഡി.എഫും കോൺഗ്രസും അതി നിർണ്ണായകമായ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

കോൺഗ്രസ് എന്ന പാർട്ടിക്ക് ദേശീയ തലത്തിൽ കരുത്ത് ചോരുന്നത് തന്നെയാണ് കേരളത്തിൽ പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കേരളമാണ് കോൺഗ്രസിനുള്ള ഏറ്റവും വലിയ പ്രതീക്ഷ. അതുകൊണ്ട് തന്നെ ഇക്കുറി ഭരണം കിട്ടിയില്ലെങ്കിൽ കോൺഗ്രസിന് അത് ദേശീയ തലത്തിൽ വലിയ തിരിച്ചടിയാകും. പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയായി കേരളത്തിൽ അധികാരത്തിൽ എത്തിയാൽ അത് യൂഡിഎഫിന്റെ തകർച്ചയായും മാറും. സഖ്യ പാർട്ടികളായ ലീഗ് അടക്കമുള്ള കക്ഷികൾ എൽഡിഎഫിലേക്ക് പോകുകയും ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് തന്നെ ജീവന്മരണ പോരാട്ടമാണ് കോൺഗ്രസിന്. യുഡിഎഫിനെ ജയിപ്പിക്കാൻ അവർ എല്ലാം മറന്ന് ഒരുമിക്കുകയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉൾപ്പെടെ ഗ്രൂപ്പിസം കടന്നു വരാതെ കോൺഗ്രസ് ശ്രദ്ധിക്കും. സീറ്റ് വിഭജനത്തിലും വിട്ടു വീഴ്ച ചെയ്യും. ഏതു വിധേനയും ഭരണം ഉറപ്പിക്കാൻ ഏതറ്റം വരെയും വിട്ടുവീഴ്ചയ്ക്കൊരുങ്ങി കോൺഗ്രസ് മുന്നോട്ട് വരികയാണ്. എങ്ങും സമവായത്തിന്റേയും ഒത്തു തീർപ്പിന്റേയും രംഗങ്ങൾ മാത്രമാണ് യുഡിഎഫിലുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 20-ൽ 19 സീറ്റും നേടി ആലസ്യത്തിലാണ്ട യു.ഡി.എഫിന് ഉറക്കത്തിൽലഭിച്ച അടിയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.

അതിൽനിന്ന് ഞെട്ടിയുണർന്ന മുന്നണി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നേരത്തെതന്നെ തുടങ്ങി. തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെന്ന പുതിയ സംവിധാനം കൊണ്ടുവന്ന് ഉമ്മൻ ചാണ്ടിയെ അതിന്റെ അധ്യക്ഷനാക്കിയത് ഒരു പരീക്ഷണമായിരുന്നു. ഇതെല്ലാം വിജയം കാണുമെന്നാണ് അവരുടെ പ്രതീക്ഷ. എല്ലാം ഹൈക്കമാണ്ടിന്റെ നീരീക്ഷണത്തിലാണ് നടക്കുന്നതും.

കേരളാ കോൺഗ്രസ് ജോസഫും ആർ എസ് പിയും കേരളാ കോൺഗ്രസ് ജേക്കബും സിഎംപിയുമൊക്കെയാണ് മുസ്ലിം ലീഗിന് പുറത്തെ യുഡിഎഫ് പാർട്ടികൾ. ഇതിൽ മുസ്ലിം ലീഗിന് ഈ തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടാലും പിടിച്ചു നിൽക്കാനാകും. ബാക്കിയുള്ളവരുടെ കാര്യം അങ്ങനെ അല്ല. അതുകൊണ്ട് തന്നെ യുഡിഎഫിനുണ്ടാകുന്ന തോൽവി ഈ കക്ഷികളെ എല്ലാം ബാധിക്കും. പലതും പിളർന്ന് അപ്രസക്തമാകാനും സാധ്യതയുണ്ട്. യുഡിഎഫിലേക്ക് ഇപ്പോൾ വന്ന മാണി സി കാപ്പനും വിജയം അനിവാര്യമാണ്. അങ്ങനെ യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഭരണം നേടേണ്ടത് അനിവാര്യതയാണ്.

കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മുദ്രാവാക്യം സിപിഎമ്മിനും പ്രതീക്ഷയാണ്. ഇത് ഈ തെരഞ്ഞെടുപ്പിൽ സംഭവിച്ചാൽ കോൺഗ്രസ് കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാകുമെന്ന് സിപിഎം വിലയിരുത്തുന്നു. ഈ ഘട്ടത്തിൽ ബിജെപി വെല്ലുവിളിയെ നേരിടാൻ മുസ്ലിം ലീഗും ഇടതുപക്ഷത്ത് എത്തും. പിന്നെ തുടർച്ചയായ മുന്നണി ഭരണം. ഇതാണ് സിപിഎം സ്വപ്നം കാണുന്നത്. ഇതിനെ തകർക്കാനാണ് ആഴക്കടലും ശബരിമലയും കോവിഡും ആയുധങ്ങളാക്കി കോൺഗ്രസും സജീവമാകുന്നത്. നല്ല സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് മികച്ച വിജയമാണ് അവർ ലക്ഷ്യമിടുന്നത്.

രണ്ടുമാസമായി ഹൈക്കമാൻഡ് പ്രതിനിധികൾ ഓരോ മണ്ഡലത്തിലും ചുറ്റി താഴെത്തട്ടിലുള്ള പോരായ്മകൾ തീർത്ത് വരികയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ ഒരു സംഘത്തിനാണ് കേരളത്തിന്റെ നിരീക്ഷണ ചുമതല. എ.ഐ.സി.സി. ജനറൽസെക്രട്ടറി താരിഖ് അൻവർ സ്ഥിരംസാന്നിധ്യമായി സംസ്ഥാനത്തുണ്ട്. പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണച്ചിരുന്ന ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങളിൽവന്ന അകൽച്ച അകറ്റുക ആദ്യലക്ഷ്യമായെടുത്തു.

ഓരോവിഭാഗത്തെയും കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ ചെന്നുകണ്ട് ബന്ധം ദൃഢമാക്കാനുള്ള ശ്രമം നടന്നുവരുന്നു. ഇതിനൊപ്പം മുന്നണിയിലും അസ്യാരസ്യങ്ങൾ ഉണ്ടാകാതെ നോക്കി. ശബരിമലയും ആഴക്കടലും ചേർന്നുള്ള പ്രചരണം ജയം ഉറപ്പിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കഴിഞ്ഞപ്രാവശ്യം കോൺഗ്രസ് മത്സരിച്ച 87 സീറ്റിലും മുസ്ലിം ലീഗ് മത്സരിച്ച 24 സീറ്റിലും ഇപ്രാവശ്യം വർധനയുണ്ടാകും. കേരള കോൺഗ്രസ് ജോസ് വിഭാഗം വിട്ടുപോയെങ്കിലും പി.ജെ. ജോസഫ് കൂടുതൽ സീറ്റുകൾക്കായി പിടിമുറുക്കുന്നത് വെല്ലുവിളിയാണ്. എന്നാൽ ഇതിലും വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ് തയ്യാറാകും.

ബിജെപി.-കോൺഗ്രസ് കൂട്ടുകെട്ടെന്ന ഇടതു പ്രചാരണത്തെ മറികടക്കാൻ കോൺഗ്രസ് ദുർബലപ്പെടുന്നതാണ് ബിജെപി.ക്ക് നേട്ടമെന്ന വാദമാണ് കോൺഗ്രസ് ഉയർത്തുന്നത്. വിവിധ കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചതും മറ്റും ചൂണ്ടിക്കാട്ടി ബിജെപി.-ഇടത് ധാരണയുണ്ടെന്ന പ്രചാരണമായിരിക്കും യു.ഡി.എഫിന്റെ പ്രധാന ആയുധം. ഇതെല്ലാം വിജയത്തിലെത്താൻ ഒത്തൊരു അനിവാര്യതയും.

ഇനി അഞ്ചു വർഷം കൂടി പ്രതിപക്ഷത്ത് ഇരിക്കാൻ കഴിയില്ല എന്നതിനാൽ യുഡിഎഫിനു വിജയം കൂടിയേ തീരൂ. തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ അധികാരത്തിലേക്കു തിരിച്ചുവരാൻ ഏറ്റവും സാധ്യതയുള്ളതു കേരളത്തിലാണെന്ന് എഐസിസി കരുതുന്നു. കേരളത്തിൽ വീണ്ടും ഭരണം പിടിച്ച് ദേശീയ രാഷ്ട്രീയത്തിൽ പിടിച്ചുകയറുകയെന്ന സ്വപ്നം കാണുകയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം. വയനാട് എംപി എന്ന നിലയിൽ രാഹുൽ ഗാന്ധിക്കും കേരളം നിർണ്ണായകമാണ്. പകുതിയിലേറെ സീറ്റുകളിൽ പുതുമുഖസ്ഥാനാർത്ഥികളെ നിർത്താനാണ് ആലോചന.

ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പു സമിതി രൂപീകരണവും കോൺഗ്രസും മുസ്ലിം ലീഗും അടക്കമുള്ള കക്ഷികൾ ചെയ്ത ഗൃഹപാഠവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐശ്വര്യ കേരള യാത്രയും ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.