
മൈസൂരുവിലെ കോളേജ് ഹോസ്റ്റലുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണം നൽകിയ സംഭവത്തിൽ ഇടപെട്ട് കെസി വേണുഗോപാൽ എംപി. കർണാടക ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ച കെസി കർശന നടപടിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 5 കോളേജുകളിൽ ഇത്തരത്തിൽ വൃത്തിഹീനമായ ഭക്ഷണമാണ് നൽകുന്നതെന്ന വിവരമാണ് പുറത്തു വരുന്നത്. ഗ്ലോബൽ എഡ്യൂക്കേഷണൽ സർവീസ് എന്ന ഏജൻസിയാണ് 5 കോളേജുകളിലും ഭക്ഷണം എത്തിക്കുന്നത്. കോഴിക്കറിയിൽ നിന്ന് തൂവലും ചോരയും ചപ്പാത്തിയിൽ നിന്ന് പ്ലാസ്റ്റികും ചോറിൽ നിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നുണ്ട്. ഭക്ഷ്യ വിഷബാധ പതിവാണെന്നും വിദ്യാർഥികൾ പറയുന്നു.
വിദ്യാർത്ഥികളിൽ നിന്നും മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവർഷം 80,000 രൂപയാണ്. പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടുവരാനും അനുവദിക്കില്ല. ചോദ്യം ചെയ്താൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു. ഇന്റേണൽ മാർക്ക് കട്ട് ചെയ്യും, സർട്ടിഫിക്കറ്റുകൾ നൽകില്ല എന്ന് പറയും. വൃത്തിഹീനമായ ഭക്ഷണങ്ങൾ നൽകുന്നതിന്റെ വിദ്യാർത്ഥികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തു. ഗ്ലോബൽ എഡ്യൂക്കേഷൻ സർവീസ് എന്ന ഏജൻസി കോളേജുകളുമായി ഒത്തു കളിക്കുകയാണെന്നും വിദ്യാർത്ഥികൾ ഒന്നടങ്കം പറയുന്നു.






