പ്രതിഭയ്‌ക്കെതിരെ കായംകുളത്ത് ഡിവൈ.എഫ്.ഐ പടയൊരുക്കം: ഡിവൈഎഫ്ഐ  നേതാവിന്റെ വീട്ടിൽ തോക്കുമായി എത്തി റെയ്ഡ് നടത്തിയ സി.ഐ യെ സംരക്ഷിച്ച് എം.എൽ.എ

പ്രതിഭയ്‌ക്കെതിരെ കായംകുളത്ത് ഡിവൈ.എഫ്.ഐ പടയൊരുക്കം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ തോക്കുമായി എത്തി റെയ്ഡ് നടത്തിയ സി.ഐ യെ സംരക്ഷിച്ച് എം.എൽ.എ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പ്രതിഭാ ഹരി എം.എൽഎയുമായി ഇടഞ്ഞു നിന്ന ഡിവൈ.എഫ്.ഐ നേതൃത്വം ഒന്നാകെ പൊട്ടിത്തെറിച്ചതോടെ കൊറോണക്കാലത്ത് കായംകുളത്ത് സിപിഎമ്മിലും പൊലീസിലും ഡിവൈ.എഫ്.ഐയിലും ഒരു പോലെ വിള്ളൽ. പാർട്ടി പ്രവർത്തകരെ സംരക്ഷിക്കേണ്ട എം.എൽ.എ സി.ഐയ്ക്കു വേണ്ടി കുഴലൂത്ത് നടത്തുകയാണ് എന്ന വാദമാണ് ഒരു വിഭാഗം ഡിവൈ.എഫ്.ഐ പ്രവർത്തകർ ഉയർത്തുന്നത്. കായംകുളത്ത് ഉയരുന്ന വലിയ വിവാദം പാർട്ടിയെയും ഡിവൈഎഫ്‌ഐയെയും സർക്കാരിനെയും പിടിച്ചുലയ്ക്കും എന്നും ഉറപ്പായി.

അടുത്ത കാലത്തായി യു.പ്രതിഭ എംഎൽഎ കായംകുളത്തെ ഡിവൈ.എഫ്.ഐ പ്രവർത്തകരുടെയും ആലപ്പുഴയിലെ മാധ്യമങ്ങളുടെയും കണ്ണിലെ കരടാണ്. മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ചും അപമാനിച്ചും സംസാരിച്ച പ്രതിഭയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഇവിടെ നിന്നും ഉയർന്നിരുന്നത്. എന്നാൽ, പല കോണുകളിൽ നിന്നും വിമർശനം ഉണ്ടായിട്ടു പോലും ഇവർ നിലപാടിൽ നിന്നും പിന്നോട്ട് പോയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ്, ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് ഷാജഹാന്റെ വീട്ടിൽ അർദ്ധരാത്രിയിൽ കായംകുളം സിഐ അതിക്രമിച്ച് കടന്ന് തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്ത് വിവാദമായത്. വിഷയത്തിൽ ഡിവൈ.എഫ്.ഐ പരാതി നൽകിയിട്ടു പോലും സർക്കാരും പാർട്ടിയും നടപടിയെടുക്കാത്തതും കടുത്ത അമർഷത്തിന് ഇടയായിട്ടുണ്ട്. ക്രിമിനൽ കേസിലെ പ്രതിയായ സാജിദ് വീട്ടിലുണ്ട് എന്ന രഹസ്യ വിവരം കിട്ടി പരിശോധനയ്‌ക്കെത്തിയതായിരുന്നു സിഐയും പൊലീസുകാരും. എന്നാൽ സാജിദ് ഈ സമയം കടന്നു കളഞ്ഞിരുന്നു. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാൻ എത്തുമ്പോൾ തോക്കുപയോഗിച്ചത് സ്വയരക്ഷക്കാണെന്ന് സിഐ മേലധികാരിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ സാജിദ് പ്രതിയല്ലെന്നും കെട്ടിചമച്ച കേസാണെന്നുമാണ് കായംകുളത്തെ ഒരു വിഭാഗം ഡിവൈഎഫ്ഐക്കാർ പറയുന്നത്.

സാജിദ് ഷാജഹാൻ പ്രതിയായ കേസിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്: ഇക്കഴിഞ്ഞ ജനുവരി 23 നാണ് ഡിവൈഎഫ്ഐ എം.എസ്.എം സ്‌ക്കൂൾ യൂണിറ്റ് അംഗം തങ്ങൾ വീട്ടിൽ കിഴക്കതിൽ ഫൈസലി(25)നെ മുപ്പതോളം പേരടങ്ങുന്ന സംഘം ബൈക്കിലെത്തി വെട്ടിപരുക്കേൽപ്പിച്ചത്. എം.എസ്.എം കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കം പരിഹാരിക്കാനെത്തിയതായിരുന്നു ഫൈസൽ. ഇവിടെ വച്ച് അന്തപ്പൻ എന്ന് അറിയപ്പെടുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ അരുൺ ഫൈസലുമായി വാക്കു തർക്കത്തിലായി.

ഇയാളെ നോക്കി ഫൈസൽ ചിരിച്ചതാണ് തർക്കത്തിന് കാരണം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് സംഘർഷം തുടങ്ങിയത്. ഇതിന് ശേഷം വൈകുന്നേരം അഞ്ചരയോടെ അരുണിന്റെയും സാജിദിന്റെയും നേതൃത്വത്തിൽ മുപ്പതോളം ആളുകൾ പത്ത് ബൈക്കുകളിലെത്തി എം.എസ്.എം കോളേജിന് സമീപത്ത് വച്ച് ആക്രമിച്ചത്.

ഫൈസലിന്റെ പിൻഭാഗത്ത് ആദ്യം കുത്തി പിന്നീട് വളഞ്ഞിട്ട് കമ്പിവടികൊണ്ട് മർദ്ദിക്കുകയും കാൽമുട്ടിന് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. ഈ സംഭവത്തിൽ സാജിദിനെ വ്യക്തമായി ഫൈസൽ തിരിച്ചറിഞ്ഞിരുന്നു. ഫൈസലിന്റെ മൊഴി പ്രകാരവും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും പൊലീസ് സാജിദിനെ മൂന്നാംപ്രതിയായി കേസെടുത്തിരുന്നു. ഈ കേസിൽ ഒളിവിൽ കഴിയുകയായിരുന്നു സാജിദ്. കായംകുളത്തും പരിസര പ്രദേശങ്ങളിലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്ന ഇയാൾ പാർട്ടി പരിപാടികളിലും സമൂഹ അടുക്കളയുടെ പ്രവർത്തനങ്ങൾക്കും സജീവ പങ്കാളിയായി രംഗത്തുണ്ടായിരുന്നു.

സിപിഎം പാർട്ടീ ഓഫീസിൽ മിക്ക സമയങ്ങളിലും ഉണ്ടാകും. പാർട്ടീ ഓഫീസിൽ കയറി പ്രശ്നമുണ്ടാക്കാൻ പൊലീസിന് താൽപര്യമില്ലാത്തതിനാലാണ് ഇതുവരെയും നടപടി എടുക്കാതിരുന്നത്. അങ്ങനെയാണ് രണ്ട് ദിവസം മുൻപ് ഇയാൾ കുറ്റിത്തെരുവിലെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. വീടിന് മുന്നിൽ ഇയാളുടെ വാഹനം ഉണ്ടായിരുന്നു. മുറിയിൽ ഭാര്യയും ഭർത്താവും സംസാരിക്കുന്നതും പൊലീസ് വ്യക്തമായി കേട്ടിരുന്നു. വീട്ടുടമയെ വിളിച്ചുണർത്തി മുകളിലെത്തിയപ്പോഴേക്കും ആളെ കാണാൻ കഴിഞ്ഞില്ല.

പൊലീസ് ആവിശ്യപ്പെട്ടതിനെ തുടർന്ന് സാജിദിന്റെ ഭാര്യ വാതിൽ തുറന്നു. സാജിദ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് മറുപടി പറഞ്ഞത്. വീടിനുള്ളിൽ പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈസമയം പ്രതിയുടെ ഭാര്യ പൊലീസ് വീടിനുള്ളിൽ പരിശോധന നടത്തുന്നത് മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. സിഐ പരിശോധന നടത്തുന്നതിനിടയിൽ സർവ്വീസ് റിവോൾവർ കയ്യിൽ കരുതിയിരുന്നു. ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. പരിശോധനയ്ക്ക് ശേഷം സിഐയും സംഘവും മടങ്ങി പോയി. എന്നാൽ തൊട്ടടുത്ത ദിവസം യുവതിയും കുഞ്ഞും തനിച്ച് താമസിക്കുന്ന വീട്ടിൽ കയറി കായംകുളം സിഐ അതിക്രമം നടത്തി എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

ക്രിമിനൽ കേസ് പ്രതിയെ ഒരു വിഭാഗം സംരക്ഷിച്ചു വരികയാണ്. ഇതിനിടെയാണ് ഇക്കാരണങ്ങൾ നിരത്തികാട്ടി ഡിവൈഎഫ്ഐ പ്രവർത്തകർ രാജിക്കത്തി സമർപ്പിച്ചത്. യു.പ്രതിഭാ എംഎൽഎയുടെ നിർദ്ദേശപ്രകാരം സിഐ കള്ളക്കേസുകളിൽ ഡിവൈഎഫ്ഐക്കാരെ കുടുക്കുന്നു എന്നാണ് ആരോപണം.