കറുകച്ചാലിൽ വ്യാപാരിയെ കുത്തി വീഴ്ത്തി അരലക്ഷം രൂപയും സ്വർണമാലയും കവർന്ന മൂന്നു പ്രതികൾ പിടിയിൽ; പിടിയിലായവർ സ്ഥിരം ക്രിമിനൽക്കേസ് പ്രതികൾ; മോഷണം നടത്തിയത് കേസിന് പണം കണ്ടെത്താൻ

കറുകച്ചാലിൽ വ്യാപാരിയെ കുത്തി വീഴ്ത്തി അരലക്ഷം രൂപയും സ്വർണമാലയും കവർന്ന മൂന്നു പ്രതികൾ പിടിയിൽ; പിടിയിലായവർ സ്ഥിരം ക്രിമിനൽക്കേസ് പ്രതികൾ; മോഷണം നടത്തിയത് കേസിന് പണം കണ്ടെത്താൻ

ക്രൈം ഡെസ്‌ക്
കോട്ടയം: കറുകച്ചാലിൽ വ്യാപാരിയെ കുത്തിവീഴ്ത്തി അരലക്ഷത്തോളം രൂപയും, സ്വർണ്ണമാലയും കവർന്ന കേസിൽ മൂന്നു പ്രതികൾ പൊലീസ് പിടിയിലായി.
കങ്ങഴ കൊറ്റൻചിറ തകിടിയേൽ വീട്ടിൽ അബിൻ (21), വെള്ളാവൂർ ചെറുവള്ളി വാഹനാനി വീട്ടിൽ ഹരീഷ് (24) വെള്ളാവൂർ താഴത്തുവടകര നെയ്യുണ്ണിൽ വീട്ടിൽ ജോബിൻ ജോസഫ് (21) എന്നിവരെയാണ് കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.സലിം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തരയോടെയാണ് കറുകച്ചാൽ ഇടയരിക്കപ്പുഴയിൽ വ്യാപാരിയായ ബേബിക്കുട്ടിയെ വീട്ടിലേയ്ക്കുള്ള വഴിയിൽ കുത്തി വീഴ്ത്തിയ ശേഷം ഇയാളുടെ കഴുത്തിൽക്കിടന്ന സ്വർണമാലയും പണവും മോഷ്ടിച്ചത്.
അബോധാവസ്ഥയിലായ ബേബിക്കുട്ടി എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിൽ പിടിയിലായവരെല്ലാം സ്ഥിരം കുറ്റവാളികളാണ്.
വധശ്രമവും, മോഷണവും, കഞ്ചാവ് കച്ചവടവും അടക്കമുള്ള കേസുകളിൽ പ്രതികളാണ് ഇവരെല്ലാം. തമിഴ്‌നാട്ടിൽ അടക്കം ഇവർക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ കട അടച്ച ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന ബേബിക്കുട്ടിയെ കാട്ടിൽ പതുങ്ങിയിരുന്ന അക്രമി സംഘം കുത്തി വീഴ്ത്തുകയായിരുന്നു.
സിസിടിവി ക്യാമറയുടെയോ, ദൃക്‌സാക്ഷികളോ കേസിലുണ്ടായിരുന്നില്ല. കുത്തേറ്റ ബേബിക്കുട്ടിയാകട്ടെ രണ്ടു ദിവസമായി അബോധാവസ്ഥയിലാണ്.
എന്നാൽ, പൊലീസ് നടത്തിയ നിർണ്ണായകമായ അന്വേഷണമാണ് കേസിലെ പ്രതികളെ കുടുക്കിയത്.
സമാന രീതിയിൽ മുൻപ് ക്രിമിനൽ കേസുകളിലും മോഷണക്കേസുകളിലും പ്രതികളായവരുടെ പട്ടിക പൊലീസ് ആദ്യം തയ്യാറാക്കി. തുടർന്ന് ഇതിൽ അടുത്തിടെ പുറത്തിറങ്ങിയവരെ കണ്ടെത്തി.
തുടർന്ന് ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ അടക്കമുള്ളവ പൊലീസ് നിരീക്ഷിച്ചു. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു നിരീക്ഷണം. ഇതിനു ശേഷം പ്രതികളെ രഹസ്യമായി പിൻതുടർന്നു.
തുടർന്ന് കഞ്ചാവ് വിൽപ്പനക്കാരാണെന്ന വ്യാജേനെ പൊലീസ് സംഘം പ്രതികളെ ബന്ധപ്പെട്ടു.
കഞ്ചാവ് വാങ്ങുന്നതിനായി പ്രതികൾ പൊലീസിനെ സമീപിച്ചതോടെ ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെ കറുകച്ചാൽ ടൗണിൽ വച്ച് പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ചങ്ങനാശേരി ഡിവൈഎസ്പി എസ്.സുരേഷ്‌കുമാർ,  കറുകച്ചാൽ എസ്‌ഐ രാജേഷ്‌കുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘാംഗങ്ങളായ എ.എസ്.ഐ ഷിബുക്കുട്ടൻ, സിവിൽ പൊലീസ് ഓഫിസർ ശ്യാം എസ്.നായർ, സിവിൽ പൊലീസ് ഓഫിസർ സ്വരാജ്, വിനീത്, ആന്റണി, സഞ്‌ജോ, രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.
പൊലീസ് സംഘത്തെക്കണ്ട് പ്രതികൾ കയ്യിലുണ്ടായിരുന്ന സ്വർണമാലയും പണവും വലിച്ചെറിഞ്ഞു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം പണവും സ്വർണവും കണ്ടെത്താൻ അന്വേഷണം നടത്തും.