കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ;  ഡിവൈഎസ്പിയായി ചുമതലയേറ്റ് ചുരുങ്ങിയ കാലയളവിനുള്ളിൽ  നിരവധി  കേസുകൾക്ക് തുമ്പുണ്ടാക്കിയതോടെയാണ് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചത്

കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ് മോന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; ഡിവൈഎസ്പിയായി ചുമതലയേറ്റ് ചുരുങ്ങിയ കാലയളവിനുള്ളിൽ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയതോടെയാണ് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചത്

സ്വന്തം ലേഖകൻ

കട്ടപ്പന: കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോന് കുറ്റാന്വേഷണ മികവിനുള്ള അംഗീകാരമായി മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചു.

ഭർത്താവിനെ കൊല്ലാൻ പഞ്ചായത്ത് മെമ്പറായ ഭാര്യ ക്വാട്ടേഷൻ നൽകിയ സംഭവത്തിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പഞ്ചായത്ത് മെമ്പർ കൂടിയായ ഭാര്യയെ പിടികൂടി ജയിലിലടച്ചത് വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്ടൻമേട്ടിൽ ഭർത്താവിനെ കൊന്നതിന് ശേഷം തറയിൽ തലയിടിച്ച് വീണ് മരിച്ചതാണെന്ന് പറഞ്ഞ ഭാര്യയെ രഹസ്യമായി നിരീക്ഷിച്ചതിന് ശേഷം പിടികൂടിയതും വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലായിരുന്നു. സംഭവത്തിൽ ഭാര്യയുടെ മൊഴിയിൽ ഡിവൈഎസ്പിക്കുണ്ടായ സംശയത്തെ തുടർന്ന് നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിലാണ് കേസിന് തുമ്പുണ്ടായത്.

ഒരു കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി കഴിഞ്ഞ ദിവസം യുവാവിനെ പിടികൂടിയതും വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും വലിയ കുഴൽപ്പണ വേട്ടയായിരുന്നു ഇത്.

തോക്കും യുണിഫോമും ധരിച്ച് വിലസിയ ചെന്നൈ ക്യൂ ബ്രാഞ്ചിലെ വ്യാജ അസിസ്റ്റൻ്റ് കമ്മീഷണറെയും പിടികൂടി ജയിലിലടച്ചതും വി എ നിഷാദ് മോൻ്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

ചുരുങ്ങിയ കാലയളവിനുള്ളിൽ പ്രമാദമായ കേസുകളിലെ അന്വേഷണ മികവ് പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചത്.

എരുമേലി കരിങ്കല്ലുമുഴി സ്വദേശിയും വെട്ടിയാനിക്കൽ കുടുംബാംഗവും റിട്ടയേർഡ് അദ്ധ്യാപക ദമ്പതികളുടെ മകനുമായ നിഷാദ്‌മോൻ സബ് ഇൻസ്‌പെക്ടറായാണ് സർവീസിൽ പ്രവേശിച്ചത്.

പൊലീസ് സർവീസിൽ മികച്ച ട്രാക്ക് റെക്കോർഡുള്ള ഈ ഉദ്യോഗസ്ഥൻ പ്രമാദമായ പല കേസുകളുടെയും അന്വേഷണത്തിലൂടെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. മികച്ച കുറ്റാന്വേഷകനുള്ള ബാഡ്ജ് ഓഫ് ഹോണറിനു പുറമേ അൻപതിലധികം ഗുഡ് സർവ്വീസ് എൻട്രികളും നിഷാദ് മോന് ലഭിച്ചിട്ടുണ്ട്.

ചങ്ങനാശ്ശേരി സി ഐ ആയിരിക്കെ വിവാദമായ സോളാർ കേസിൽ നിർണായക അറസ്റ്റ് നടത്തിയതും, കുറിച്ചിയിൽ നിന്നും കാണാതായതും പിന്നീട് ചിങ്ങവനം പോലീസ് മിസിംഗിന് കേസെടുത്ത് എഴുതി തള്ളിയതുമായ അഞ്ജലിയുടെ കേസ് നാല് വർഷത്തിന് ശേഷം നിഷാദ് മോൻ ചങ്ങനാശേരി സിഐ ആയിരിക്കേയാണ് പുനരന്വേഷിച്ചതും കൊലപാതകമാണെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്തതും. അജ്ഞലിയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളിയതാണെന്ന് കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്ത സംഭവം അക്കാലത്ത് കോളിളക്കം സൃഷ്ടിച്ച വാർത്ത ആയിരുന്നു.

മല്ലപ്പള്ളി കല്ലൂപ്പാറയിൽ ക്ഷേത്രസുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തി താഴികക്കുടം കവർന്ന കേസ് അന്വേഷിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്തതും നിഷാദ് മോനായിരുുന്നു.
കറുകച്ചാൽ, തൃക്കൊടിത്താനം, ചങ്ങനാശേരി, ചിങ്ങവനം സ്റ്റേഷനുകളിൽ എസ് ഐ ആയും, മല്ലപ്പള്ളി,ചങ്ങനാശേരി, അമ്പലമുകൾ, കോട്ടയം വിജിലൻസ്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ സിഐ ആയും ജോലി ചെയ്തിട്ടുണ്ട്.

തുടർന്ന് ഡിവൈഎസ്പിയായി പ്രമോഷൻ ലഭിച്ച വി എ നിഷാദ് മോൻ ഇടുക്കി സ്പെഷ്യൽ ബ്രാഞ്ചിൽ ജോലി ചെയ്ത ശേഷമാണ് കട്ടപ്പനയിലേക്ക് സ്ഥലം മാറിയത്.

ഭാര്യ. രഹന എരുമേലി ചക്കാലക്കൽ കുടുംബാംഗം. മക്കൾ റൈഹാൻ, റൈന ഫാത്തിമ