വിദേശരാജ്യങ്ങളിൽ നിന്നും കോട്ടയത്തേയ്ക്കു എത്തുക 13568 പേർ: സുരക്ഷിതമായ താവളത്തിലേയ്ക്കു മടങ്ങിയെത്താൻ കൊതിച്ച് പ്രവാസികളായ കോട്ടയത്തുകാർ; ജില്ലയിൽ ഒരുക്കങ്ങൾ പൂർണം, 234 കേന്ദ്രങ്ങൾ സജ്ജം: വിദേശത്തു മരിച്ചത് 12 കോട്ടയം ജില്ലക്കാർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊറോണ ബാധയെ തുടർന്നു വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളായ കോട്ടയം ജില്ലക്കാർക്കു തിരികെ വരാൻ വഴിയൊരുങ്ങുന്നു. ജില്ലയിലേയ്ക്കു മടങ്ങിയെത്താൻ 13568 പ്രവാസികളാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെയെല്ലാം ഘട്ടംഘട്ടമായി തിരികെ നാട്ടിലേയ്ക്കു എത്തിക്കാൻ നടപടിയെടുക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്.
അടുത്ത ദിവസങ്ങളിലായി കേരളത്തിലേയ്ക്കു പ്രത്യേകിച്ചു കോട്ടയത്തേയ്ക്കു എത്തുന്നതിനായാണ് പ്രവാസികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോർക്ക വഴി രജിസ്‌ട്രേഷൻ ആരംഭിച്ചപ്പോൾ തന്നെ നിരവധി മലയാളികളും രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു. ഇതു വരെ വിവിധ വിദേശ രാജ്യങ്ങളിലായി 12 കോട്ടയം ജില്ലക്കാരാണ് മരിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദേശ രാജ്യങ്ങളിൽനിന്നും, മറ്റു സംസ്ഥാനങ്ങളിൽനിന്നും മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനും കോവിഡ് പ്രതിരോധ മുൻകരുതലുകൾ ഉറപ്പാക്കി താമസിപ്പിക്കുന്നതിനും കോട്ടയം ജില്ലയിൽ സജ്ജീകരണങ്ങൾ പൂർത്തിയായി. ഇവർക്ക് പൊതു സമ്പർക്കം ഒഴിവാക്കി കഴിയുന്നതിന് 234 കോവിഡ് ഐസൊലേഷൻ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതുവരെ വിദേശരാജ്യങ്ങളിൽനിന്നുള്ള 13950 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 6200 പേരുമാണ് നാട്ടിലേക്ക് മടങ്ങുന്നതിന് നോർക്ക മുഖേന രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഹോട്ടലുകൾ, ലോഡ്ജുകൾ, ഹോം സ്റ്റേകൾ, മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട താമസ കേന്ദ്രങ്ങൾ, കോളേജ് ഹോസ്റ്റലുകൾ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ തുടങ്ങിയവയാണ് കോവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളായി കണ്ടെത്തിയിട്ടുള്ളത്. റവന്യൂ, പൊതുമരാമത്ത്(കെട്ടിട വിഭാഗം) വകുപ്പുകൾ സംയുക്ത പരിശോധന നടത്തി ഈ കെട്ടിടങ്ങളുടെ ഉപയോഗക്ഷമത ഉറപ്പു വരുത്തിയിട്ടുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചു.
പൊതുസമ്പർക്കമില്ലാതെ കഴിയേണ്ടതുകൊണ്ടുതന്നെ ആറ്റാച്ച്ഡ് ബാത്ത് റൂമുള്ള മുറികളാണ് ഓരോരുത്തർക്കും നൽകുക. ഓരോ മേഖലയിലും ഐസൊലേഷൻ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിന് ചാർജ്ജ് ഓഫീസർമാരെയും താലൂക്ക് തലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി തഹസിൽദാർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിദേശത്തുനിന്ന് എത്തുന്നവരിൽ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രി നീരീക്ഷണത്തിലേക്ക് മാറ്റും. കോവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ജനറൽ ആശുപത്രിയിലുമായിരിക്കും ആദ്യ ഘട്ടത്തിൽ ഇങ്ങനെയുള്ളവരെ പ്രവേശിപ്പിക്കുക. ഈ രണ്ടു കേന്ദ്രങ്ങളിലെയും സൗകര്യങ്ങൾ മതിയാകാതെ വന്നാൽ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളും വൈക്കം, പാമ്പാടി താലൂക്ക് ആശുപത്രികളും ഉഴവൂരിലെ കെ.ആർ. നാരായണൻ സ്മാരക സ്‌പെഷ്യാലിറ്റി ആശുപത്രിയും സജ്ജമാക്കിയിട്ടുണ്ട്.
വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോൺ ജില്ലകളിൽനിന്നും എത്തുന്നവർ കോവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളിൽ ഏഴു ദിവസം ക്വാറൻറയനിൽ കഴിയണം. ഏഴാം ദിവസം നടത്തുന്ന പി.സി.ആർ പരിശോധനയുടെ ഫലം നെഗറ്റീവാണെങ്കിൽ വീടുകളിലേക്ക് പോകാം. തുടർന്ന് വീട്ടിൽ ഏഴു ദിവസംകൂടി ക്വാറൻറയനിൽ കഴിയണം. പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ കോവിഡ് ഐസൊലേഷൻ കേന്ദ്രത്തിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റും.
അതത് മേഖലകളിലെ സർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരാണ് കോവിഡ് ഐസൊലേഷൻ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുക. ഇതിനു പുറമെ കേന്ദ്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ രണ്ടു വോളണ്ടിയർമാരെ വീതം നിയോഗിച്ചിട്ടുണ്ട്.
നിലവിൽ ഹോം ക്വാറൻറയിനിൽ കഴിയുന്നവരുടെ കാര്യത്തിലെന്നപോലെ ഐസൊലേഷൻ കേന്ദ്രങ്ങളിൽ കഴിയുന്നവരുടെയും ആരോഗ്യനില എല്ലാ ദിവസവും വിലയിരുത്തും. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ആശുപത്രിയിലേക്ക് മാറ്റും.