
വൈക്കം: മാലിന്യത്തിന്റെ തോത് വർധിച്ചതോടെ വേമ്പനാട്ടുകായല്‍ വലിയ പ്രതിസന്ധിയെ നേരിടുന്നു.
മത്സ്യ സമ്പത്തിന്റെ നാശവും മലിനീകരണവുമാണ് കായൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. കായൽ സംരക്ഷണത്തിന് പദ്ധതിയും അധികാരികളുമുണ്ടെങ്കിലും അവര്‍ക്ക് ഒരു അനക്കവുമില്ല. പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ ആണ് കായലിന് മരണമണി മുഴക്കികൊണ്ടിക്കുന്നത് പ്രതീക്ഷയോടെ ഉള്ള വൈക്കത്തെ കായലോര ബീച്ചില്‍ ആണ് മാലിന്യങ്ങള്‍ ഏറ്റവും അധികം അടിഞ്ഞുകൂടി കിടക്കുന്നത്.
കായലിനുവേണ്ടി മുറവിളി ഉയര്‍ത്തുന്നവര്‍ എല്ലാം പരസ്യ പ്രചരണത്തിനു വേണ്ടി മാത്രമാണ് കായലിലെ ബീച്ചില്‍ എത്തുന്നവര്‍ പോലും പ്ലാസ്‌റ്റിക് കുപ്പികള്‍ ഉള്‍പ്പെടെ അലക്ഷ്യമായി കായലിലേക്ക് തന്നെ വലിച്ചെറിയുന്നു. ഇതിനെല്ലാം നടപടികള്‍ വൈകിയാല്‍ കായല്‍ ഓര്‍മയാകും. മാലിന്യനിക്ഷേപം കായലിലെ മത്സ്യസമ്പത്തിനെയും തകര്‍ക്കുകയാണ്.
120 ഇനം മത്സ്യങ്ങളാണ് കായലിലുള്ളതെന്ന് ഈ മേഖലയില്‍ പഠനംനടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു. 72 ഇനം പക്ഷികളില്‍ 42 ഇനം ദേശാടന പക്ഷികളാണ്. ഇവയെല്ലാം കായലിലെ മത്സ്യസമ്പത്തിനെ ആശ്രയിച്ചു ജീവിക്കുന്നവയാണ്. കായലിലെ നിറസാന്നിധ്യമായിരുന്ന കരിമീനും ഞണ്ടും ചെമ്മീനും വിരളമായി. കയറ്റുമതി ചെയ്‌തിരുന്ന നിരവധി മത്സ്യങ്ങള്‍ കായലില്‍നിന്ന് അപ്രത്യക്ഷമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കായലിന്റെ ആവാസവ്യവസ്‌ഥയെ തകര്‍ക്കുന്ന രീതിയിലാണ് മാലിന്യം തള്ളുന്നത് വര്‍ധിച്ചു വരുന്നത്.
ടൂറിസം വികസനവും കായലിനു വലിയ ശാപം ആണ്. ടൂറിസത്തെ എതിര്‍ക്കാന്‍ പാടില്ലെന്ന് യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോഴും ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തി ജീവിക്കുന്നവരും കായലിനെ സംരക്ഷിക്കാന്‍ മറക്കുകയാണ്. കായലിലൂടെ നിറഞ്ഞ് ഓടുന്ന ഹൗസ് ബോട്ടുകളില്‍നിന്നു തള്ളുന്ന മാലിന്യങ്ങളും അതുപോലെ യന്ത്രവല്‍കൃത ബോട്ടുകളില്‍ ഉപയോഗിക്കുന്ന രാസപാദര്‍ത്ഥങ്ങളുമെല്ലാം കായലില്‍ പടരുന്നു.
ഇതിനെല്ലാം തടയിടാന്‍ അധികാരികള്‍ തുനിഞ്ഞിറങ്ങണം. അല്ലാത്ത പക്ഷം വേമ്പനാട്ടുകായല്‍ വരുംതലമുറയ്‌ക്ക് ഒരു ഓര്‍മ മാത്രമാകുമെന്ന് പരിസ്‌ഥിതി പ്രവര്‍ത്തകരുംമറ്റും മുന്നറിയിപ്പ് നല്‍കുന്നു.







