കെ.എസ്.ആര്‍.ടി.സി.യിലെ അഴിമതി പരാമർശം : മന്ത്രി കെ.ബി.ഗണേശ്‌കുമാറിനെതിരേ ഇടതു നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങി മുൻ മന്ത്രി ആന്റണി രാജു; ഗതാഗതത്തിലെ എല്ലാ ഇടപാടും പരിശോധിക്കുമെന്നും തല്‍കാലം പ്രതികരിക്കാനില്ലെന്നും ഗണേശ്‌കുമാര്‍ ; മന്ത്രിയുടെയും മുൻ മന്ത്രിയുടെയും വാക്‌പ്പോര് എൽ ഡി എഫിന് തലവേദനയാകുമോയെന്ന് കണ്ടറിയാം…
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യിലെ അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മന്ത്രി കെ.ബി.ഗണേശ്‌കുമാറിനെതിരേ മന്ത്രിസ്ഥാനമൊഴിഞ്ഞ ആന്റണി രാജു ഇടതു നേതൃത്വത്തെ പരാതി അറിയിക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഗണേശ്‌കുമാര്‍ നടത്തിയ പ്രസ്താവനയാണ് ആന്റണി രാജുവിനെ ചൊടിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സി.യിലെ വരുമാനച്ചോര്‍ച്ച അടയ്ക്കുകയാണ് ആദ്യലക്ഷ്യമെന്നും ഗണേശ്‌കുമാര്‍ പറഞ്ഞിരുന്നു. തന്നെ ലക്ഷ്യമിട്ടുള്ള നടപടികളില്‍ നിന്നും ഗണേശിനെ പിന്തിരിപ്പിക്കണമെന്നാണ് ആന്റണി രാജു ഇടതുമുന്നണിക്ക് മുന്നില്‍ ആവശ്യമായി വയ്ക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗണേശിനെതിരെ പരസ്യമായി തന്നെ അതിരൂക്ഷ വിമര്‍ശനം ആന്റണി രാജു നടത്തി. എന്നാല്‍ തുടര്‍പ്രതികരണത്തിന് ഗണേശ്‌കുമാര്‍ മുതിര്‍ന്നിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ മനസ്സ് കൂടി മനസ്സിലാക്കിയാണ് ഗണേശിന്റെ മൗനം.
തല്‍കാലം വിഷയത്തില്‍ പ്രതികരിക്കില്ല. എന്നാല്‍ അഴിമതിക്ക് തെളിവ് കിട്ടിയാല്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് മന്ത്രി. പുക പരിശോധനയുമായി ബന്ധപ്പെട്ട തീരുമാനം പിൻവലിച്ചതിലെ ചര്‍ച്ചയാണ് ആന്റണി രാജുവിനെ പ്രകോപിതനാക്കിയതെന്നാണ് ഗണേശും കേരളാ കോണ്‍ഗ്രസ് ബിയും വിലയിരുത്തുന്നത്.
സ്ഥാനമേല്‍ക്കും മുൻപേ അഴിമതിയുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും ഇത്തരം പ്രസ്താവനകള്‍ ഘടകകക്ഷി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും ആന്റണി രാജു പറഞ്ഞു. വരുമാനച്ചോര്‍ച്ചയുണ്ടെങ്കില്‍ അത് കണ്ടെത്തി അടയ്ക്കണം. അല്ലാതെ പുറത്തുനിന്ന് അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം തുറന്നടിച്ചു. അഭിപ്രായം പറയുമ്പോള്‍ ഗണേശ്‌കുമാര്‍, പക്വത കാട്ടേണ്ടിയിരുന്നു. അതേ രീതിയില്‍ മറുപടി പറയാൻ താൻ ഒരുങ്ങുന്നില്ല. ഗാലറിയില്‍ ഇരുന്ന് കളികാണുന്നതുപോലയല്ല കാര്യങ്ങളെന്നും ആന്റണി രാജു പറഞ്ഞു.
രണ്ടരവര്‍ഷത്തെ നേട്ടങ്ങളും ആന്റണി രാജു വിശദീകരിച്ചു. അതിനാല്‍ ഇനി വരുന്നവര്‍ക്ക് സുഖമായി ഭരിക്കാം. പെൻഷനും ശമ്ബളവും കുടിശ്ശികയില്ല. ശമ്ബളം രണ്ട് ഗഡുക്കളായിട്ടാണ് കൊടുക്കുന്നത്. ഇത് ഒറ്റത്തവണയാക്കിയാണ് പുതിയ മന്ത്രി മിടുക്കുകാട്ടേണ്ടത് -ആന്റണി രാജു പറഞ്ഞു. തന്റെ അതൃപ്തി ഇടതു നേതൃത്വത്തിനെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അടുത്ത മുന്നണി യോഗത്തിലും ആന്റണി രാജു ഈ വിഷയം ഉയര്‍ത്താൻ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ മുഖ്യമന്ത്രി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.
മന്ത്രിമാറിയപ്പോള്‍ ‘അഴിമതി’ക്ക് പേരു ദോഷം കേട്ട തീരുമാനവും മാറിയെന്നത് വലിയ ചര്‍ച്ചയായിരുന്നു ഭാരത് സ്റ്റേജ് 4 (ബി.എസ്. 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ഒരുവര്‍ഷമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്രനിയമം മറികടന്ന് കാലാവധി ആറുമാസമായി കുറച്ചത് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് തിരുത്തിയത്. ഒരു വര്‍ഷം എന്നുള്ളത് ആറുമാസമാക്കിയത് ചിലര്‍ക്ക് അഴിമതിക്ക് വേണ്ടിയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
വൻ കോഴ ചിലര്‍ വാങ്ങിയെന്നും ആക്ഷേപം എത്തി. എന്നാല്‍ ഗതാഗത മന്ത്രിയായി കെബി ഗണേശ് കുമാര്‍ എത്തുമെന്ന് ഉറപ്പായതോടെ തന്നെ തിരുത്തലിനുള്ള നടപടിയും തുടങ്ങി. അതാണ് ഉത്തരവാകുന്നത്. ഇതിനൊപ്പമാണ് അഴിമതിയില്‍ ഗണേശിന്റെ വാക്കുകളും ചര്‍ച്ചയായത്. ഇതിനിടെയാണ് ഗണേശിനെ കടന്നാക്രമിച്ച് ആന്റണി രാജു രംഗത്ത് വരുന്നത്.
പുകപരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ച് 2022 ഓഗസ്റ്റില്‍ അന്നത്തെ മന്ത്രി ആന്റണി രാജു നേരിട്ടാണ് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് കാലാവധി ആറുമാസമാക്കിയത്. ഇതിലൂടെ പുകപരിശോധന കേന്ദ്രം നടത്തിപ്പുകാര്‍ക്ക് കൂടുതല്‍ ലാഭം കിട്ടുമായിരുന്നു. ചില അഴിമതികള്‍ ചില ഉദ്യോഗസ്ഥര്‍ നടത്തിയതിന്റെ ഭാഗമാണ് ഈ തീരുമാനം എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതാണ് തിരുത്തിയത്. ഇതിനൊപ്പം മോട്ടോര്‍ വാഹന വകുപ്പിലെ സ്ഥലം മാറ്റവും മരവിപ്പിച്ചു.
പുതിയ മന്ത്രി എത്തുന്നതിന് തൊട്ടു മുമ്ബ് ഇറങ്ങിയ ഉത്തരവാണ് മരവിപ്പിച്ചത്. ഇതിനൊപ്പമാണ് പുകപരിശോധനയിലെ തിരുത്ത്. കേന്ദ്രമോട്ടോര്‍വാഹന നിയമപ്രകാരം ബി.എസ്. 4 വാഹനങ്ങളുടെ പുകപരിശോധയ്ക്ക് ഒരുവര്‍ഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറി ബിജുപ്രഭാകറും ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കാലാവധി കുറയ്ക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ഇത് അവഗണിച്ചാണ് നേരത്തെ തീരുമാനമെടുത്തത്.
പുകപരിശോധാകേന്ദ്ര നടത്തിപ്പുകാര്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് നടപടിയെന്ന് വിവരാവകാശ നിയമപ്രകാരം ഗതാഗതവകുപ്പ് പുറത്തുവിട്ട രേഖകള്‍ വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. ബി.എസ്. 4 ഇരുചക്ര മുച്ചക്ര വിഭാഗത്തില്‍ സംസ്ഥാനത്ത് അഞ്ചുലക്ഷം വാഹനങ്ങളുണ്ട്.
ഹൈക്കോടതി ഇടപെടല്‍ ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി. പുതുതായി വാങ്ങുന്ന ബി.എസ്.4, ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധന ഒരു വര്‍ഷം കഴിഞ്ഞ് നടത്തിയാല്‍ മതിയെന്ന് ഹൈക്കോടതി നവംബറില്‍ തന്നെ വിശദീകരിച്ചിരുന്നു. ഈ നിലവാരത്തിലുള്ള വാഹനങ്ങളും രജിസ്റ്റര്‍ചെയ്ത് ആറുമാസത്തിനുശേഷം പുക പരിശോധന നടത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊച്ചി സ്വദേശി എസ്. സദാനന്ദ നായിക്കാണ് ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. ഇത് കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ബി.എസ്.4, ബി.എസ്.6 നിലവാരത്തിലുള്ള വാഹനങ്ങളുടെ പുക പരിശോധന വാഹനത്തിന്റെ രജിസ്‌ട്രേഷൻ കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷം മതിയെന്ന് സബ് റൂളില്‍ പറയുന്നുണ്ടെന്ന് ഹര്‍ജിക്കാരൻ ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് ഉത്തരവ് കോടതി റദ്ദാക്കിയത്. ഈ വിഷയത്തില്‍ വിജിലൻസ് അന്വേഷണത്തിന് സാധ്യത ഏറെയാണ്. പുക പരിശോധനാ സെന്ററുകള്‍ക്ക് വേണ്ടി കേന്ദ്രചട്ടം മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുകള്‍ എന്ന് മുമ്ബുതന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഭാരത് സ്റ്റേജ് 4 (ബി.എസ്.4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയതും വാഹനപരിശോധനാ യന്ത്രങ്ങളുടെ സൂക്ഷ്മത ഉറപ്പുവരുത്തുന്നത് (കാലിബറേഷൻ) ആറുമാസമായി ഉയര്‍ത്തിയതുമായിരുന്നു വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
1989-ലെ കേന്ദ്ര മോട്ടോര്‍വാഹനചട്ടം 115 (7) മറികടക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു വിലയിരുത്തലുകള്‍. പുകപരിശോധാകേന്ദ്ര ഉടമകളുടെ സംഘടന നല്‍കിയ നിവേദനത്തിലാണ് മന്ത്രി അത്തരത്തിലുള്ള തീരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതുവഴി ബി.എസ് 4-ല്‍പ്പെട്ട അഞ്ചരലക്ഷം ഇരുചക്ര- മുച്ചക്രവാഹനങ്ങള്‍ ഇനിമുതല്‍ വര്‍ഷത്തില്‍ രണ്ടുതവണ പരിശോധനയ്ക്ക് ഹാജരാക്കണമെന്നായിരുന്നു സൂചന.
വാഹനങ്ങളുടെ പുക പരിശോധനാനിരക്ക് സംബന്ധിച്ച് മോട്ടോര്‍വാഹന വകുപ്പ് അടുത്തിടെ വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ബി.എസ്-4 വിഭാഗത്തില്‍പ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കുറച്ചതും.