play-sharp-fill
പരിശോധിച്ച് പരിശോധിച്ച് അവസാനം വിമാനത്താവളത്തിൽ പെട്ടുപോയ അവസ്ഥയിൽ കുടുംബം; സ്വകാര്യ ലാബിൽ ചെയ്ത രണ്ട് ആർടിപിസിആർ പരിശോധനയിലും ഫലം നെഗറ്റീവ്, കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ പോസിറ്റീവ്, അവസാനം ദുബായി യാത്രയും മുടങ്ങി; ടിക്കറ്റിനുള്ള ഒന്നരലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു; പരാതിയുമായി യുവതിയും മക്കളും

പരിശോധിച്ച് പരിശോധിച്ച് അവസാനം വിമാനത്താവളത്തിൽ പെട്ടുപോയ അവസ്ഥയിൽ കുടുംബം; സ്വകാര്യ ലാബിൽ ചെയ്ത രണ്ട് ആർടിപിസിആർ പരിശോധനയിലും ഫലം നെഗറ്റീവ്, കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ പോസിറ്റീവ്, അവസാനം ദുബായി യാത്രയും മുടങ്ങി; ടിക്കറ്റിനുള്ള ഒന്നരലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു; പരാതിയുമായി യുവതിയും മക്കളും

സ്വന്തം ലേഖകൻ

കോഴിക്കോട്: സ്വകാര്യ ലാബില്‍ മണിക്കൂറുകള്‍ വ്യത്യാസത്തില്‍ യുവതിയും മക്കളും രണ്ടു തവണ കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നടത്തിയിരുന്നു. രണ്ടും നെഗറ്റീവായിരുന്നു ഫലം. പരിശോധന ഫലം അനുകൂലമായതിന്റെ ആശ്വാസത്തിലാണ് ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ രാത്രി യാത്രതിരിക്കാന്‍ മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നടത്തിയ റാപിഡ് പിസിആര്‍ പരിശോധനയില്‍ കാണിച്ചത് കോവിഡ് പോസിറ്റീവെന്നും.

യാത്ര മുടങ്ങി ദുരിതത്തിലായ കുടുംബം അര്‍ദ്ധരാത്രിയില്‍ വീട്ടിലേക്ക് മടങ്ങേണ്ടി വന്നു. തൊട്ടടുത്ത ദിവസം വീണ്ടും റാപിഡ് പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ്. കോവിഡ് പരിശോധന ഫലങ്ങളിലെ വ്യത്യാസം മൂലം ദുരിതത്തിലായ കുടുംബത്തിന് യാത്ര മുടങ്ങിയതിനൊപ്പം ടിക്കറ്റിനായി ചെലവിട്ട പണവും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇവരെ അര്‍ധരാത്രി വിമാനത്താവളത്തില്‍നിന്നും പുറത്താക്കിയെന്നും ആക്ഷപം ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് അരീക്കാട് സ്വദേശിയായ വീട്ടമ്മ റുക്‌സാനയും മൂന്നു കുട്ടികളുമാണ് ദുബായിലേക്കുള്ള യാത്ര മുടങ്ങി കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും അര്‍ധരാത്രിയോടെ മടങ്ങേണ്ടി വന്നത്. ദുബായില്‍ ഐടി കമ്പനിയില്‍ ജീവനക്കാരനായ ഭര്‍ത്താവിനടുത്തേക്കു പോകാനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്ര ബിസിനസ് ക്ലാസിലായതിനാല്‍ ഒന്നരലക്ഷത്തോളം രൂപ ടിക്കറ്റിനായി ഓണ്‍ലൈനില്‍ നല്‍കി. ഫെബ്രുവരി രണ്ടിനു രാത്രി 11 മണിക്ക് കരിപ്പൂരില്‍ നിന്നായിരുന്നു വിമാനം.

ദുബായിലേക്ക് പുറപ്പെടും മുന്‍പ് റാപിഡ് പിസിആര്‍ പരിശോധനാ ഫലം നിര്‍ബന്ധമായതിനാല്‍ കോവിഡ് ഇല്ലെന്ന് ഉറപ്പിക്കാന്‍ അരയിടത്തുപാലത്തെ സ്വകാര്യ ലാബില്‍ നിന്നും യുവതിയും കുട്ടികളും ജനുവരി 31നു വൈകിട്ട് 7.30നും ഫെബ്രുവരി ഒന്നിനു രാത്രി 8.45 നും ആര്‍ടിപിസിആര്‍ പരിശോധന നടത്തി. രണ്ടിലും നെഗറ്റീവ് എന്ന് ഫലം ലഭിച്ചു. യാത്രപുറപ്പെടേണ്ട ഫെബ്രുവരി രണ്ടിനു കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രി 7.11 ന് ഇതേ സ്ഥാപനത്തിന്റെ ലാബില്‍ റാപിഡ് പിസിആര്‍ ടെസ്റ്റ് നടത്തി. യാത്ര പുറപ്പെടാന്‍ മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ലഭിച്ച ഫലം പോസിറ്റീവ്.

മണിക്കൂറുകള്‍ക്കിടയില്‍ രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലെ വൈരുധ്യം ചോദിച്ചപ്പോള്‍ ലാബ് അധികൃതര്‍ കൈമലര്‍ത്തി. തുടര്‍ന്ന് വിമാനകമ്പനി പ്രതിനിധികളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണെടുത്തില്ലെന്നും യുവതി പറഞ്ഞു. ഒടുവില്‍ വിമാനം പുറപ്പെട്ടതോടെ യുവതിയേയും കുട്ടികളേയും വിമാനത്താവളത്തില്‍നിന്നും പുറത്താക്കി.
അര്‍ധരാത്രിയോടെയാണ് എന്തുചെയ്യണമെന്നറിയാതെ ഇവര്‍ വീട്ടിലേക്കു മടങ്ങിയത്. രാവിലെ വീണ്ടും വിമാനക്കമ്ബനി അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് സ്വകാര്യ ലാബിലെ പരിശോധനയില്‍ സംശയം തോന്നി കോഴിക്കോട് നഗരത്തിലെ ലാബില്‍ ഇവര്‍ വീണ്ടും റാപിഡ് പിസിആര്‍ ടെസ്റ്റ് നടത്തി. വൈകീട്ട് ഫലം വന്നപ്പോള്‍ നെഗറ്റീവ്.

സ്വകാര്യ ലാബുകളിലെ മണിക്കൂറുകള്‍ മാത്രം വ്യത്യാസത്തില്‍ നടത്തുന്ന പരിശോധനകളില്‍ കോവിഡ് വൈറസ് റിപ്പോര്‍ട്ട് മാറിവരുന്ന സാഹചര്യം അന്വേഷിക്കണമെന്നും വിദേശ യാത്രയ്ക്ക് പോകുന്ന യുവതികളുടെ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസിനും കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്കും പരാതി നല്‍കിയതായി റുക്‌സാന പറഞ്ഞു.