play-sharp-fill
മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന കാശ്മീര്‍..! ആ മ‍ഞ്ഞിന് നടുവിലൂടെ കൊതിതീരെയുള്ള യാത്ര; വെറും 19040 രൂപയ്ക്ക് ഏഴ് പകല്‍ കാശ്മീരില്‍ കറങ്ങാം;  കിടിലന്‍ പാക്കേജുമായി ഐആര്‍സിടിസി

മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന കാശ്മീര്‍..! ആ മ‍ഞ്ഞിന് നടുവിലൂടെ കൊതിതീരെയുള്ള യാത്ര; വെറും 19040 രൂപയ്ക്ക് ഏഴ് പകല്‍ കാശ്മീരില്‍ കറങ്ങാം; കിടിലന്‍ പാക്കേജുമായി ഐആര്‍സിടിസി

സ്വന്തം ലേഖിക

കോട്ടയം: കാശ്മീരിലേക്കൊരു യാത്ര എന്നാലോചിക്കുമ്പോള്‍ തന്നെ സഞ്ചാരികളുളെ ഉള്ളിലെ ആഗ്രഹം മഞ്ഞുപൊതിഞ്ഞു നില്‍ക്കുന്ന കുറെ നിമിഷങ്ങൾ തന്നെയാണ്.


എന്നാല്‍ സാധാരണക്കാരായ ആളുകളെ സംബന്ധിച്ചെടുത്തോളം കാശ്മീര്‍ വരെ പോയിവരിക എന്നത് ചിലപ്പോള്‍ പോക്കറ്റ് കാലിയാക്കുന്ന ഒരു യാത്രയായിരിക്കും. കാശ്മീര്‍ യാത്രകള്‍ വളരെ കുറഞ്ഞ ചിലവില്‍ പോകുവാനാഗ്രഹിക്കുന്നവര്‍ക്കായി ഐആര്‍സിടിസി ഒരു പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോക്കറ്റ് കാലിയാക്കില്ല എന്നു മാത്രമല്ല, കാശ്മീരിലെ പ്രധാന കാഴ്ചകളെല്ലാം ഉള്‍പ്പെടുത്തി പ്ലാന്‍ ചെയ്തിരിക്കുന്ന യാത്ര നിങ്ങളുടെ കാശ്മീര്‍ സ്വപ്നങ്ങളെ പൂവണിയിപ്പിക്കുകയും ചെയ്യും… ഇതാ പാക്കേജിനെക്കുറിച്ച്‌ വിശദമായി വായിക്കാം.

കാശ്മീര്‍ യാത്രകളില്‍ ആളുകള്‍ കൂടുതലും ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ആയുള്ള പാക്കേജുകള്‍ക്കാണ് പ്രാധാന്യം നല്കുന്നത്. എത്ര ബജറ്റ് ഫ്രണ്ട്ലിയെന്ന് അവകാശപ്പെട്ടാല്‍ പോലും പോക്കറ്റ് കീറുന്ന പാക്കേജുകളല്ലാത്ത, ഒരു പാക്കേജാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് -IRCTC- കൊണ്ടുവന്നിരിക്കുന്നത്.

കാശ്മീരിലെ പ്രധാന ഇടങ്ങളെല്ലാം സന്ദര്‍ശിക്കുവാന്‍ സാധിക്കുന്ന യാത്ര നിങ്ങളുടെ കാശ്മീര്‍ യാത്രാ മോഹങ്ങളെ സഫലമാക്കും.

ശ്രീനഗര്‍-ഗുല്‍മാര്‍ഗ്-പഹല്‍ഗാം-സോന്മാര്‍ഗ് പാക്കേജ്:

NCH13 എന്നു പേരിട്ടിരിക്കുന്ന ഈ യാത്രയില്‍ ശ്രീനഗര്‍,ഗുല്‍മാര്‍ഗ്,പഹല്‍ഗാം,സോന്മാര്‍ഗ് എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. ഇവിടങ്ങളിലെ പ്രധാന കാഴ്ചകളെല്ലാം സമയമെടുത്ത് ആസ്വദിക്കുവാന്‍ ഈ പാക്കേജ് വഴി സാധിക്കും. ആറ് രാത്രിയും ഏഴ് പകലും നീണ്ടു നില്‍ക്കുന്ന പാക്കേജാണിത്. സാധാരണ പാക്കേജുകള്‍ക്ക് കാശ്മീരിലേക്കുള്ള യാത്രയടക്കം ആയിരിക്കും 7 പകല്‍ വരെ ലഭ്യമാവുക. ഈ പാക്കേജില്‍ ഒന്നാമത്തെ ദിവസം മുതല്‍ ഏഴാമത്തെ ദിവസം വരെ കാശ്മീരില്‍ തന്നെയാണ് ചിലവഴിക്കുന്നത്.

യാത്രയുടെ ഒന്നാം ദിവസവും രണ്ടാം ദിവസവും:

യാത്രയുടെ ആദ്യ ദിവസം എയര്‍പോര്‍ട്ടിലോ, റെയില്‍വേ സ്റ്റേഷനിലോ എത്തുന്ന നിങ്ങളെ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതു മുതല്‍ പാക്കേജ് ആരംഭിക്കും. ആദ്യ ദിവസം രാത്രി ഭക്ഷണം മാത്രമേ പാക്കേജനുസരിച്ച്‌ ലഭിക്കുകയുള്ളൂ. അന്ന് രാത്രി താമസം ഹോട്ടലില്‍ ആണ്

യാത്രയുടെ രണ്ടാമത്തെ ദിവസം ഇവിടുത്തെ മുഗള്‍ ഗാര്‍ഡനുകളാണ് സന്ദര്‍ശിക്കുന്നത്. രൂപകല്പനയിലും കാഴ്ചയിലും ഒരുപോലെ വിസ്മയിപ്പിക്കുന്നവയാണ് ഇവ. നിഷാത്, ഷാലിമാര്‍, ചഷ്മേ ഷാഹി അഥവാ ചാമ ഐ ഷാഹി എന്നിവയാണ് സന്ദര്‍ശിക്കുന്നത്. അതിനു ശേഷം നേരെ പ്രസിദ്ധമായ ശങ്കരാചാര്യ ക്ഷേത്രം സന്ദര്‍ശിക്കും. ശ്രീനഗറിലെ സബര്‍വാന്‍ റേഞ്ചിലാണ് ജ്യേഷ്‌ഠേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന ശങ്കരാചാര്യ ക്ഷേത്രം ഇവിടുത്തെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രം കൂടിയാണ്. സമുദ്രനിരപ്പില്‍ നിന്നും ആയിരം അ‌ടി ഉയരത്തിലുള്ള ക്ഷേത്രം നഗരത്തിനഭിമുഖമായാണ് നില്‍ക്കുന്നത്.

മൂന്നാം ദിവസം

കാശ്മീര്‍ യാത്രയുടെ മൂന്നാം ദിവസം സന്ദര്‍ശിക്കുന്നത് ഗുല്‍മാര്‍ഗാണ്. രാവിലെ ഭക്ഷത്തിനു ശേഷം നേരെ പൂക്കളുടെ മേട് എന്നറിയപ്പെടുന്ന ഗുല്‍മാര്‍ഗിലേക്ക് തിരിക്കും. ശ്രീനഗറില്‍ നിന്നും ഏകദേശം ഒരു മണിക്കൂറാണ് ഒരു പകല്‍ മുഴുവനും ഇവിടെ ചിലവഴിക്കും. ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള ഗോള്‍ഫ് കോഴ്സ് ഗുല്‍മാര്‍ഗില്‍ കാണാം. കാണുവാനുള്ള ഒരുപാട് കാഴ്ചകള്‍ ഇവിടെയുണ്ട്. ആല്‍പതര്‍ തടാകവും ഗുല്‍മാര്‍ഗിലെ സെന്റ് മേരീസ് പള്ളിയും നിര്‍ബന്ധമായും കാണുവാന്‍ ശ്രമിക്കുക. ഇവിടുത്തെ പ്രസിദ്ധമായ കുതിര സവാരിയും കേബിള്‍ കാര്‍ റൈഡും സ്വന്തം ചിലവില്‍ വേണമെങ്കില്‍ ആസ്വദിക്കാം. രാത്രി തിരികെ ഹോട്ടലിലേക്ക് മടങ്ങിവരും

നാലാം ദിവസം

യാത്രയിലെ നാലാമത്തെ ദിവസം പഹല്‍ഗാമിലേക്കാണ് യാത്ര. രാവിലെ ഭക്ഷത്തിനു ശേഷം യാത്ര തുടങ്ങും. വഴിമധ്യേ, പ്രസിദ്ധമായ കുങ്കുമപ്പാടങ്ങളും അവന്തിപുരയലെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കുവാനും അവസരമുണ്ട്. കാശ്മീരില്‍ ഏറ്റവും വ്യത്യസ്തമായ യാത്രാനുഭവം നല്കുന്ന സ്ഥലങ്ങളിലൊന്നാണ് പഹല്‍ഗാം. ഫോട്ടോഗ്രഫിയില്‍ നിങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഫോണിലെ ഗാലറികളെ നിറയ്ക്കുവാന്‍മാത്രം ചിത്രങ്ങള്‍ ഇവിടെനിന്നും പകര്‍ത്താം. അതിനു ശേഷം വൈകുന്നേരത്തോടുകൂടി ശ്രീനഗറിലേക്ക് മടങ്ങും.

അഞ്ചാം ദിവസം

സ്വര്‍ണ്ണത്തിന്‍റെ താഴ്വര എന്നറിയപ്പെടുന്ന സോന്മാര്‍ഗ്ഗിലേക്കാണ് അഞ്ചാമത്തെ ദിവസത്തെ യാത്ര. ഭക്ഷണത്തിനു ശേഷം പുറപ്പെടുന്ന യാത്ര സോന്മാര്‍ഗിലെത്തുവാന്‍ മൂന്നു മണിക്കൂര്‍ സമയമെടുക്കും. ഇവിടെ ചെന്നുകഴിയുമ്പോള്‍, നിങ്ങളുടെ മനസ്സിലുള്ള കാശ്മീരിനെ നേരിട്ടു കാണുവാന്‍ പോവുകയാണ് എന്ന ഓര്‍മ്മയില്‍ വേണം കാഴ്ചകളിലേക്ക് ഇറങ്ങിച്ചെല്ലുവാന്‍. ഇവിടുത്തെ താജിവാസ് ഗ്ലേസിയര്‍ നിങ്ങള്‍ക്ക് സ്വന്തം ചിലവില്‍ സന്ദര്‍ശിക്കാം. അതിനു ശേഷം അത്താഴം കഴിക്കും. രാത്രി താമസവും ഭക്ഷണവും സോന്മാര്‍ഗിലെ ഹോട്ടലില്‍ നിന്നായിരിക്കും.

ആറാം ദിവസവും ഏഴാം ദിവസവും

യാത്രയില്‍ ചെന്നിറങ്ങിയ ശ്രീനഗറിലെ കാഴ്ചകള്‍ കാണുവാനാണ് ആറാം ദിവസം ഉപയോഗപ്പെടുത്തുന്നത്. രാവിലെ തന്നെ സോന്മാര്‍ഗില്‍ നിന്നും ശ്രീനഗറിലേക്ക് വരും. നേരെ ഹൗസ് ബോട്ടിലേക്കാണ് പോകുന്നത്. ഉച്ച കഴിഞ്ഞ് ഷിക്കാര ബോട്ടില്‍ യാത്ര നടത്താം. രാത്രിയിലെ താമസവും ദാല്‍ തടാകത്തിലെ ഷിക്കാര വള്ളത്തിലായിരിക്കും.
ഏഴാം ദിവസം യാത്രയുടെ അവസാന ദിവസമാണ്. പ്രഭാത ഭക്ഷണത്തിനു ശേഷം ചെക്ക് ഔട്ട് ചെയ്ത് നേരെ നിങ്ങളെ എയര്‍പോര്‍ട്ടിലോ റെയില്‍വേ സ്റ്റേഷനിലോ എത്തിക്കും.

ടിക്കറ്റ് നിരക്ക്

സീസണനുസരിച്ച്‌ രണ്ടു തരത്തിലുള്ള ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ ഐആര്‍സിടിസി ഈ പാക്കേജിന് ലഭ്യമാക്കിയിരിക്കുന്നത്.
ലീന്‍ സീസണ്‍ – 16 നവംബര്‍ മുതല്‍ 15 ഡിസംബര്‍ വരെ, 02 ജനുവരി 2023 മുതല്‍ 31 മാര്‍ച്ച്‌ വരെ, 01 ഓഗസ്റ്റ് മുതല്‍ 15 ഒക്ടോബര്‍ വരെ.

ലീന്‍ സീസണ്‍ യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 45345/-രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 22480/- രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 19040/- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 16160/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 11330/- രൂപയും ആണ്.

പീക്ക് സീസണ്‍

(16 ഡിസംബര്‍ മുതല്‍ 01 ജനുവരി വരെ, ഏപ്രില്‍ 01 മുതല്‍ ജൂലൈ 31 വരെ, 16 ഒക്ടോബര്‍ മുതല്‍ 15 നവംബര്‍ വരെ)

പീക്ക് സീസണ്‍ യാത്രയില്‍ സിംഗിള്‍ ഒക്യുപന്‍സിക്ക് 47835/- രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 23965/-രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 20030/- രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 16160/- രൂപയും ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 11330/- രൂപയും ആണ്.

ടിക്കറ്റ് ബുക്കിങ്

ടിക്കറ്റ് ബുക്കിങ്ങിനായി 8595930980, 8595930981, 8595930955 എന്നീ മൊബൈല്‍ നമ്ബറുകളിലും 0172-4645795 എന്ന ടെലിഫോണ്‍ നമ്ബറിലും ബന്ധപ്പെടാം. ഓര്‍മ്മിക്കുക, നിങ്ങള്‍ കാശ്മീരില്‍ സ്വന്തം ചിലവില്‍ വേണം എത്തുവാന്‍. കാശ്മീരില്‍ നിന്നു നിങ്ങളെ സ്വീകരിക്കുന്നതു മുതലാണ് ഈ പാക്കേജ് ആരംഭിക്കുന്നത്.

കേരളത്തില്‍ നിന്നും കാശ്മീരിലേക്ക്

കേരളത്തില്‍ നിന്നും കാശ്മീരിലേക്ക് ഹിമസാഗര്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തുന്നു. കന്യാകുമാരിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ശ്രീമാതാ വൈഷ്ണോദേവീ കത്ര സ്റ്റേഷന്‍ വരെയാണുള്ളത്. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ദൂരം യാത്രചെയ്യുന്ന രണ്ടാമത്തെ ട്രെയിനാണ് ഹിമസാഗര്‍ എക്സ്പ്രസ്സ്. എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് 2.15ന് (14:15)
കന്യാകുമാരിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം ജംങ്ഷന്‍, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവാ, തൃശൂര്‍, ഒറ്റപ്പാലം പാലക്കാട് എന്നീ സ്റ്റേഷനുകളിലൂടെ കടന്ന് കോയമ്ബത്തൂര്‍ ജംഗ്ഷന്‍, തിരുപ്പതി, ന്യുഡല്‍ഹി വഴിയാണ് പോകുന്നത്. 70 മണിക്കൂറിനടുത്ത് യാത്രാസമയമുണ്ട് കന്യാകുമാരിയില്‍ നിന്നും ഇവിടേക്ക്.

ടിക്കറ്റ് നിരക്ക്

കന്യാകുമാരിയില്‍ നിന്നും ജമ്മു താവിയിലേക്ക് സ്ലീപ്പര്‍ ടിക്കറ്റിന് 1070 രൂപയും എസി ത്രീ ടയറിന് 2765 രൂപയും എസി ടൂ ടയറിന് 4095 രൂപയുമാണ് നിരക്ക്. 3715 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന ഈ തീവണ്ടി 11 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു.