play-sharp-fill
വിജയന്റെ മൃതദേഹം മൂന്നായി ഒടിച്ചുമടക്കി കാർഡ്ബോഡില്‍ പൊതിഞ്ഞ് ഇൻസുലേഷൻ ടേപ്പുകൊണ്ട് ഒട്ടിച്ചനിലയിൽ ;കുഞ്ഞിനെ കൊന്നത് ദുരഭിമാനത്തിന്റെപേരില്‍ ;  ഇടുക്കി കട്ടപ്പന ഇരട്ടക്കൊലക്കേസില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിനായി വീണ്ടും തിരച്ചില്‍ ആരംഭിച്ചു

വിജയന്റെ മൃതദേഹം മൂന്നായി ഒടിച്ചുമടക്കി കാർഡ്ബോഡില്‍ പൊതിഞ്ഞ് ഇൻസുലേഷൻ ടേപ്പുകൊണ്ട് ഒട്ടിച്ചനിലയിൽ ;കുഞ്ഞിനെ കൊന്നത് ദുരഭിമാനത്തിന്റെപേരില്‍ ;  ഇടുക്കി കട്ടപ്പന ഇരട്ടക്കൊലക്കേസില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിനായി വീണ്ടും തിരച്ചില്‍ ആരംഭിച്ചു

സ്വന്തം ലേഖകൻ

കട്ടപ്പന: കാഞ്ചിയാറിലെ ഇരട്ടക്കൊലക്കേസില്‍ നവജാത ശിശുവിന്റെ മൃതദേഹത്തിനായി വീണ്ടും തിരച്ചില്‍ ആരംഭിച്ചു. സാഗര ജങ്ഷന് സമീപത്തെ വീട്ടുവളപ്പിലെ തൊഴുത്ത് കുഴിച്ചാണ് വീണ്ടും പരിശോധന തുടങ്ങിയത്.

കഴിഞ്ഞദിവസം രാത്രി വൈകുവോളം ഇവിടെ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായിരുന്നില്ല. ഇതിനിടെ, കേസിലെ മുഖ്യപ്രതി നിതീഷ് മൊഴി മാറ്റിപ്പറഞ്ഞതും പോലീസിനെ കുഴക്കിയിരുന്നു. തൊഴുത്തില്‍ മറവുചെയ്ത മൃതദേഹം പിന്നീട് ആരുമറിയാതെ മറ്റൊരിടത്ത് കുഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ പുതിയ മൊഴി. എന്നാല്‍, പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് തൊഴുത്ത് പൊളിച്ച്‌ വീണ്ടും പരിശോധന തുടങ്ങിയത്. തൊഴുത്തിലെ കോണ്‍ക്രീറ്റ് നിലം മുഴുവനായി പൊളിച്ചുമാറ്റിയാണ് തിരച്ചില്‍ നടക്കുന്നത്. തിങ്കളാഴ്ച പരിശോധന ആരംഭിച്ചെങ്കിലും കേസിലെ പ്രതികളെ സ്ഥലത്ത് എത്തിച്ചിരുന്നില്ല.

കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കല്‍ വിജയനെയും (60) ഇദ്ദേഹത്തിന്റെ മകളുടെ നവജാതശിശുവിനെയുമാണ് കൊന്ന് കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ വിജയന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു. കക്കാട്ടുകടയിലെ വാടകവീട്ടിലെ തറ കുഴിച്ചാണ് മൃതദേഹം കണ്ടെത്തിയത്.

കൊല്ലപ്പെട്ട കുഞ്ഞിന്റെ അച്ഛനും കേസിലെ പ്രധാനപ്രതിയുമായ പാറക്കടവ് പുത്തൻപുരയ്ക്കല്‍ നിതീഷിന്റെ (രാജേഷ്-31) സാന്നിധ്യത്തിലായിരുന്നു കഴിഞ്ഞദിവസത്തെ പരിശോധന. കൊല്ലാനുപയോഗിച്ചെന്ന് കരുതുന്ന ചുറ്റികയും ഇവിടെനിന്ന് കണ്ടെത്തി. തുടർന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നതിനായി, വിജയനും കുടുംബവും മുമ്ബ് താമസിച്ചിരുന്ന സാഗര ജങ്ഷന് സമീപമുള്ള വീട്ടുവളപ്പില്‍ പരിശോധന ആരംഭിച്ചത്.

അച്ഛനെയും സഹോദരിയുടെ മകനെയും കൊന്നു എന്ന കേസില്‍ വിജയന്റെ മകൻ വിഷ്ണു(29)വും പ്രതിയാണ്. വിജയന്റെ ഭാര്യ സുമ(57)യുടെപേരിലും കേസുണ്ട്. കുഞ്ഞിന്റെ കൊലപാതകത്തില്‍ വിജയന് പങ്കുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

വിജയന്റെ മൃതദേഹം മൂന്നായി ഒടിച്ചുമടക്കി കാർഡ്ബോഡില്‍ പൊതിഞ്ഞ് ഇൻസുലേഷൻ ടേപ്പുകൊണ്ട് ഒട്ടിച്ചനിലയിലായിരുന്നു. അഞ്ചടി താഴ്ചയില്‍ കിടന്ന മൃതദേഹം 90 ശതമാനവും ദ്രവിച്ചു. പാന്റ്സും ഷർട്ടും ബെല്‍റ്റുമുണ്ടായിരുന്നു. തലയോട്ടി വേർപെട്ടുപോയി.

ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, കട്ടപ്പന ഡിവൈ.എസ്.പി. പി.ബി. ബേബി എന്നിവരുടെ സാന്നിധ്യത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. ലിസ തോമസ്, അസി. സർജൻ ജോമോൻ ജേക്കബ് എന്നിവർ മൃതദേഹം പരിശോധിച്ചു. പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

2016 ജൂലായിലാണ് ആദ്യകൊലപാതകം നടന്നത്. നിതീഷിന്, വിജയന്റെ മകളിലുണ്ടായ ആണ്‍കുട്ടിയെ ജനിച്ച്‌ ഏതാനും ദിവസങ്ങള്‍ക്കകം കൊന്നു എന്നാണ് കേസ്.

വിവാഹംകഴിക്കാതെ കുഞ്ഞുണ്ടായതിനാല്‍ ദുരഭിമാനത്തിന്റെപേരിലാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. നിതീഷാണ് കുഞ്ഞിനെ തുണി മുഖത്തുകെട്ടി ശ്വാസംമുട്ടിച്ച്‌ കൊന്നതെന്നും കുഞ്ഞിന്റെ കാലിലും കൈയിലും പിടിച്ചത് വിജയനും മകൻ വിഷ്ണുവുമായിരുന്നുവെന്നും കേസില്‍ പറയുന്നു. കുഞ്ഞിനെ സാഗര ജങ്ഷന് സമീപമുള്ള വിജയന്റെ വീട്ടില്‍ കുഴിച്ചിട്ടുവെന്നാണ് നിതീഷിന്റെ മൊഴി.

പിന്നീട് ഈ വീട് ഒരുകോടിയോളം രൂപയ്ക്ക് വിറ്റു. ഈ പണത്തിന്റെ വലിയൊരുപങ്ക് മന്ത്രവാദിയായ നിതീഷ്, പൂജാകർമങ്ങള്‍ക്ക് എന്നപേരില്‍ വാങ്ങിയിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് വിജയന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. 2023 ഓഗസ്റ്റിലാണിത് നടന്നത്. വിജയനെ ഷർട്ടിന്റെ കോളറില്‍ പിടിച്ച്‌ താഴെയിട്ടതിനുശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ച്‌ കൊല്ലുകയായിരുന്നു.

രണ്ടുദിവസത്തിനുശേഷമാണ് മൃതദേഹം വീടിന്റെ തറതുരന്ന് കുഴിച്ചിട്ടത്. മൃതദേഹം കുഴിച്ചിടാൻ സുമയും വിഷ്ണുവും കൂട്ടുനിന്നെന്നും നിതീഷ് മൊഴിനല്‍കിയിട്ടുണ്ട്.

മാർച്ച്‌ രണ്ടിന് കട്ടപ്പനയിലെ വർക്ഷോപ്പില്‍ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് നിതീഷും വിഷ്ണുവും പോലീസ് പിടിയിലായത്. ഇവരെ ചോദ്യംചെയ്ത കട്ടപ്പന സി.ഐ. എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.