മിണ്ടരുത് മിണ്ടിയാൽ തോക്കെടുത്ത് വെടിവയ്ക്കും; മലയാളികളോട് കർണാടക പൊലീസിന്റെ ഭീഷണി; ആശുപത്രിയിൽ എത്താനാവാതെ സംസ്ഥാനത്ത് പൊലിഞ്ഞത് ഏഴ് ജീവനുകൾ

മിണ്ടരുത് മിണ്ടിയാൽ തോക്കെടുത്ത് വെടിവയ്ക്കും; മലയാളികളോട് കർണാടക പൊലീസിന്റെ ഭീഷണി; ആശുപത്രിയിൽ എത്താനാവാതെ സംസ്ഥാനത്ത് പൊലിഞ്ഞത് ഏഴ് ജീവനുകൾ

സ്വന്തം ലേഖകൻ

കാസർകോട്: കർണാടക സർക്കാരിന്റെ പിടിവാശിമൂലം സംസ്ഥാനത്തിന് നഷ്ടമായത് ഒന്നോ രണ്ടോ ആളുകൾ അല്ല ഏഴു പേരാണ് വിദഗ്ദ്ധ ചികിത്സ ലഭിക്കാതെ ഇതുവരെ മരിച്ചത്. ഇനി എത്ര ജീവൻ നഷ്ടപ്പെട്ടാലാണ് ഇതിന് പരിഹാരം കണ്ടെത്തുന്നതാണെന്ന് ഉയരുന്ന ചോദ്യം .

 

കൊറോണ രോഗം പടരുന്നതിന്റെ പശ്ചാത്തലത്തിൽ തലപ്പാടി ദേശീയപാത അടച്ചുപൂട്ടി കർണാടക നടത്തുന്ന ക്രൂരത കാരണം വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ച കാസർകോട്ടുകാരുടെ എണ്ണം ദിവസം കഴിയുന്തോറും വർദ്ധിച്ചു വരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ രോഗികൾ പ്രധാനമായും ചികിത്സയ്ക്കായി ആശ്രയിക്കുന്നത് മംഗളൂരുവിലെ പത്തോളം സ്വകാര്യ ആശുപത്രികളെയാണ്. അവശനിലയിൽ മംഗളൂരുവിലെ ആശുപത്രികളിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന രോഗികളെ അതിർത്തിയിൽ തടഞ്ഞു തിരിച്ചയക്കുകയാണ് കർണാടക പൊലീസ്.

 

 

കരഞ്ഞു പറഞ്ഞു കാലു പിടിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആണ് കർണാടക പൊലീസ് തടയുന്നതും പെരുമാറുന്നത്.അധികം മിണ്ടിയാൽ തോക്കെടുത്ത് വെടിവയ്ക്കും എന്നാണ് പുതിയ ഭീഷണി ഉയർത്തുന്നത്. മഞ്ചേശ്വരം തുമ്മിനാട് സ്വദേശിനി ബേബി (56) മഞ്ചേശ്വരത്തെ ശേഖർ (49) എന്നിവരാണ് ഇന്നലെ മരിച്ചത്.

അതിർത്തിയിൽ നിന്നും തിരിച്ചയച്ച ഇരുവരും മതിയായ ചികിത്സ കിട്ടാതെ മരണപ്പെടുകയായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ശേഖർ. മംഗളൂരുവിൽ പോയി ചികിത്സ തേടാൻ കഴിയാതെ തിങ്കളാഴ്ച രണ്ട് പേർ മരിച്ചിരുന്നു.

കുഞ്ചത്തൂരിലെ മാധവ (49) കുഞ്ചത്തൂരിലെ ആയിഷ (58) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലേക്കുള്ള അതിർത്തി അടച്ചതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കാണ് മാധവനെ കൊണ്ടുപോയത്. വഴിമധ്യേ ആംബുലൻസിൽ വച്ച് മാധവ മരണമടയുകയായിരുന്നു.

ആയിഷയെ അത്യാസന്ന നിലയിൽ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ നില അതീവ ഗുരുതരമായതിനാൽ ഇവരെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചു. ഇത് സാധ്യമല്ലാത്തതിനാൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഉദുമയിൽ വച്ച് മരണം സംഭവിച്ചു.

 

മംഗളൂരു ബി.സി റോഡിലെ ഫാത്തിമ എന്ന പാത്തുഞ്ഞി (93), മഞ്ചേശ്വരത്തെ അബ്ദുൽ ഹമീദ്, ഉപ്പള ഗേറ്റിലെ അബ്ദുൽ സലാം (65) എന്നിവരാണ് കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ കർണാടകയുടെ കടുത്ത നിലപാടുമൂലം ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയത്.

 

ഏഴുപേർ മരിച്ചിട്ടും എടുത്ത നിലപാട് പുന:പരിശോധിക്കാൻ പോലും കർണാടക തയ്യാറാകുന്നില്ല. കർണാടകയിൽ നിന്നുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പ്രശ്‌നം എത്രയും വേഗം പരിഹരിച്ചിട്ട് വിളിക്കാമെന്ന് ഉറപ്പു നൽകിയിട്ട് ഇതുവരെ മറുപടി തന്നില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്.

 

അതിർത്തി അടച്ചുപൂട്ടിയ വിഷയത്തിൽ ഹൈക്കോടതിയുടെ വിധി ഇന്ന് ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.കേരളവും ആയുള്ള അതിർത്തികൾ തുറക്കാൻ കർണാടകത്തോട് നിർദേശിക്കണം എന്ന് ആവശ്യപ്പെട്ട് കാസർകോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താൻ സുപ്രീം കോടതിയെ സമീപിച്ചു. അവശ്യ സർവ്വീസുകൾ, ചരക്ക് നീക്കം എന്നിവയ്ക്ക് റോഡുകൾ തുറക്കാൻ നിർദേശിക്കണം എന്ന് ആവശ്യപ്പെട്ടാണ് റിട്ട് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

 

കേരളവും ആയുള്ള അതിർത്തി അടയ്ക്കാനുള്ള കർണാടക സർക്കാരിന്റെ നടപടി ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാൻ ഉള്ള അവകാശത്തിന്റെ ലംഘനം ആണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന റിട്ട് ഹർജിയിൽ രാജ് മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടുന്നു.

 

ഇരു സംസ്ഥാനങ്ങലും കടന്ന് പോകുന്ന റോഡുകളിൽ ചിലത് കേരളത്തിന്റെ ജീവ നാഡി ആണ്. എന്നാൽ ഏകപക്ഷീയം ആയാണ് കർണാടകം ഈ റോഡുകൾ അടച്ചത്. ആംബുലൻസുകൾ ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകളും അവശ്യ വസ്തുക്കൾ ഉൾപ്പടെ എല്ലാ ചരക്കുകളും കൊണ്ട് പോകാൻ റോഡുകൾ തുറക്കാൻ കർണാടകത്തോട് നിർദേശിക്കണം എന്നും ഉണ്ണിത്താൻ ആവശ്യപെടുന്നു.

 

അതിർത്തി അടച്ചതിനെ തുടർന്ന് രണ്ട് പേരുടെ മരണത്തിന് ഇടയായ സംഭവത്തെ കുറിച്ച് കേസ് രെജിസ്റ്റർ ചെയ്തത് അന്വേഷിക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. .റിട്ട് ഹർജി അടിയന്തിരമായി പരിഗണിക്കണം എന്ന് ഉണ്ണിത്താന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ സുപ്രീം കോടതി രെജിസ്ട്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം കോടതി അംഗീകരിച്ചാൽ സുപ്രീം കോടതി വീഡിയോ കോൺഫെറെൻസിലൂടെ കേൾക്കുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ഹർജി ആകും ഉണ്ണിത്താന്റേത് ആയിരിക്കും.