Spread the love

തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ കസേരകളി തുടരുന്നു. ഡോ. കെജെ റീന ഇന്നും ഡിഎച്ച്എസ് ആസ്ഥാനത്തെത്തി. ഹൈക്കോടതി തീരുമാനം വരും വരെ ഓഫീസില്‍ എത്തുമെന്ന് റീന പ്രതികരിച്ചു. ‘വരേണ്ടതില്ലെന്ന് ഹൈക്കോടതി എന്നോട് പറഞ്ഞാൽ അത് സന്തോഷത്തോടെ സ്വീകരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് ഞാനാണ് ഡിഎച്ച്എസ് എന്ന് പറഞ്ഞു. അതുകൊണ്ടാണ് വന്നത്. ആരുമില്ലാത്തവര്‍ക്കൊപ്പം നീതിന്യായ വ്യവസ്ഥ ഉണ്ടാകുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ അതനുസരിച്ച് മുന്നോട്ട് പോവുകയാണ്. എനിക്ക് കുറേ പെന്‍ഡിങ് വര്‍ക്കുകളുണ്ട്. അത് പൂര്‍ത്തിയാക്കണം’ എന്നും റീന മാധ്യമങ്ങളോട് പറഞ്ഞു.

video
play-sharp-fill

അതേസമയം ഡോ. വി മീനാക്ഷി കാര്യങ്ങള്‍ നന്നായി നടത്തുന്നുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവുമില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു. ഡോ. മീനാക്ഷി തന്നെയാണ് ഡിഎച്ച്എസ് എന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. എറണാകുളം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് ഡോക്ടര്‍ റീനയെ സ്ഥലം മാറ്റിയിരുന്നു. തുടർന്ന് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി മീനാക്ഷിക്ക് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല നൽകുകയായിരുന്നു. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടര്‍ന്ന് മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത്. നിപ പോലൊരു സാഹചര്യത്തില്‍ കെ ജെ റീന 15 ദിവസം അവധിയെടുത്തെന്ന് ആരോപിച്ചായിരുന്നു ആരോഗ്യവകുപ്പിലെ സ്ഥലം മാറ്റം.