അലക്ഷ്യമായി ഉപേക്ഷിച്ച നീഡില്‍ ഏഴു വയസുകാരൻ്റെ തുടയിൽ തുളച്ചു കയറി ; കായംകുളം താലൂക്ക് അശുപത്രി ജീവനക്കാരോട് വിശദീകരണം തേടി ആരോഗ്യ വകുപ്പ്
ആലപ്പുഴ : കായംകുളം താലൂക്ക് അശുപത്രിയില്‍ ചികിത്സ തേടിയ ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചുകയറിയ സംഭവത്തില്‍ ആശുപത്രിയിലെ പതിനൊന്നോളം ജീവനക്കാരോട് ആരോഗ്യ വകുപ്പ് വിശദീകരണം തേടി.
സംഭവ ദിവസം ഡ്യുട്ടിയില്‍ ഉണ്ടായിരുന്ന മൂന്ന് ഷിഫ്റ്റിലെ ജീവനക്കാർക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നഴ്സുമാർ, നഴ്‌സിങ്ങ് അസിറ്റന്റുമാർ എന്നിവർക്കാണ് നോട്ടീസ്. 12 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം.
സംഭവദിവസം (ജൂലൈ19) അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയ മുഴുവൻ ആളുകളുടെയും വിശദംശങ്ങള്‍ ആരോഗ്യ വകുപ്പ് തേടി. രോഗവിവരം, രോഗത്തിന് നല്‍കിയ മരുന്നുകള്‍ ഏതൊക്കെ തുടങ്ങി വിശദമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. ഡിഎംഒയുടെയുടെ നിർദേശാനുസരണമാണ് നടപടി. ഏഴു വയസുകാരന്റെ തുടയില്‍ സൂചി തുളച്ചു കയറിയ സംഭവത്തില്‍ കുട്ടിക്ക് 14 തുടർച്ചയായി HIV ,TB ടെസ്റ്റുകള്‍ നടത്തേണ്ട ഗതികേടിലാണ് കുടുംബം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപയോഗിച്ച ശേഷം ആശുപത്രി കിടക്കയില്‍ ജീവനക്കാർ അലക്ഷ്യമായി ഉപേക്ഷിച്ച നീഡില്‍ കുട്ടിയുടെ ശരീരത്തില്‍ തുളച്ചു കയറുകയായിരുന്നു. കായംകുളം ചിറക്കടവം സ്വദേശിയായ കുട്ടിയുടെ തുടയിലാണ് സിറിഞ്ച് ഉള്‍പ്പെടുന്ന സൂചി കുത്തിക്കയറിയത്. ജൂലൈ 19ന് നടന്ന സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കായംകുളം താലൂക്കാശുപത്രിയില്‍ പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. കാഷ്വാലിറ്റിയില്‍ എത്തിച്ച കുട്ടിയെ പരിശോധനയ്ക്കായി മാതാപിതാക്കള്‍ കട്ടിലില്‍ കിടത്തിയപ്പോഴാണ് സൂചി തുടയില്‍ തുളച്ചുകയറിയത്. മറ്റൊരു രോഗിയെ കുത്തിവച്ച ശേഷം സൂചി ഉള്‍പ്പെടുന്ന സിറിഞ്ച് അലസമായി കട്ടിലില്‍ ഉപേക്ഷിച്ചതാണ് പ്രശ്നമായത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിരുന്നു.