
തിരുവനന്തപുരം: കേരളത്തിലെ അമ്പതിലധികം നിയമസഭാ മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നതായി സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിക്കുന്നത് പോലെ, ന്യൂനപക്ഷ വോട്ടുകള്‍ വലിയ തോതില്‍ യുഡിഎഫിന് അനുകൂലമായി മാറിയിട്ടുണ്ടെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക നിഗമനം.
ന്യൂനപക്ഷ ഏകീകരണം ശക്തമായ മണ്ഡലങ്ങളില്‍, സ്ഥാനാര്‍ത്ഥികളുടെ വ്യക്തിപരമായ സ്വാധീനത്തിനും ജനബന്ധത്തിനും മാത്രമേ ഈ ഒഴുക്കിനെ തടയാന്‍ കഴിയൂ എന്ന് പാര്‍ട്ടി കരുതുന്നു. ബിജെപി വോട്ടുകള്‍ 12 ശതമാനത്തിലേക്ക് ഉയര്‍ന്നത് തങ്ങള്‍ക്ക് ഗുണകരമാകുമെന്നും സിപിഎം കരുതുന്നു. വടക്കന്‍ കേരളത്തില്‍ കടുത്ത പോരാട്ടം നടക്കുമെങ്കിലും വിജയം ഉറപ്പാണെന്നാണ് നേതാക്കളുടെ വിശ്വാസം.
ഭൂരിപക്ഷ സമുദായങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ ഇടത് മുന്നണിക്ക് അനുകൂലമായി തുടരുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ യുഡിഎഫിന് മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും, അവയില്‍ തന്നെ ഒളിഞ്ഞിരിക്കുന്ന അനുകൂല ഘടകങ്ങളിലാണ് എല്‍ഡിഎഫ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നില്ലെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയനെ തന്നെയാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത് എന്ന സര്‍വേ ഫലം ഇടത് ക്യാമ്പിന് ആത്മവിശ്വാസം നല്കുന്നു. 2021-ലേതുപോലെ 100 സീറ്റുകള്‍ ഇത്തവണ അവകാശപ്പെടുന്നില്ലെങ്കിലും, ഭരണം നിലനിര്‍ത്താന്‍ ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് നേതാക്കള്‍ ഉറച്ചു വിശ്വസിക്കുന്നു. 60 സീറ്റുകളില്‍ ഉറച്ച വിജയവും 30 സീറ്റുകളില്‍ കടുത്ത മത്സരവുമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഒരു സംസ്ഥാന വ്യാപക പ്രതിഭാസമല്ലെന്ന് വാദിക്കുമ്പോഴും, ഒരു എക്സിറ്റ് പോള്‍ പോലും എല്‍ഡിഎഫിന് വ്യക്തമായ തുടര്‍ച്ച പ്രവചിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ നേരിയ ആശങ്കയുണ്ടാക്കുന്നുണ്ട്







